|    Jun 18 Mon, 2018 11:08 pm

കള്ളുഷാപ്പിനെ ചൊല്ലി സംഘര്‍ഷം; ഗര്‍ഭിണിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്

Published : 11th August 2017 | Posted By: fsq

 

ചേര്‍ത്തല: ജനവാസ കേന്ദത്തില്‍ കള്ളുഷാപ്പ് തുടങ്ങുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്. തണ്ണീര്‍മുക്കം പഞ്ചായത്ത് 18ാം വാര്‍ഡ് അന്നവെളിയില്‍ കുര്യന്റെ ഭാര്യ അഞ്ജു (25), കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡ് സൂര്യപള്ളി ജോണ്‍ (48), പുത്തന്‍ പുരയ്ക്കല്‍ ജോയിയുടെ ഭാര്യ ലിസമ്മ (68) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പരിക്കേറ്റ അഞ്ജു ഗര്‍ഭിണിയാണ്.  പരിക്കേറ്റവരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്നാം മൈലിനു കിഴക്ക് പള്ളിക്കവലക്കു സമീപം ഇന്നലെ രാവിലെ പത്തോടെയാണ് സംഘര്‍ഷമുണ്ടായത്. ചാരമംഗലം ലൂര്‍ദ്ദ് മാതാപള്ളി കുരിശടി, ചെറുവള്ളി ഭജനമഠവും സ്ഥിതിചെയ്യുന്നതിനു സമീപമാണ് കള്ളുഷാപ്പ് തുടങ്ങാനാരംഭിച്ചത്. ജനവാസ കേന്ദ്രമായ ഇവിടെ കള്ളുഷാപ്പ് വരുന്നതിനെതിരെ രണ്ടുമാസമായി നാട്ടുകാര്‍ സമരത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാവിലെ പല വാഹനങ്ങളിലായി കള്ള് ഷാപ്പ് ഉടമസ്ഥരും സംഘവും എത്തുകയും ഇത് നടത്താനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തത്. ഇതേ തുടര്‍ന്നാണ് നാട്ടുകാരുമായി സംഘര്‍ഷമുണ്ടായത്. ഷാപ്പുനടത്തിപ്പുകാരിലെ ചിലര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയായിരുന്നുവെന്നു പരിക്കേറ്റവര്‍ പറഞ്ഞു. സംഘര്‍ഷാവസ്ഥയറിഞ്ഞ് മാരാരിക്കുളം പോലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. നാട്ടുകാരെ മര്‍ദിച്ച സംഭവത്തില്‍ പോലിസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  സംഭവസ്ഥലത്ത് നാട്ടുകാര്‍ക്ക് പിന്തുണയുമായി ചാരമംഗലം പള്ളി വികാരി ഫാ. ജീമോന്‍ ബംഗ്ലാവ്പറമ്പില്‍, കൂടാതെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും എത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss