|    Jan 23 Mon, 2017 2:13 pm
FLASH NEWS

കവര്‍ച്ച നടത്തിയവരെ പിടികൂടാത്തതില്‍ ദുരൂഹതയെന്ന്

Published : 6th October 2016 | Posted By: Abbasali tf

പത്തനംതിട്ട:  മോഷണം നടത്താനെത്തിയവരുടെ കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടും പ്രതികളെ പിടികൂടാന്‍ പോലിസിന്  കഴിയാത്തതില്‍ ദുരൂഹത.   ഉന്നതങ്ങളിലെ സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാരങ്ങാനം ചാതിരത്തില്‍ പടിയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷണം നടത്താനുള്ള ശ്രമം പോലിസ് പട്രോളിങ് സംഘവും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞിട്ടും മോഷ്ടാക്കളുടേതെന്ന് കരുതുന്ന കാറും വീടിന്റെ കതക് കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടും കേസിന് തുമ്പുണ്ടാക്കാനായിട്ടില്ല. കാറിനുള്ളില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സും മറ്റ് രേഖകളും കിട്ടിയിരുന്നു. കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് തെളിഞ്ഞു.  വടശേരിക്കര സ്വദേശിയുടെ സ്‌കൂട്ടറിന്റെ നമ്പരാണ് കാറിനുപയോഗിച്ചിരുന്നത്. ഇത്രത്തോളം തെളിവുകള്‍ പോലിസിന്റെ കൈവശം ഉണ്ടായിരുന്നിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ വൈകുന്നത് സംശയത്തിന് ഇടനല്‍കുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന പോലിസിന് കിട്ടിയിട്ടുണ്ട്.  സംഭവത്തിന് ശേഷം പ്രദേശത്ത് നിന്ന് കാണാതായവരുടെ കണക്ക് പോലിസ് എടുത്തിരുന്നു. ഇതിലൂടെയാണ് മോഷ്ടാക്കളിലേക്ക് പോലിസ് ചെന്നെത്തിയിരിക്കുന്നത്. ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കാര്‍ വ്യാജ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചാണ് മോഷണത്തിന് ഉപയോഗിച്ചിരുന്നത്. നാരങ്ങാനം, അയിരൂര്‍, കാട്ടൂര്‍, ചെറുകോല്‍ എന്നിവിടങ്ങളില്‍ സമീപകാലത്ത് നടന്ന മോഷണങ്ങള്‍ക്ക് പിന്നിലും ഇതേ സംഘം തന്നെയാണെന്നാണ് സംശയിക്കുന്നത്. അയിരൂര്‍ ഫെഡറല്‍ ബാങ്ക് ശാഖ, രണ്ടു കുരിശടികള്‍, ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികള്‍ എന്നിവിടങ്ങളില്‍ മോഷണത്തിന് ശ്രമിച്ചവരെ കുറിച്ച് ഇനിയും പോലിസിന് സൂചനയില്ല. ഇതിനിടെയാണ് മോഷ്ടാക്കളെ കുറിച്ച് സൂചന ഉണ്ടായിട്ടും അറസ്റ്റുചെയ്യാത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക