|    Apr 26 Thu, 2018 8:23 pm
FLASH NEWS

കള്ളിയമ്പാറ മാലിന്യനിക്ഷേപം: ശക്തമായ നടപടികളെന്ന് ജില്ലാ കലക്ടര്‍

Published : 22nd January 2016 | Posted By: SMR

പാലക്കാട്: മുതലമട കള്ളിയമ്പാറ ആദിവാസി കോളനിയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ മാലിന്യനിക്ഷേപം നീക്കം ചെയ്യുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
മാലിന്യ പ്രശ്‌നത്തില്‍ പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമവകുപ്പില്‍പ്പെടുത്തി നടപടി എടുക്കാന്‍ യോഗത്തില്‍ പങ്കെടുത്ത പോലിസ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മാലിന്യ പ്രശ്‌നത്തില്‍ ഇടപെട്ട ആദിവാസികള്‍ക്കെതിരേ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടറോട് അവര്‍ പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സത്യസന്ധമായ റിപോര്‍ട്ട് നല്‍കണമെന്നും കലക്ടര്‍ പോലിസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സ്ഥലത്തെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യുന്നതിന് സത്വരനടപടി സ്വീകരിക്കാന്‍ മുതലമട പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി സ്ഥലമുടമയ്ക്ക് പഞ്ചായത്ത് ഉടന്‍ നോട്ടീസ് നല്‍കണം. ആവശ്യമെങ്കില്‍ ഉടമയെ വിചാരണ നടത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. സ്വന്തം ഉത്തരവാദിത്വത്തില്‍ ഉടമ മാലിന്യം നീക്കം ചെയ്തില്ലെങ്കില്‍ പഞ്ചായത്ത് ഇടപെട്ട് നീക്കണമെന്നും അതിന്റെ ചിലവ് സ്ഥലമുടമയില്‍ നിന്ന് ഈടാക്കണമെന്നും നിര്‍ദേശിച്ചുട്ടുണ്ട്.
പ്രദേശവാസികളുടെ ആരോഗ്യ പ്രശ്‌നത്തില്‍ ഇടപെട്ട് അവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാംപ് നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറോട് കലക്ടര്‍ നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി ഇന്നു തന്നെ കോളനിയില്‍ സൗജന്യ മെഡിക്കല്‍ക്യാംപ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മറുപടി നല്‍കി. കൃഷിക്ക് ആവശ്യമായ ജൈവവളം ശേഖരിക്കുന്നതിന് കൃഷി വകുപ്പ് നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് മാലിന്യം കുന്നുകൂടുന്നതിന് ഇടയാക്കിയതെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച് നടത്തിയ പരിശോധനയെക്കുറിച്ച് റിപോര്‍ട്ടു നല്‍കാന്‍ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫിസറോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
മേഖലയിലെ പട്ടിക വര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കിയതു സംബന്ധിച്ച് റിപോര്‍ട്ട് നല്‍കുന്നതിന് ജില്ലാ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസറോടും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നീറ്റജലാറ്റിന്‍ കമ്പിനിയുടെ സ്ലഡജ് ആണ് പ്രസ്തുത സ്ഥലത്ത് വന്‍തോതില്‍ സ്റ്റോക്കു ചെയ്തിരിക്കുന്നതെന്നും സ്റ്റോക്ക് തീര്‍ന്നതിന് ശേഷം മാത്രമാണ് അടുത്തത് കൊണ്ടുവരാന്‍ അനുമതി നല്‍കിയിരുന്നതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍ജിനീയര്‍ അറിയിച്ചു.
സ്ഥലത്ത് നിക്ഷേപിച്ചിരിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉടന്‍ നീക്കം ചെയ്യേണ്ടതാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ജലാറ്റിനു പുറമെ മറ്റു മാലിന്യങ്ങളും കാണുന്നതിനാല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, പ്രിന്‍സിപ്പള്‍ കൃഷി ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ സ്ഥലം പരിശോധിച്ച് സാംപിള്‍ ശേഖരിച്ച് പരിശോധനക്ക് നടത്തണം.
സമീപത്തെ ജലസ്രോതസുകളുടെ സാംപിള്‍ പരിശോധനയും നടത്തണം. ഇതിനാവശ്യമായ പോലിസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
അന്യജില്ലകളില്‍ നിന്നും കൊണ്ടുവരുന്ന മാലിന്യങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ തടയുന്നതിന് പോലിസ് കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എഡിഎം യു നാരായണല്‍കുട്ടി, ആര്‍ഡിഒ കെ ശെല്‍വരാജ്, ഡിഎംഒ ഡോ. കെ പി റീത്ത, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ സി വി ജയശ്രീ, മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, ഡിവൈഎസ്പി മാരായ കെ രാമചന്ദ്രന്‍, എം കെ സുല്‍ഫിക്കര്‍, ഡി ഡി പി കെ മുരളീധരന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി എം സുധ, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ കെ സി ചെറിയാന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss