|    Apr 25 Wed, 2018 8:09 pm
FLASH NEWS
Home   >  Dont Miss   >  

കഴിക്കുന്നത് സുനാമി ഇറച്ചിയോ ? തിരിച്ചറിയാന്‍ മാര്‍ഗങ്ങളിതാ

Published : 22nd June 2016 | Posted By: G.A.G

curry

 

ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില്‍ ഗുണനിലവാരം കുറഞ്ഞതായി പലരും പരാതിപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സുനാമി ഇറച്ചിയും വീണ്ടും പ്രചരിക്കുന്നതായി സുചനകള്‍ ഉയരുന്നു. സീസണിലെ ഡിമാന്‍ഡും ശുദ്ധമായ ഇറച്ചിയുടെ തീവിലയുമാണ് സുനാമി ഇറച്ചിയെ ആശ്രയിക്കാന്‍ പല കച്ചവടക്കാരെയും പ്രേരിപ്പിക്കുന്നത്.

എന്താണ് സുനാമി ഇറച്ചിയെന്ന് അറിയാത്തവര്‍ക്കായി : അയല്‍ സംസ്ഥാനങ്ങളിലെ വന്‍കിട ഇറച്ചി കശാപ്പ് ഫാക്ടറികളില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് സുനാമി ഇറച്ചിയെന്ന ഓമനപ്പേരില്‍ കേരളത്തില്‍ എത്തുന്നത്. ഇറച്ചിയുടെ പ്രധാനഭാഗങ്ങള്‍ കയറ്റുമതി ചെയ്തശേഷം ബാക്കിയായ പ്രധാനമായും അറവ് മൃഗങ്ങളുടെ കരള്‍, ഹൃദയം, നാവ്, തരുണാസ്ഥി, തുടങ്ങിയ ഭാഗങ്ങളും കോഴി താറാവ് തുടങ്ങിയവയുടെ കാല്‍മുട്ടിനോട് ചേര്‍ന്നഭാഗവും തൊലിയും എല്ലും മുട്ടിയുമൊക്കെയാണ് ഇത്തരത്തില്‍ കൊത്തിനുറുക്കിയ രൂപത്തില്‍ കേരളത്തിലെത്തുന്നത്. ശരിയായ ശീതീകരണസംവിധാനം പോലുമില്ലാത്ത ചീഞ്ഞു നാറുന്ന പരുവത്തിലാകും പലപ്പോഴും ഈ ഇറച്ചി ലഭിക്കുന്നതെങ്കിലും മസാല ചേര്‍ത്ത് ഗംഭീരമാക്കാന്‍ കഴിവുള്ള പാചകക്കാരുണ്ടെങ്കില്‍ ഹോട്ടലുകാര്‍ക്ക് ഇതൊരു പ്രശ്‌നമല്ല. ബീഫ്, വിഭവങ്ങളിലും പഫ്‌സ്, കട്‌ലറ്റ്, റോള്‍, സമോസ എന്നിവയിലുമാണ് ഇവ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്.
സാധാരണ ഇറച്ചിക്ക് നല്‍കേണ്ടതിന്റെ നാലിലൊന്ന് വിലയ്ക്ക് ഇത് കേരളത്തില്‍ എത്തിക്കുവാന്‍ പ്രത്യേക ഏജന്റുമാരുണ്ട്. ഏതാനും വര്‍ഷം മുന്‍പ് കൊച്ചിയില്‍ ഇത്തരമൊരു ഏജന്റ് പിടിയിലായതോടെയാണ് സുനാമി ഇറച്ചിയെന്ന പേര് പുറത്തറിഞ്ഞത്. ചിലയിടത്ത് പൊടിയിറച്ചി എന്ന പേരിലും ഇത് ലഭ്യമാണ്. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് കന്നുകാലി കച്ചവടക്കാരുടെ സമരം വന്നപ്പോഴാണ് സുനാമി ചില ഹോട്ടലുകാരുടെ രക്ഷക്കെത്തിയത്. അമിതലാഭത്തില്‍ മയങ്ങിയ ഈ ഹോട്ടലുടമകളില്‍ പലരും തുടര്‍ന്നും സുനാമി ആശ്രയിക്കുവാന്‍ തുടങ്ങിയതായാണ് ഈ മേഖലയുമായി അടുത്ത ബന്ധമുള്ളവര്‍ വെളിപ്പെടുത്തുന്നത്. സുനാമി ഇറച്ചി വാങ്ങുന്ന ഹോട്ടലുടമകളില്‍ ചിലര്‍ക്കെങ്കിലും എന്താണ് ഇതില്‍ അടങ്ങിയിട്ടുള്ളതെന്നോ എവിടെനിന്നാണിത് വരുന്നതെന്നോ അറിവുമുണ്ടാകില്ല. ഏജന്റുമാര്‍ തരുന്നു, ഇവര്‍ വാങ്ങി കറിവെയ്ക്കുന്നു, അത്രമാത്രം.
സുനാമി എന്ന പേരുപോലെത്തന്നെ, എപ്പോള്‍ എവിടെവച്ചാണ് സുനാമി ഇറച്ചി നമ്മുടെ വയറ്റിലെത്തുക എന്നറിയാന്‍ പ്രയാസമാണ്. പലപ്പോഴും ഭാഗികമായി നല്ല ഇറച്ചിയുമായി കലര്‍ത്തിയാകും ഇത് കറിവെച്ചിട്ടുണ്ടാവുക. എന്നാല്‍ എന്നാല്‍ അല്‍പം ജാഗ്രത പുലര്‍ത്തിയാല്‍ ആരോഗ്യത്തിന് ഹാനികരമായ ഈ കെട്ട ഇറച്ചി കഴിക്കാതെ രക്ഷപ്പെടാം.

സുനാമിയിറച്ചി എങ്ങിനെ കണ്ടെത്താം?

മട്ടന്‍ വിഭവങ്ങളില്‍ ബീഫ് കലര്‍ത്താനുള്ള സാധ്യതയുണ്ടെങ്കിലും പൊതുവേ സുനാമിയിറച്ചിയുണ്ടാകാന്‍ സാധ്യത കുറവാണ്. വലിയ കഷണങ്ങളായാണ് മട്ടണ്‍ പലപ്പോഴും വിഭവങ്ങളില്‍ ഉണ്ടാവുക എന്നതിനാലാണിത്. ചെറിയ കഷണങ്ങളായി ലഭിക്കുന്ന ബീഫ് വിഭവങ്ങളിലാണ് ഏറ്റവുമധികം കലര്‍പ്പ് കണ്ടുവരുന്നത്. രുചിയില്‍ മയങ്ങാതെ ഒന്നു ശ്രദ്ധിച്ചാല്‍ ഇത് എളുപ്പത്തില്‍ കണ്ടെത്താനാകും.
എങ്ങിനെയെന്ന് വിശദീകരിക്കാം:

കൂടുതല്‍ കരള്‍
കഴിക്കുന്ന ഇറച്ചിക്കറിയില്‍ കരള്‍ഭാഗം കൂടുതലായി ലഭിച്ചാല്‍ സുനാമിയെ സംശയിക്കണം. ഒരു മുതിര്‍ന്ന മൂരിയ്ക്ക് ആയിരം കിലോയിലേറെ ഭാരമുണ്ടാകാം. എന്നാല്‍ ഇതിന്റെ കരളിന് നാലോ അഞ്ചോ കിലോ മാത്രമാണ് ഭാരം. നമ്മുടെ നാട്ടിലെ സാധാരണ ഇറച്ചിക്കടകളില്‍ കരളിന് ആവശ്യക്കാര്‍ ഏറെയാണ്. പലയിടത്തും നേരത്തേ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ കരള്‍ ലഭിക്കുകയുമുള്ളു, പ്രത്യേകിച്ചും കൂടുതല്‍ ആവശ്യക്കാരുള്ള മഴക്കാലത്തും മറ്റും. പലപ്പോഴും സാധാരണഇറച്ചിയേക്കാള്‍ വിലയും നല്‍കേണ്ടിവന്നേക്കാം. ഇത്രയ്ക്ക് ഡിമാന്‍ഡുള്ള സാധനമാണ് കരള്‍ എന്നിരിക്കേ എങ്ങിനെയാണ് സാധാരണ ഇറച്ചിക്കറി വാങ്ങുമ്പോള്‍ അതില്‍ മൂന്നും നാലും പീസ് കരള്‍ ലഭിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? നല്ലവനായ ഹോട്ടലുടമ നമ്മുടെ ആരോഗ്യം നന്നായിക്കോട്ടേ എന്നു കരുതി ഇട്ടുതന്നതാണെന്ന് കരുതിയോ    ?
ചിലപ്പോഴൊക്കെ അങ്ങിനെ സംഭവിച്ചുകൂടെന്നില്ല. എന്നാല്‍ പലപ്പോഴും ഇവിടെയാണ് സുനാമിയെ സംശയിക്കേണ്ടത്. ഇറച്ചിക്കറിയില്‍ ഇങ്ങിനെ ലഭിക്കുന്ന കരള്‍ കഴിച്ചുനോക്കിയാല്‍ രണ്ടാമത്തെ സൂചന ലഭിക്കും. വല്ലാത്തൊരു ചുവയുണ്ടാകും. ഇറച്ചിക്കടകളില്‍ നിന്ന് കരള്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയി വെച്ചുകഴിക്കുന്നവര്‍ക്ക് ഈ ചുവവ്യത്യാസം പെട്ടെന്ന് പിടികിട്ടും.

കൂടുതല്‍ ഹൃദയം: കരള്‍ഭാഗം കഴിഞ്ഞാല്‍ പിന്നെ സുനാമിയില്‍ കൂടുതലുണ്ടാവുക ഹൃദയത്തിന്റെ ഭാഗങ്ങളാണ്. കരളു പോലെ ചുവവ്യത്യാസം കൊണ്ട് കണ്ടുപിടിക്കാനാവില്ലെങ്കിലും കൂടുതലായി ഹൃദയഭാഗങ്ങള്‍ കറിയില്‍ ലഭിച്ചാല്‍പ്പോലും സുനാമിയെ സംശയിക്കണം. സാധാരണ ഇറച്ചിക്കഷണത്തില്‍ നിന്ന് വ്യത്യസ്തമായി അല്‍പം കൂടി കട്ടിയുണ്ടാകും ഹൃദയഭാഗങ്ങള്‍ക്ക്. നാവ് ഉള്‍പ്പടെയുള്ള മറ്റു ചിലഭാഗങ്ങള്‍ക്കും ഇതേ രൂപമാണ് കറിവെച്ചാല്‍ ഉണ്ടാവുക. Raw-beef-heart-cubed

പ്ലേറ്റില്‍ വിളമ്പിവെച്ചിട്ടുള്ള കറിയില്‍ എത്ര ലക്ഷണമൊത്ത ഇറച്ചിക്കഷണങ്ങള്‍ ഉണ്ടെന്ന് നോക്കിയാല്‍ സംഗതിയുടെ കിടപ്പ് ഏകദേശം പിടികിട്ടും. എല്ല്, തരുണാസ്ഥി, കൊഴുപ്പ്, കരള്‍, ഹൃദയം, എല്ലും ഇറച്ചിയും കൂടിക്കുഴഞ്ഞത്, മൂന്നോ നാലോ നല്ല ഇറച്ചിക്കഷണങ്ങള്‍. ഇതാണ് സുനാമി ഇറച്ചികലര്‍ത്തിവെച്ച ഇറച്ചിക്കറിയുടെ ഏകദേശ ഘടന. ഇനി ഇത്തരത്തിലാണ് കറി ലഭിക്കുന്നതെങ്കില്‍, അയല്‍സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന സുനാമിയല്ലെങ്കില്‍ക്കൂടി, നമ്മുടെ നാട്ടിലെ തന്നെ ഇറച്ചിക്കടകളില്‍ നിന്നു ലഭിക്കുന്ന പാഴ്ഭാഗങ്ങളാവാം ഇതില്‍ കലര്‍ത്തിയിട്ടുള്ളത്. നൂറു ഗ്രാം നല്ല മാട്ടിറച്ചിക്ക് കൂടിപ്പോയാല്‍ മുപ്പത് രൂപ വിലയുണ്ടാകും. കടയില്‍ നിന്നും എണ്‍പത് രൂപയ്ക്ക് വാങ്ങുന്ന കറിയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ചോദ്യം ചെയ്യേണ്ടതില്ലേ? ഉണരൂ ഉപഭോക്താവേ ഉണരൂ..

ചിക്കന്‍സുനാമി

ബീഫില്‍ മാത്രമല്ല, ചിക്കന്‍പഫ്‌സ്, ചിക്കന്‍ റോള്‍ എന്നിവയിലും സുനാമിയുണ്ടാകാറുണ്ട്. ഇത് കണ്ടെത്താനും ഒരൊറ്റവഴിയേയുള്ളൂ. പഫ്‌സും റോളുമൊക്കെ വാങ്ങിയാല്‍ കണ്ണും പൂട്ടി വായിലേക്ക് തള്ളാതെ, തുറന്ന് പരിശോധിച്ച് സാവധാനം കഴിക്കുക. ഇങ്ങിനെ പരതി നോക്കിയാല്‍ തരുണാസ്ഥിയും chicken-puffsതോലും കാല്‍വിരലുകളുമൊക്കെ കൊത്തിനുറുക്കിയത് കണ്ട് കാര്യം ബോധ്യപ്പെടാം. കോഴിയുടെ കരളും കുടലുമൊന്നും ഇത്തരത്തില്‍ പഫ്‌സിനകത്തുണ്ടാകാറില്ല. ഇതൊക്കെ കോഴിപാര്‍ട്‌സ് എന്ന പേരില്‍ പലകടകളിലും വില്‍പനയ്ക്ക് വെച്ചിട്ടുണ്ടാകും. ഇങ്ങിനെ പാര്‍ട്‌സ് വിറ്റതിന് ശേഷം പോലും ബാക്കിയാവുന്ന അവശിഷ്ടങ്ങളാണ് പഫ്‌സിലെത്തുന്നത് എന്നു സാരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss