|    Jan 20 Fri, 2017 11:25 am
FLASH NEWS

കവര്‍ച്ചാ ശ്രമം; പോലിസ് പരിശോധനയ്ക്കിടെ സമീപത്തെ വീട്ടില്‍ ഗൃഹനാഥയെ ആക്രമിച്ച് മോഷണം

Published : 29th July 2016 | Posted By: SMR

തൊടുപുഴ: മോഷണശ്രമം നടന്ന വീട്ടില്‍ പോലിസ് പരിശോധന നടത്തുന്നതിനിടെ സമീപത്തെ വീട്ടീല്‍ വീട്ടമ്മയെ ആക്രമിച്ച് രണ്ട് പവന്‍ മാല കവര്‍ന്നു. കോതായിക്കുന്നിലും അറയ്ക്കപ്പാറയിലുമാണ് സംഭവം. കോതായിക്കുന്നില്‍ വീടിന്റെ പിന്‍വശത്തെയും മുന്‍വശത്തെയും വാതിലുകള്‍ തകര്‍ത്ത് ഉള്ളില്‍ കടക്കാനാണ് ശ്രമം നടന്നത്.
നഗരസഭയിലെ ഒളമറ്റം അറയ്ക്കപ്പാറ കല്ലൂപ്പറമ്പില്‍ സുഭദ്രാദേവി, കോതായിക്കുന്ന് കാഞ്ഞിരത്തിങ്കല്‍ അന്നക്കുട്ടി എന്നിവരുടെ വീടുകളിലായിരുന്നു മോഷണം. റിട്ട. ഡയറി ഡവലപ്‌മെന്റ് ഓഫിസര്‍ ശ്രീകുമാരന്‍ നായരുടെ  ഭാര്യ പി സുഭദ്രാ ദേവി(65)യെ ആക്രമിച്ചാണു രണ്ടംഗ സംഘം രണ്ടു പവന്‍ സ്വര്‍ണമാല കവര്‍ന്നത്.
പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫിസിലെ മുന്‍ ഉദ്യോഗസ്ഥയാണു സുഭദ്ര. മകന്‍ മൂവാറ്റുപുഴയിലായതിനാല്‍ ശ്രീകുമാരന്‍ നായരും സുഭദ്രയും മാത്രമാണു വീട്ടില്‍ താമസം.പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ അന്നക്കുട്ടിയും മൂന്നു പേയിങ് ഗെസ്റ്റുകളുമാണു കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ താമസിക്കുന്നത്. ഇവിടെ മോഷണം നടത്താനുള്ള കള്ളന്‍മാരുടെ ശ്രമം വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ നടന്നില്ല. മോഷണ ശ്രമത്തിനിടെ മുന്‍വശത്തെ വാതിലില്‍ കള്ളന്‍മാര്‍ ആഞ്ഞടിച്ചതിന്റെ ശബ്ദം കേട്ടാണു അന്നക്കുട്ടി ഉണര്‍ന്നത്. വീട്ടിലുണ്ടായിരുന്ന പ്രീതി ആരോ വീടിനു മുന്നിലുണ്ടെന്നു അന്നക്കുട്ടിയോടു പറഞ്ഞു. ഇതിനിടെ മുന്‍വശത്തെ ജനാലയുടെ കര്‍ട്ടണ്‍ പ്രീതി മാറ്റിയപ്പോഴാണു വീടിനു മുന്നില്‍ കള്ളന്‍ നില്‍ക്കുന്നതും തുടര്‍ന്നു പതുക്കെ നടന്നു പോവുന്നതും കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ പോലിസിനെ വിവരമറിയിച്ചെങ്കിലും മറ്റൊരു വീട്ടിലാണു പോലിസ് വഴിതെറ്റിയെത്തിയത്.രാവിലെ പോലിസ് നടത്തിയ പരിശോധനയില്‍ വീടിന്റെ പിന്‍ഭാഗം കുത്തിപ്പൊളിക്കാന്‍ ശ്രമം നടത്തിയതായും കണ്ടെത്തി.പോലിസ് ഇതിനടുത്തുള്ള ഒരു വീട്ടിലെത്തി വിവരം ശേഖരിക്കുന്നതിനിടെ രണ്ടു പേര്‍ റോഡിലൂടെ നടന്നു പോവുന്നത് കണ്ടതായും ഒരാളുടെ കൈവശം കിടക്കവിരി ഉണ്ടായിരുന്നുവെന്നും അയല്‍വാസി എല്‍സി നാട്ടുകാരോടു പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.ഡോഗ് സ്‌ക്വാഡും എത്തി. സുഭദ്രയുടെ വീടിനു പിന്‍വശത്തു കൂടി നായ കുറച്ചു ദൂരം സഞ്ചരിച്ച ശേഷം മടങ്ങി.
ഭയം വിട്ടുമാറാതെ സുഭദ്ര
തൊടുപുഴ: കഴുത്തില്‍ ആരോ പിടിച്ചതുപോലെ തോന്നി. പെട്ടെന്ന് മാല പൊട്ടിക്കാനുള്ള ശ്രമമാണെന്നു മനസിലായി. കണ്ണു തുറന്നു നോക്കിയപ്പോള്‍ ഒരാള്‍ മാലയില്‍ പിടുത്തമിട്ടിരിക്കുന്നു. കിടപ്പുമുറിയുടെ വാതിലിനു മുന്നില്‍ മറ്റൊരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഭയന്നു വിറച്ചു പോയി. കൊല്ലുമെന്നു തന്നെ കരുതി. മോഷ്ടാക്കളുടെ ആക്രമണത്തിനിരയായ ഒളമറ്റം അറയ്ക്കപ്പാറ കല്ലൂപ്പറമ്പില്‍ സുഭദ്ര ഭീതിയോടെ വിശദീകരിച്ചു. ഭര്‍ത്താവ് അടുത്ത മുറിയിലാണ് കിടന്നത്. ജല അതോറിറ്റിയില്‍ കരാറുകാരനായ മകന്‍ സുനില്‍ മൂവാറ്റുപുഴയിലാണു താമസം.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മോഷണം. ബലപ്രയോഗത്തിനൊടുവിലാണ് കള്ളന്‍ മാല കൈക്കലാക്കിയത്. നിലവിളിച്ചെങ്കിലും ഭര്‍ത്താവിന്റെ മുറിയുടെ വാതില്‍ പുറത്തു നിന്നു കള്ളന്‍മാര്‍ കുറ്റിയിട്ടിരുന്നതിനാല്‍ ഇദ്ദേഹത്തിനു പുറത്തേക്കു വരാന്‍ കഴിഞ്ഞില്ല. കരഞ്ഞപ്പോള്‍ ഒരു കള്ളന്‍ കരണത്തടിച്ചു. ഇതിനിടെ, ഭര്‍ത്താവ് ലൈറ്റുകള്‍ തെളിയിച്ചു. ബഹളം കേട്ട് സര്‍ക്കാര്‍ ജീവനക്കാരനായ അയല്‍വാസി വിളിച്ചു ചോദിച്ചതോടെ കള്ളന്‍മാര്‍ ഓടി. ആക്രമണത്തില്‍ പരിക്കേറ്റ സുഭദ്ര താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി.
പോലിസ് ഹാന്‍സിന് പിന്നാലെ
തൊടുപുഴ: പോലിസിനിഷ്ടം ഹാന്‍സ് കേസുകളും ഹെല്‍മറ്റ് പരിശോധനയും. മോഷണക്കസേുകളില്‍ പോലിസ് തികഞ്ഞ അലംഭാവം പുലര്‍ത്തുകയാണെന്നു നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
ആളുകള്‍ ഒറ്റയ്ക്ക് താമസിക്കുന്നതും സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളും കണ്ടുവച്ചാണ് തുടര്‍ച്ചയായി മോഷണം നടക്കുന്നത്.
പോലിസ് നായക്കെതിരേ നാട്ടുനായ്ക്കളുടെ പ്രതിഷേധം
തൊടുപുഴ: പോലിസ് നായക്കെതിരെ  നാട്ടുനായ്ക്കളുടെ പ്രതിഷേധം. ഇന്നലെ കോതായിക്കുന്നില്‍ മോഷണം നടന്ന വീട്ടിലെത്തിയ പോലിസ് നായ സ്വീറ്റി പരിശോധന നടത്തുന്നതിനിടെയാണ് നാട്ടുനായ്കള്‍ തുടര്‍ച്ചയായി കുരച്ച് ബഹളംവച്ചു.
സമീപ വീടൂകളിലെ നായകളില്‍ രണ്ടെണ്ണം സ്വീറ്റിയെ ആക്രമിക്കാനും മുതിര്‍ന്നു. സംഭവം പന്തിയല്ലെന്ന കണ്ട സ്വീറ്റിയും പരിശീലകരും സ്ഥലം കാലിയാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 112 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക