|    Nov 17 Sat, 2018 3:40 am
FLASH NEWS

കഴക്കൂട്ടം മുതല്‍ ചാക്ക വരെ നിര്‍മാണം അന്തിമഘട്ടത്തില്‍

Published : 17th July 2018 | Posted By: kasim kzm

കഴക്കൂട്ടം: ബൈപാസ് നാലുവരിപ്പാതയാക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴക്കൂട്ടം മുതല്‍ ചാക്കവരെയുള്ള ജോലികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ചാക്ക റെയിവേ മേല്‍പാലത്തിന്റെയും ആനയറയിലെ മേല്‍പാലത്തിന്റെയും നിര്‍മാണം അതീവ വേഗത്തിലാണ് പുരോഗമിക്കുന്നത്. കഴക്കൂട്ടത്ത് നിന്നും മുക്കോല വരെയുള്ള ബൈപാസ് നാല് വരി പാതയാക്കുന്നതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. കഴക്കൂട്ടത്തുനിന്നു ചാക്കവരെ പത്തുകിലോമീറ്ററോളം വരുന്ന റോഡ് പണിയും അനുബന്ധ ജോലികളും ഏതാണ്ട് 90 ശതമാനം പൂര്‍ത്തിയായ അവസ്ഥയിലാണ്. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി നിര്‍മിച്ച മൂന്നു പ്രധാനപാലങ്ങളില്‍ ആക്കുളം പാലത്തിന്റെ നിര്‍മാണം ആറു മാസം മുമ്പു തന്നെ പൂര്‍ത്തീകരിച്ചിരുന്നു.
ബൈപാസ് നിര്‍മാണത്തിനു തടസ്സമായി നിന്ന കുഴിവിള തമ്പുരാന്‍ മുക്കിലെ കൂറ്റന്‍ പാറ പൊട്ടിച്ചുമാറ്റുന്ന ജോലിയാണ് ഏറ്റവും വലിയ താമസം നേരിടുന്നത്. ഇതിന് സമീപം കൂറ്റന്‍ ഫഌറ്റ് സമുച്ഛയങ്ങള്‍ ഉള്ളതിനാല്‍ ഏറെ മുന്‍കരുതലോടെയാണ് ഈ പണികള്‍ നടക്കുന്നത്.  ഒരു മാസത്തിനുള്ളില്‍ തന്നെ ഇവിടത്തെ പാറ പൂര്‍ണ്ണമായും അറുത്തുമാറ്റി സര്‍വീസ് റോഡു നിര്‍മിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വളരെ നേരത്തെ തന്നെ പാറ പൊട്ടിച്ചുമാറ്റുന്ന ജോലി ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് വിജയം കാണാത്തത് കാരണം കരാറെടുത്ത കമ്പനി തന്നെ ജെസിബി കൊണ്ട് പൊട്ടിച്ചുമാറ്റുന്ന ജോലിയാണ് ഇപ്പോള്‍ നടന്ന് വരുന്നത്. ഇങ്ങനെ ലഭിക്കുന്ന പാറ ദേശീയപാതയുടെ നിര്‍മാണത്തിനു ഉപയോഗിച്ചുവരുകയാണ്. കുഴിവിള തമ്പുരാന്‍ മുക്കുമുതല്‍ ആക്കുളം പാലം വരെയുള്ള അര കിലോമീറ്ററോളം വരുന്ന ഭാഗത്ത് സര്‍വീസ് റോഡു നിര്‍മിക്കുന്ന ജോലിയും പുരോഗമിക്കുന്നു.
ഇരുവശത്തെയും ചെളി മണ്ണ് ഇടിഞ്ഞുവീഴുന്നതിനാല്‍ പുതിയ സാങ്കേതിക വിദ്യയായ നെയില്‍ ഫിക്‌സിംങ് ഉപയോഗിച്ചാണ് മുപ്പതടിയിലേറെ പൊക്കം വരുന്ന കുന്ന് ഇടിഞ്ഞുവീഴാതെ സംരക്ഷിക്കുന്നത്. മൂന്നു മീറ്റര്‍ അകലത്തില്‍ ഇരുമ്പുകമ്പികള്‍ യന്ത്രം ഉപയോഗിച്ച് മണ്ണിലേയ്ക്ക് തുളച്ചുകയറ്റി ഉറപ്പിച്ചശേഷം അതിന്റെ വശത്ത് ഇരുമ്പ് വല പിടിപ്പിച്ച് സംരക്ഷണഭിത്തി നിര്‍മിക്കുന്ന വിദ്യയാണ് നെയില്‍ ഫിക്‌സിങ്. കഴക്കൂട്ടം മുതല്‍ ചാക്കവരെയുള്ള ഭാഗങ്ങളില്‍ കുഴിവിള തമ്പുരാന്‍ മുക്കുമുതല്‍ ആക്കുളം വരെയുള്ള ഭാഗം ഒഴിച്ചാല്‍ ഇരുവശങ്ങളിലേയും സര്‍വീസ് റോഡ് നിര്‍മാണവും ഏതാണ്ട് പൂര്‍ത്തിയായി. റോഡിന്റെ വശങ്ങളില്‍ ഓട നിര്‍മിക്കുന്ന ജോലിയും അവസാനഘട്ടത്തിലാണ്. കഴക്കൂട്ടം മുതല്‍ ചാക്കവരെ പ്രധാന റോഡിന്റെ ഒരോ ലൈനും 9.5മിറ്റര്‍ വീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. റോഡിന്റെ നടുക്ക് ഡിവൈഡറുകളും രണ്ടു ലൈനുകളും ഉണ്ട്. ഇവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
മീഡിയനുകളില്‍ ചെടികള്‍ വച്ചുപിടിപ്പിച്ചിക്കുന്ന ജോലിയും നടന്നുവരുകയാണ്. ടെക്‌നോപാര്‍ക്കിനു മുന്നിലെ മേല്‍പാതയുടെ നിര്‍മ്മാണത്തിനുള്ള സ്ഥലമെടുപ്പ് നടപടികളും ആരംഭിച്ചിട്ടുണ്ട്. ഹൈദ്രബാദ് ആസ്ഥാനമായ കെഎന്‍ആര്‍ കണ്‍സ്ട്രഷന്‍ കമ്പനിയാണ് നാലുവരിപ്പാതയുടെ കരാറെടുത്തിട്ടുള്ളത്. രണ്ടുവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍.  കഴക്കൂട്ടം മുതല്‍ മുക്കോല വരെയുള്ള 26.5 കിലോമീറ്റര്‍ റോഡാണ് ആദ്യഘട്ടത്തില്‍ നാലുവരിപാതയാക്കി മാറ്റുന്നത്. നാലുവരി പാത പൂര്‍ത്തിയാകുന്നതോടെ ഐടി നഗരത്തെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. മേല്‍പാലം കൂടി പൂര്‍ത്തിയാകുന്നതോടെ ഗതാഗത കുരുക്ക് പൂര്‍ണമായും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ജനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss