|    Jun 24 Sun, 2018 12:55 pm
FLASH NEWS

കഴക്കൂട്ടത്തും പരിസരത്തും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

Published : 12th December 2017 | Posted By: kasim kzm

എം  എം  അന്‍സാര്‍

കഴക്കൂട്ടം: പോലിസും എക്‌സൈസും പദ്ധതികള്‍ പലതും ആവിഷ്‌ക്കരിച്ച് തിരച്ചില്‍ വ്യാപകമാക്കുമ്പോഴും കഴകൂട്ടത്തും പരിസര പ്രദേശങ്ങളിലും കഞ്ചാവ്  മയക്കുമരുന്ന് മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് അറുതിയില്ല. കഴിഞ്ഞ ദിവസവും പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിന് സമീപം രണ്ട് കിലോ കഞ്ചാവുമായി ഒഡീസ സ്വദേശിയായ യുവാവിനെ കഴക്കൂട്ടം എക്‌സൈസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി ആഴ്ചകള്‍ക്ക് മുമ്പ് രാഷ്ട്രപതി തറക്കല്ലിട്ട പള്ളിപ്പുറത്തെ ടെക്‌നോ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരമാണ്.  കഴിഞ്ഞ ഏതാനം മാസങ്ങള്‍ക്ക് മുമ്പ് കഴക്കൂട്ടത്തെയും പരിസര പ്രദേശങ്ങളിലേയും സ്റ്റേഷന്‍ പരിധികളില്‍ നിന്നും ചെറുതും വലുതുമായ നിരവധി പേരേയാണ് കഞ്ചാവുമായി പോലീസും എക്‌സ്‌കൂസൈസും പിടികൂടിയത്. ഇതില്‍ നിരവധി ഇതരസംസ്ഥാന തൊഴിലാളികളും പിടിയിലായിരുന്നു. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടി കേരളത്തിലെത്തുന്ന തൊഴിലാളികളില്‍ ചിലര്‍ കഞ്ചാവ് മയക്കുമരുന്ന് മാഫിയാ സംഘത്തിലെ കണ്ണികളാണെന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക്  ബോധ്യമുണ്ടെങ്കിലും അന്വേഷണം ഇപ്പോഴും കാര്യക്ഷമമല്ല. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തലസ്ഥാന ജില്ലകളിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗവും അല്ലാതെയും കഞ്ചാവ് കടത്തികൊണ്ടുവരുന്നത് ഇപ്പോഴും വ്യാപകമാണ്. ഇതിന്റെ പിന്നില്‍ ഇവര്‍ക്ക് വേണ്ട സഹായങ്ങളും ഒത്താശയും ചെയ്യാന്‍ ജില്ലയിലെ വന്‍ മാഫിയ’ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.  ഈ സംഘത്തിലുള്ള പലരും ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളില്‍  പോയിട്ടും കഞ്ചാവ് ജില്ലയിലെത്തിക്കുന്നുണ്ടു. ഇതിനെ തടയിടുന്ന കാര്യത്തില്‍ അധികൃതര്‍ പൂര്‍ണ പരാജയത്തിലാണ്. സ്‌കുളുകളും കോളജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന സംഘങ്ങള്‍ക്ക് ചില രാഷ്ട്രീയ പ്രവര്‍ത്തകരും പ്രാദേശിക ഗുണ്ടാകളും സഹായത്തിനായി രംഗത്തുണ്ട്. ഇതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ സംഘത്തിന്റെ കടുത്ത ഭീഷണിയാണ് നേരിടേണ്ടി വരുന്നത്. കോര്‍പറേഷന്‍ പരിധിയിലുള്ള തീരദേശപ്രദേശമായ കഴക്കൂട്ടം, പള്ളിത്തുറ ഉള്‍പ്പെടെ കഠിനംകുളം, അഴൂര്‍, ,ചിറയിന്‍കീഴ്, അണ്ടൂര്‍ക്കോണം, മംഗലപുരം, പോത്തന്‍കോട് പഞ്ചായത്ത് പരിധികളില്‍പ്പെട്ട തുബ്ബ, പുത്തന്‍തോപ്പ്, കഠിനംകുളം ,പെരുമാതുറ, മുതലപ്പൊഴി, കണിയാപുരം, കഠിനംകുളം, ശാസ്തവട്ടം,കരിച്ചാറ, മുരുക്കുംപുഴ, ടെക്‌നോപാര്‍ക്ക് പരിസരം പ്രദേശങ്ങളിലാണ് മാഫിയാ സംഘം പ്രവര്‍ത്തനം വ്യാപകമാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss