|    Dec 11 Tue, 2018 3:13 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കവിതാ വിവാദം: മാപ്പ് പറഞ്ഞ് ദീപാ നിശാന്തിന്റെയും എം ജെ ശ്രീചിത്രന്റെയും പോസ്റ്റ്

Published : 2nd December 2018 | Posted By: kasim kzm

തൃശൂര്‍: യുവകവി എസ് കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍, നീ’ കവിത മോഷ്ടിച്ചെന്ന വിവാദത്തില്‍ മാപ്പ് ചോദിച്ച് തൃശൂര്‍ കേരളവര്‍മ കോളജ് അസി. പ്രഫസര്‍ ദീപാ നിശാന്തിന്റെയും സാംസ്‌കാരിക പ്രഭാഷകന്‍ എം ജെ ശ്രീചിത്രന്റെയും ഫേസ്ബുക്ക് പോസ്റ്റ്. ദീപ നിശാന്ത് വെള്ളിയാഴ്ച രാത്രിയും ശ്രീചിത്രന്‍ ഇന്നലെ രാവിലെയുമാണ് കലേഷിനോട് മാപ്പ് പറയുന്നതായി എഫ്ബിയിലൂടെ അറിയിച്ചത്.
എന്നാല്‍, കവിതാ മോഷണവിവാദത്തില്‍ മാപ്പ് പറയുകയല്ല വേണ്ടതെന്നും തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയില്‍ ഉപേക്ഷിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും യുവകവി എസ് കലേഷ് ആവശ്യപ്പെട്ടു.
യുവകവി കലേഷ് 2011ല്‍ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിശാന്തിന്റേതായി എകെപിസിടിഎ മാഗസിനില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. ദീപാ നിശാന്തിന്റെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്നു ചൂണ്ടിക്കാട്ടി കലേഷ് രംഗത്തെത്തുകയായിരുന്നു.
എകെപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഢിയല്ല താനെന്നായിരുന്നു ദീപാ നിശാന്തിന്റെ ആദ്യ പ്രതികരണം. തുടര്‍ന്ന്, സാഹിത്യകാരന്‍ എന്‍ എസ് മാധവനുള്‍പ്പെടെയുള്ളവര്‍ ദീപാ നിശാന്തിനെതിരേ രംഗത്തെത്തിയിരുന്നു. ‘കണകുണാ വര്‍ത്തമാനം പറയാതെ ദീപ നിശാന്ത് കലേഷിനോട് മാപ്പ് ചോദിക്കണം’ എന്നാണ് എന്‍ എസ് മാധവന്‍ വെള്ളിയാഴ്ച ട്വിറ്ററിലൂടെ പ്രതികരിച്ചത്.
തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രിയില്‍ ഫേസ്ബുക്കിലൂടെ ദീപാ നിശാന്ത് മാപ്പ് ചോദിക്കാന്‍ തയ്യാറായത്.കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലയ്ക്കും അധ്യാപിക എന്ന നിലയ്ക്കും മറ്റാരേക്കാളും കുറയാത്ത നിലയില്‍ എനിക്കു മനസ്സിലാവും. അക്കാര്യത്തില്‍ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരില്‍ വരുന്ന ഓരോ വാക്കിനും ഞാന്‍ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു. ഇങ്ങനെയാണ് ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതിനിടെ, കവിതാ മോഷണ വിവാദത്തിലെ കൂട്ടുപ്രതി താനെന്ന് ഏറ്റുപറഞ്ഞും മാപ്പ് പറഞ്ഞും സാംസ്‌കാരിക പ്രഭാഷകനായ എം ജെ ശ്രീചിത്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലുമാണ്. അതുകൊണ്ട്, ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും കലേഷിനോട് മാപ്പു പറയുന്നുവെന്നാണ് ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss