|    Jul 16 Mon, 2018 10:14 am

കവര്‍ച്ച ചെയ്ത സ്വര്‍ണം വാങ്ങിയയാള്‍ അറസ്റ്റില്‍

Published : 29th September 2017 | Posted By: fsq

 

ഫറോക്ക്: മോഡേണ്‍ ബസാറിനു സമീപം ദേശീയ പാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിയെടുത്ത സ്വര്‍ണ്ണം വാങ്ങിയ കുപ്രസിദ്ധ സാമ്പത്തിക കുറ്റവാളി അറസ്റ്റില്‍. കവര്‍ച്ച സംഘത്തലവന്‍ കാക്ക രഞ്ജത്തില്‍ നിന്നും 3.50കിലോ സ്വര്‍ണ്ണം വാങ്ങിയ കൊല്ലം ജോനകപുരം സ്വദേശി കനകവിള പുത്തന്‍ വീട് രാജേഷ് ഖന്ന (53)യെയാണ് നല്ലളം പോലിസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച കൊല്ലത്ത് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ നല്ലളം സബ് ഇന്‍സ്‌പെക്ടര്‍ എസ് ബി കൈലാസ് നാഥിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ 16നാണ് കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്നും വരികയായിരുന്ന തലശ്ശേരി ചൊക്ലി സ്വദേശി ഇസ്്മായിലിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചു സ്വര്‍ണ്ണം തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടുവെന്നായിരുന്ന ഇസ്മായിലിന്റെ പരാതിയെങ്കിലും പിന്നീടുളള അന്വേഷണത്തിലാണ് വന്‍തോതില്‍ സ്വര്‍ണ്ണമാണ് അക്രമികള്‍ തട്ടിയെടുത്തതെന്നു കണ്ടെത്തിയത്. സ്വര്‍ണ്ണം കവര്‍ച്ചക്കു നേതൃത്വം നല്‍കിയ കോഴിക്കോട് ഒളവണ്ണ സ്വദേശിയായ കാക്ക രഞ്ജത്തിന്റെ കൂട്ടാളികളായ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ദില്‍ഷാദ്, കൊടല്‍ നടക്കാവ് സ്വദേശി അതുല്‍ ചക്കുംകടവ് സ്വദേശി റാസിക്ക് എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കുപ്രസിദ്ധ മോഷ്ടാവും സ്വര്‍ണ്ണം തട്ടിയെടുക്കുന്ന വന്‍ ക്വട്ടേഷന്‍ സംഘത്തലവനും കൊടുംക്രിമിനിലുമായ രഞ്ജിത്തിന്റെ പങ്കാളിത്തം വെളിവായത്. ബാഗളൂരു ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ പലവിധ ബിസിനസ്സുള്ള രഞ്ജിത്ത് നിരവധിയിടങ്ങളില്‍ ഒളിച്ചു താമസിച്ച ശേഷം കോഴിക്കോട്ടെത്തിയപ്പോഴയായിരുന്നു അറസ്റ്റ്. സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ സംഘത്തെ ചുമതലപ്പെടുത്തിയത് താനായിരുന്നുവെന്നും രഞ്ജിത്ത് പോലിസിനു മൊഴി നല്‍കി. തട്ടിയെടുത്ത സ്വര്‍ണ്ണമടങ്ങുന്ന ബാഗ് ഗുരുവായൂരിലെത്തി സംഘം രഞ്ജിത്തിനു കൈമാറുകയായിരുന്നുവെന്നാണ് പോലിസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ സ്വര്‍ണ്ണം 80ലക്ഷത്തിനു രാജേഷ്ഖന്നക്കു വില്‍ക്കുകയായിരുന്നു. രഞ്ജിത്തില്‍ നിന്നും പോലിസിനു ലഭിച്ച വിവരപ്രകാരം സ്വര്‍ണ്ണം വാങ്ങിയ രാജഷിനു വേണ്ടി അന്വേഷണം നടത്തിവരികയായിരുന്നു. നിരവധി സാമ്പത്തിക വെട്ടിപ്പു കേസില്‍ പ്രതിയായ ഇയാള്‍ ഈ കേസിലും പോലിസിനെ വെട്ടിച്ചു മുങ്ങി നടക്കുകയായിരുന്നു. ഇതിനിടെയായിരുന്നു പോലിസിന്റെ നാടകീയ അറസ്റ്റ്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാളെ കൊല്ലത്തും മറ്റിടങ്ങളിലും കൊണ്ടുപോയി തെളിവെടുക്കുമെന്നു പോലിസ് പറഞ്ഞു. എസ്‌ഐ സൈതലവി, ഓഫിസര്‍മാരായ രേമേഷ് ബാബു അബ്ദുറഹിമാന്‍ എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss