|    Jul 24 Mon, 2017 10:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തത് 9,45,892 മെട്രിക് ടണ്‍ സമുദ്രോല്‍പന്നങ്ങള്‍

Published : 30th July 2016 | Posted By: SMR

കൊച്ചി: രാജ്യത്തുനിന്ന് കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തത് 9,45,892 മെട്രിക് ടണ്‍ സമുദ്രോല്‍പന്നങ്ങള്‍. ഇവയ്ക്ക് 4687.94 മില്ല്യന്‍ ഡോളര്‍ വിലമതിക്കുമെന്ന് സമുദ്രോല്‍പന്ന കയറ്റുമതിയുടെ വളര്‍ച്ചയ്ക്കായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയര്‍മാന്‍ ഡോ. എ ജയതിലക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2014-15 വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയുടെ അളവിലും കയറ്റുമതി ചെയ്ത ഉല്‍പന്നങ്ങളുടെ മൂല്യത്തിലും കുറവ് വന്നിട്ടുണ്ടെങ്കിലും ഈ സാമ്പത്തിക വര്‍ഷം 5.6 ബില്യണ്‍ ഡോളറിന്റെ സമുദ്രോല്‍പന്ന കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതിയുടെ ഡോളര്‍ മൂല്യത്തില്‍ 66.06 ശതമാനവും, അളവില്‍ 39.53 ശതമാനവും ശീതീകരിച്ച ചെമ്മീനായിരുന്നു. എന്നാല്‍, ശീതീകരിച്ച ചെമ്മീനിന്റെ പ്രതിശീര്‍ഷമൂല്യം 10.38 ഡോളര്‍ എന്നത് 8.28 ഡോളറായി കുറഞ്ഞത് കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. വിദേശ കറന്‍സികളായ യൂറോയുടെയും, യെന്നിന്റെയും വിലയിടിവും ചൈനയിലെ സാമ്പത്തിക മാന്ദ്യവും മല്‍സ്യ കയറ്റുമതിയെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കടലില്‍ നിന്നുള്ള മല്‍സ്യത്തിന്റെ ലഭ്യതക്കുറവും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു.
തായ്‌ലന്റ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ചെമ്മീന്‍ കൃഷിയും മറ്റ് ജലകൃഷികളും നവീകരിച്ചതിന്റെ ഫലമായി രാജ്യാന്തര വിപണിയില്‍ സമുദ്രോല്‍പന്നങ്ങളുടെ വരവ് വര്‍ധിച്ചതിനെതുടര്‍ന്നാണ് ചെമ്മീന്‍വിലയില്‍ ഇടിവുണ്ടായത്. അമേരിക്കയിലേക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൂടുതല്‍ കയറ്റുമതിയുണ്ടായത്. ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതി ചെയ്ത ഇനങ്ങളില്‍ മുന്നില്‍. പോയവര്‍ഷത്തെ അപേക്ഷിച്ച് കടലില്‍ നിന്നു പിടിച്ച ചെമ്മീനിന്റെ അളവ് 2015ല്‍ 10.5 ശതമാനത്തോളം കുറഞ്ഞു. ചെമ്മീന്‍ പാടങ്ങളില്‍ നിന്നുള്ള വനാമി ചെമ്മീന്‍ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. വനാമി ചെമ്മീനിന്റെ 50.18 ശതമാനവും കയറ്റുമതി ചെയ്തത് അമേരിക്കയിലേക്കാണെന്നും ഡോ. എ ജയതിലക് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എംപിഇഡിഎ സെക്രട്ടറി ബി ശ്രീകുമാര്‍, സമുദ്രോല്‍പന്ന കയറ്റുമതിക്കാരുടെ അഖിലേന്ത്യാ സംഘടനയുടെ ഭാരവാഹികളായ റോബര്‍ട്ട് കാരിക്കശ്ശേരി, പത്മനാഭന്‍ എന്നിവരും പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക