|    Nov 19 Sun, 2017 3:54 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കവര്‍ച്ച : പുതിയ കുതന്ത്രങ്ങളുമായി ഇതര സംസ്ഥാനക്കാര്‍

Published : 13th August 2017 | Posted By: fsq

 

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: രാത്രികാലങ്ങളില്‍ വീട്ടുകാരെ കബളിപ്പിച്ച് കവര്‍ച്ച നടത്തുന്നതിനായി പുതിയ കുതന്ത്രങ്ങളുമായി ഇതര സംസ്ഥാന തൊഴിലാളികള്‍.  രാത്രികാലങ്ങളില്‍ വീടിനു പുറത്തെ ടാപ്പുകള്‍ തുറന്നിട്ടും കുട്ടിയുടെ കരച്ചില്‍ മൊബൈലില്‍ കേള്‍പ്പിച്ചുമാണ് തമിഴ്‌നാട്ടിലേയും ബംഗാളിലേയും കവര്‍ച്ചക്കാര്‍ രംഗത്തു വന്നിരിക്കുന്നത്. പൈപ്പുകള്‍ പൂട്ടുന്നതിനും കുട്ടിയുടെ കരച്ചില്‍ കേട്ടും വാതില്‍ തുറക്കുന്നവരെ അക്രമിച്ച് വീടുകളില്‍ കയറി പണവും സ്വര്‍ണവും കവരുന്ന രീതിയാണ് പുതുതായി കണ്ടുവരുന്നത്. ഇത്തരം 120ലേറെ കേസുകള്‍ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര വകുപ്പ് പറയുന്നു. ഈ തന്ത്രങ്ങള്‍ 2014ല്‍ തൃശൂര്‍ ജില്ലയിലാണ് ആദ്യമായി പ്രയോഗിക്കപ്പെട്ടത്. നാട്ടികയിലെ ഒരു വീട്ടിലായിരുന്നു ആദ്യ സംഭവം. തുടര്‍ന്ന് തൃശൂര്‍ നഗരത്തിലും പരിസരങ്ങളിലും ഇതേരീതി ആവര്‍ത്തിച്ചപ്പോഴാണ് പോലിസ് ശ്രദ്ധിച്ചത്. ഇത്തരം ശബ്ദങ്ങള്‍ കേട്ടാല്‍ വാതിലുകള്‍ തുറക്കരുതെന്ന മുന്നറിയിപ്പ് പോലിസ് നല്‍കിയതോടെ കവര്‍ച്ചക്കാരുടെ തന്ത്രങ്ങള്‍ വിഫലമാവുകയായിരുന്നു. ഈവര്‍ഷം ഇതേ തട്ടിപ്പുമായാണ് വീണ്ടും ഇതര സംസ്ഥാന തൊഴിലാളികള്‍ രംഗത്തു വരുന്നത്. ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടവരെല്ലാം തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമങ്ങളിലുള്ളവരും ബംഗാളില്‍ നിന്നുള്ളവരുമായിരുന്നു. ഇപ്പോള്‍ മലബാറിലാണ് ഇത്തരം സംഘങ്ങള്‍ തമ്പടിച്ചിട്ടുള്ളത്. പകല്‍ സമയങ്ങളില്‍ പുരുഷന്മാരില്ലാത്ത വീടുകള്‍ കണ്ടുവച്ച് രാത്രി പൈപ്പുകള്‍ തുറന്നിടുകയും കുട്ടികളുടെ കരച്ചില്‍ യഥാര്‍ഥമാണെന്നു തോന്നുന്ന രൂപത്തില്‍ കേള്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതേരീതിയില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച എട്ടോളം പേരെ പോലിസ് പിടികൂടിയിരുന്നു. അപ്പോഴാണ് തിരുട്ട് ഗ്രാമത്തില്‍ നിന്നും ഈ രീതിയില്‍ കവര്‍ച്ച നടത്തുന്നതിനായി 200ഓളം പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്നാണ് പോലിസ് മുന്നറിയിപ്പ് നല്‍കിയത്. പകല്‍ സമയങ്ങളില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ വെള്ളം ചോദിച്ചും ഭക്ഷണം ചോദിച്ചും കൂട്ടമായി എത്തി പിന്‍വാതിലുകള്‍ വഴി കവര്‍ച്ച നടത്തുന്ന സംഭവങ്ങളുമുണ്ടായി. സ്വര്‍ണവും പണവും വിലകൂടിയ വസ്തുക്കളുമാണ് ഇതര സംസ്ഥാന കവര്‍ച്ചാ സംഘങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. രാത്രിശബ്ദങ്ങള്‍ കേട്ടാല്‍ ഒരു കാരണവശാലും വാതില്‍ തുറക്കരുതെന്നാണ് പോലിസിന്റെ നിര്‍ദേശം. മുന്നറിയിപ്പ് അവഗണിച്ചാല്‍ കവര്‍ച്ച മാത്രമല്ല, ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക