|    Apr 24 Tue, 2018 2:53 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

കവിതകളായി മാറുന്ന മുദ്രാവാക്യങ്ങള്‍

Published : 25th May 2016 | Posted By: SMR

മുസ്തഫ കൊണ്ടോട്ടി

മുദ്രാവാക്യങ്ങള്‍ കവിതകളായി മാറുന്ന കാലം വരുമെന്ന് മാവോ പറഞ്ഞിരുന്നു. രാഷ്ട്രീയം സര്‍ഗാത്മകമായിത്തീരുമ്പോഴാണത്രെ മുദ്രാവാക്യങ്ങള്‍ കവിതകളായി മാറുക. കേരള രാഷ്ട്രീയം ഇപ്പോഴും സര്‍ഗാത്മകമായി തുടരുന്നുവെന്നതിന്റെ തെളിവായിരിക്കണം രാഷ്ട്രീയകേരളം സൃഷ്ടിച്ചുവിടുന്ന കവിതകള്‍ക്കു സമാനമായ മുദ്രാവാക്യങ്ങള്‍. ഐക്യകേരള പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം നല്‍കാനായി രൂപപ്പെട്ട പല മുദ്രാവാക്യങ്ങളും കവിതകള്‍ക്ക് സമാനവും പല കവിതകളും മുദ്രാവാക്യങ്ങള്‍ക്കു സമാനങ്ങളുമായിരുന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും പല പ്രമാണിമാര്‍ക്കും ഐക്യകേരളമെന്ന ആശയം അത്ര പിടിച്ചിരുന്നില്ല.
‘പോരുവിന്‍ യുവാക്കളെ, ചേരുവിന്‍ സഖാക്കളെ, ചോരയെങ്കില്‍ ചോരയാലീ, കേരളം വരയ്ക്കുവാന്‍.’
എന്നാല്‍, ഇത്തരം ആവേശം വിതറിയ മുദ്രാവാക്യങ്ങള്‍ ഐക്യകേരളമെന്ന ആശയത്തെ ജനത്തോടടുപ്പിക്കുന്നതില്‍ നല്ലൊരു പങ്കു വഹിച്ചു. കേരളത്തിലെ സമ്മതിദായകര്‍ക്കിടയില്‍ രാഷ്ട്രീയവും സാംസ്‌കാരികവുമായ മേല്‍ക്കോയ്മ നേടുന്നതിനുള്ള ആശയപരമായ ഉപകരണങ്ങളായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുദ്രാവാക്യങ്ങളെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായി പുതിയ പുതിയ മുദ്രാവാക്യങ്ങള്‍ ഉയിര്‍കൊള്ളുന്നു. ഉള്ളിനെക്കാളേറെ ഉപരിതലത്തെ ഉയര്‍ത്തിക്കാട്ടാവുന്ന ഒറ്റമൂലികള്‍കൂടിയാണ് മുദ്രാവാക്യങ്ങള്‍. തന്‍മൂലം തെരുവുകളൊക്കെ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍കൊണ്ട് മുഖരിതമാവുന്നു. വിധിയെഴുത്തുകള്‍ക്ക് തങ്ങളുടെ മുദ്രാവാക്യങ്ങള്‍ മാനദണ്ഡങ്ങളാവുമെന്ന് എല്ലാ പാര്‍ട്ടികളും വിശ്വസിക്കുന്നു.
‘എല്‍ഡിഎഫ് വരും, എല്ലാം ശരിയാവും’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ‘ചെല്ലൂ, നിങ്ങള്‍ക്കാവശ്യമായ ഭൂമി പിടിച്ചെടുക്കൂ’ എന്നായിരുന്നല്ലോ റഷ്യയിലെ സഖാക്കള്‍ക്ക് മുമ്പില്‍ ലെനിന്‍ ഉയര്‍ത്തിയ മുദ്രാവാക്യം. കമ്മ്യൂണിസം വന്നാല്‍ കക്കൂസുകള്‍പോലും സ്വര്‍ണംകൊണ്ടുള്ളതായി മാറുമെന്ന് ഒരു സഖാവ് ആവേശംകൊണ്ടതായി യെവ്തുഷെങ്കോ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ഏതാണ്ട് ഇതുപോലെ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കേരളം മുഴുവനായും ശരിയാക്കിക്കൊള്ളാമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് കേരളക്കാരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്.
‘വളരണം ഈ നാട്, തുടരണം ഈ ഭരണം’ എന്ന ഇമ്പമാര്‍ന്ന മുദ്രാവാക്യമാണ് യുഡിഎഫ് ഉയര്‍ത്തിയത്. ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന് പണ്ട് കോണ്‍ഗ്രസ്സുകാര്‍ വിളിച്ചപോലെ ഞങ്ങളെന്നാല്‍ ഭരണമെന്നാണ് യുഡിഎഫ് പറയുന്നത്. വികസനമെന്ന പേരില്‍ ഒരു ഷോപ്പിങ് ലിസ്റ്റ് തയ്യാറാക്കി കേരളത്തിന്റെ മുക്കിലും മൂലയിലും മുഴുവന്‍ യുഡിഎഫ് ഉയര്‍ത്തിയിട്ടുണ്ട്. വികസനം ജനത്തിന് അനുഭവവേദ്യമാവാത്തതു കൊണ്ടായിരിക്കണം അറിയിപ്പ് നല്‍കി വികസനം പ്രചരിപ്പിച്ചത്. ‘വഴിമുട്ടിയ കേരളം, വഴികാട്ടാന്‍ ബിജെപി’ എന്നത് ബിജെപിയുടെ ആപ്തവാക്യം.
രാഷ്ട്രീയകേരളത്തിലെ മുദ്രാവാക്യങ്ങളില്‍ എന്നും സര്‍ഗാത്മകതയുടെ അംശങ്ങളുണ്ടായിരുന്നു. 1939ല്‍ പൊന്നാനിയില്‍ കെ ദാമോദരന്റെ നേതൃത്വത്തില്‍ നടന്ന ബീഡിത്തൊഴിലാളി സമരത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം ‘അല്ലാഹു അക്ബര്‍, ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നായിരുന്നു. തുടര്‍ന്നു വന്ന മുദ്രാവാക്യം ഇതായിരുന്നു: ‘ജോലി വിയര്‍പ്പുകള്‍ മാറും മുമ്പ്, കൂലി കൊടുക്കണമെന്നരുള്‍ ചെയ്‌തോന്‍,
കൊല്ലാക്കൊലകളെതിര്‍ക്കും നബി,
സല്ലല്ലാഹു അലൈ വസല്ലം.’
ഈ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കാന്‍ അന്നാര്‍ക്കും മടിയുണ്ടായിരുന്നില്ല. കാരണം, അന്നത്തെ തൊഴിലാളികളുടെ രാഷ്ട്രീയം സര്‍ഗാത്മകമായിരുന്നു. ആ സര്‍ഗാത്മക രാഷ്ട്രീയത്തിനു മുമ്പില്‍ ജാതിമത ചിന്തകള്‍ക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല.
കോണ്‍ഗ്രസ് മുസ്‌ലിം ലീഗുമായും പട്ടത്തിന്റെ പിഎസ്പിയുമായി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ അത് ദഹിക്കാത്തവര്‍ വിളിച്ച മുദ്രാവാക്യം ഇങ്ങനെയായിരുന്നു: ‘കോണ്‍ഗ്രസ്സിന്റെ കൊടിക്കമ്പില്‍,
എങ്ങനെ വന്നു മൂന്ന് കൊടി.’
ചീമേനി എസ്‌റ്റേറ്റില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന തോല്‍വിറക് സമരത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ ആരിലും ആവേശംജനിപ്പിക്കുന്നതായിരുന്നു:
‘തോലും വിറകും ഞങ്ങളെടുക്കും
കാലന്‍ വന്നു തടഞ്ഞെന്നാലും,
ആരും സ്വന്തം നേടിയതല്ല,
വാരിധിപോലെ കിടക്കും വിപിനം.’ സ്ത്രീകള്‍ ഏറ്റുവിളിച്ച മറ്റൊരു മുദ്രാവാക്യം ഇതായിരുന്നു: ‘കാവല്‍ക്കാരെ സൂക്ഷിച്ചോളൂ, കാര്യം വിട്ട് കളിച്ചീടേണ്ട,
അരിവാള്‍ തോലെരിയാനായ് മാത്രം,
പരിചൊടു കൈയില്‍ കരുതിയതല്ല.’
വിമോചനസമര കാലത്താണ് ഏറ്റവും മനോഹരമായ മുദ്രാവാക്യങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുകേട്ടത്. അങ്കമാലി വെടിവയ്പില്‍ ഫ്‌ളോറി എന്ന യുവതി കൊല്ലപ്പെട്ടപ്പോള്‍ കേരളം മുഴുവന്‍ ഈ മുദ്രാവാക്യം അലയടിച്ചു: ‘അമ്മയെ ഞങ്ങള്‍ മറന്നാലും, അങ്കമാലി മറക്കില്ല.’
കാര്‍ഷികബന്ധ ബില്ല് ഗൗരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കേരളം മുഴുവന്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം ഇതായിരുന്നു: ‘കേരം തിങ്ങും കേരളനാട്ടില്‍,
കെ ആര്‍ ഗൗരി ഭരിക്കേണ്ട.’
കേരളത്തിലെ ഓരോ തിരഞ്ഞെടുപ്പും മുദ്രാവാക്യങ്ങളിലൂടെയുള്ള മുന്നേറ്റങ്ങള്‍ കൂടിയാണ്. പണ്ടൊക്കെ മുദ്രാവാക്യങ്ങള്‍ രൂപപ്പെട്ടിരുന്നത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഹൃദയങ്ങളിലായിരുന്നുവെങ്കില്‍ ഇന്നത് കോര്‍പറേറ്റുകളുടെ കംപ്യൂട്ടറുകളിലാണെന്നു മാത്രം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss