|    Jul 19 Thu, 2018 9:08 pm
FLASH NEWS

കവണാറ്റിന്‍കര ടൂറിസം വള്ളംകളിയില്‍ മാമ്മൂടന്‍ ജേതാവ്

Published : 6th September 2017 | Posted By: fsq

 

കുമരകം: കവണാറ്റിന്‍കര ടൂറിസം ജലമേളയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഇരുട്ടുകുത്തി ഗ്രേഡ് ഒന്നിലെ തുരുത്തിത്തറയെ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കി മാമ്മൂടന്‍ ജേതാവായി. ജോബി ജോസഫ് കരികണ്ണന്‍തറ ക്യാപ്റ്റനായി കുമരകം മൂലഞ്ചേരി ബോട്ട് ക്ലബ്ബാണ് മാമ്മൂടനുവേണ്ടി നീറ്റിലിറങ്ങിയത്. കവണാറിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ വള്ളംകളി പ്രേമികളെ ആവേശത്തിന്റെ മുള്‍മുനയിലെത്തിച്ചായിരുന്നു അട്ടിമറി വിജയം. വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് മല്‍സരം വീക്ഷിക്കാനെത്തിയത്. ഫിനിഷിങ് പോയിന്റിലെ സ്ഥിരം പവിലിയനില്‍ ഇരുന്ന് സ്റ്റാര്‍ട്ട് മുതല്‍ ഫിനിഷ് വരെ വള്ളംകളി കാണാന്‍ കഴിയുമെന്നത് ഇവിടത്തെ പ്രത്യേകതയാണ്. ഇരുട്ടുകുത്തി, വെപ്പ്, ചുരുളന്‍ വിഭാഗത്തിലാണ് മല്‍സരം നടന്നത്. വെപ്പ് ഗ്രേഡ് രണ്ടില്‍ മൂന്നുതൈക്കല്‍, ചുരുളന്‍ ഗ്രേഡ് രണ്ടില്‍ സായി, ഇരുട്ടുകുത്തി ഗ്രേഡ് രണ്ടില്‍ ജലറാണി, ചുരുളന്‍ ഗ്രേഡ് ഒന്നില്‍ കോടിമത, വെപ്പ് ഗ്രേഡ് ഒന്നില്‍ ആശപുളിക്കക്കളം എന്നീ വള്ളങ്ങളും വിജയികളായി. ഒരാള്‍ തുഴയുന്ന വള്ളം വിഭാഗത്തില്‍ സാബു ആറ്റുചിറയാണ് ഒന്നാമതെത്തിയത്.  സുരേഷ് കുറുപ്പ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി കെ ബൈജു അധ്യക്ഷത വഹിച്ചു. മല്‍സര വള്ളംകളിയുടെ ഉദ്ഘാടനം മന്ത്രി എം എം മണി നിര്‍വഹിച്ചു. സ്‌കറിയ തോമസ്, ജയേഷ് മോഹനന്‍, എ പി സലിമോന്‍, എ കെ ആലിച്ചന്‍, കവിത ലാലു, മിനി ബിജു, അഡ്വ. വി ബി ബിനു, എ പി ഗോപി, സി കെ വിശ്വന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപനസമ്മേളനത്തില്‍ കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ജേക്കബ് ജോബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശ്രീനാരായണ ബോട്ട്ക്ലബ്, ടൂറിസംവകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കുമരകം, അയ്മനം പഞ്ചായത്തുകള്‍ എന്നിവയുമായി സഹകരിച്ചാണ് വള്ളംകളി നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss