|    Nov 22 Thu, 2018 1:22 am
FLASH NEWS

കള്ളുഷാപ്പിനെതിരേ ആദിവാസികളുടെ സമരം ശക്തമാവുന്നു

Published : 6th August 2018 | Posted By: kasim kzm

കാളികാവ്: ചോക്കാട് നാല്‍പ്പത് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പിനെതിരെ ആദിവാസികളുടെ പ്രതിഷേധ സമരം രണ്ടാം ദിവസം പിന്നിട്ടു. ആദിവാസി കോളനി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം.
നൂറിലധികം കുടുംബങ്ങളുള്ള 40 സെന്റ് ആദിവാസി കോളനിയില്‍ കാടിന്റെ മക്കളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായാണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നത്.ചോക്കാട് പിഎച്ച്‌സിയില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം ദൂരത്താണ് കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്.
ട്രൈബല്‍ സ്‌കൂളും പുതിയതായി തുടങ്ങിയ കള്ള് ഷാപ്പിനു സമീപത്താണ്. ആദിവാസികളെ ലക്ഷ്യംവച്ച് തുറന്ന കള്ള് ഷാപ്പ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് കോളനി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം തുടരുന്നത്. സമരം പൊളിക്കുന്നതിനു വേണ്ടി സൗജന്യമായിട്ടാണ് കള്ള് വിതരണം ചെയ്തതെന്നും സമരക്കാര്‍ ആരോപിച്ചു.
കോളനി നിവാസികളെ മുഴുപ്പട്ടിണിയിലാക്കാനും നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ത്ത് ജനജീവിതം സംഘര്‍ഷഭരിതമാകാനും ഷാപ്പ് കാരണമാകുമെന്ന് ഭയപ്പെടുന്നതായി കോളനി നിവാസികള്‍ പറയുന്നു. ആദിവാസികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ രണ്ടാം ദിവസത്തെ സമരത്തില്‍ പങ്കെടുത്തു. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. രണ്ടുമണിക്കൂര്‍ മാത്രമാണ് ഇന്നലെ കള്ള് ഷാപ്പ് തുറന്നത്.
പൂര്‍ണമായി അടച്ചുപൂട്ടുന്നതു വരെ സമരം നടത്താനാണ് ആദിവാസി സംരക്ഷണ സമിതിയുടെ തീരുമാനം. ടി സുജിത്ത്, പി രാമന്‍, പി ശിവദാസന്‍, ടി സരസ്വതി, പി ചക്കി നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss