|    Aug 20 Sun, 2017 7:11 pm
FLASH NEWS

കവുങ്ങില്‍ നിന്നു ടൈല്‍; നൂതന സാങ്കേതികവിദ്യയുമായി അഞ്ചാംക്ലാസുകാരന്‍

Published : 15th November 2016 | Posted By: SMR

കല്‍പ്പറ്റ: കവങ്ങുതടിയില്‍ നിന്ന് ടൈല്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യയുമായി പത്തുവയസ്സുകാരന്‍. മുട്ടില്‍ ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ദിദുല്‍ എല്‍ദോയുടേതാണ് കേരളത്തിന്റെ വ്യാവസായിക വികസനത്തില്‍ മുതല്‍ക്കൂട്ടാക്കാവുന്ന സാങ്കേതികവിദ്യ. അടക്കാത്തൊണ്ട് കിടക്ക, കുഷ്യന്‍ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്ന വിദ്യയും ഈ ബാലന്‍ വികസിപ്പിച്ചു. ബോറിക് ആസിഡ്, ബോറാമിന്‍, വെള്ളം എന്നിവ നിശ്ചിത അനുപാതത്തില്‍ കലര്‍ത്തി തയ്യാറാക്കുന്ന ദ്രാവകത്തില്‍ പുഴുങ്ങി അണുവിമുക്തമാക്കുന്ന കവുങ്ങുതടി പീലിങിനുശേഷം ഹൈഡ്രോളിക് പ്രസിന്റെ സഹായത്തോടെ ടൈലാക്കുന്ന വിദ്യയാണ് ദിദുല്‍ കണ്ടെത്തിയത്. ശാസ്ത്രവിഷയങ്ങളില്‍ തല്‍പരനായ ദിദുല്‍ കേടായ കുവുങ്ങുതടികളില്‍ നടത്തിയ പരീക്ഷണങ്ങളാണ് ടൈല്‍ നിര്‍മാണത്തിലേക്ക് നയിച്ചത്. കോഴിക്കാട് നല്ലളം പ്ലാന്റില്‍ ബാംബു കോര്‍പറേഷന്‍ മുള ഉപയോഗിച്ചു നടത്തുന്ന ടൈല്‍ നിര്‍മാണം മാതൃകയാക്കിയായിരുന്നു കവുങ്ങുതടിയില്‍ ദിദുലിന്റെ പരീക്ഷണങ്ങള്‍. സാധാരണ വലിപ്പമുള്ള കവുങ്ങില്‍ നിന്ന് 2.2 അടി നീളവും അത്രതന്നെ വീതിയുമുള്ള ആറു ടൈലുകള്‍ നിര്‍മിക്കാനാവുമെന്നാണ് ദിദുല്‍ തെളിയിച്ചത്. അടക്കാത്തൊണ്ടില്‍ നിന്നു നാരുകള്‍ വേര്‍തിരിച്ച് കിടക്കയും കുഷ്യനും നിര്‍മിക്കുന്നതാണ് ദിദുല്‍ വികസിപ്പിച്ച മറ്റൊരു വിദ്യ. വെള്ളത്തില്‍ അഴുകാന്‍ അനുവദിച്ചതിനു ശേഷം ഉണക്കിയെടുക്കുന്ന അടക്കാത്തൊണ്ടില്‍ നിന്നു വേര്‍തിരിക്കുന്ന നാരുകള്‍ ബ്ലീച്ചിങ് പൗഡറും സള്‍ഫോണിക് ആസിഡും ഉപയോഗിച്ച് ബ്ലീച്ച് ചെയ്ത് ഉണക്കുന്നതോടെയാണ് കിടക്ക, കുഷ്യന്‍ നിര്‍മാണത്തിനുള്ള പരുവത്തിലാവുന്നത്. ഇതര നാരുകളെ അപേക്ഷിച്ച് ബലവും ഈടുമുള്ളതാണ് അടക്കാത്തൊണ്ടില്‍ നിന്നു ലഭിക്കുന്നത്. അടക്ക, പാള, ഇല എന്നിവ പാന്‍മസാലകള്‍, പെയിന്റ്, പാത്രങ്ങള്‍, ചൂല്‍ എന്നിവയുടെ നിര്‍മാണത്തിന്  നിലവില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പാഴ്‌വസ്തു എന്ന നിലയില്‍ ഉപേക്ഷിക്കുന്ന അടക്കാത്തൊണ്ടും തടിയും വ്യാവസായികാടിസ്ഥാനത്തില്‍ മൂല്യവര്‍ധിത വസ്തു നിര്‍മാണത്തിനു പ്രയോജനപ്പെടുന്നത് കവുങ്ങു കൃഷിയിലൂടെയുള്ള വരുമാന വര്‍ധനവിനും ധാരാളം തൊഴിലവസരങ്ങളുടെ സൃഷ്ടിക്കും ഉതകുമെന്നാണ് ദിദുലിന്റെ പക്ഷം. കൃഷിവകുപ്പിന്റെ 2014-15ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 96,686 ഹെക്റ്ററിലാണ് കവുങ്ങുകൃഷി. കൃഷിയില്‍ 17 ശതമാനം ഓരോ വര്‍ഷവും നശിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. മീനങ്ങാടി പൂവത്തിങ്കല്‍ എല്‍ദോ-ദിവ്യ ദമ്പതികളുടെ മൂത്ത മകനാണ് ദിദുല്‍. സഹോരന്‍: നിഥുല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക