|    Apr 26 Thu, 2018 1:55 am
FLASH NEWS

കള്ളിയമ്പാറ ആദിവാസി കോളനി രോഗങ്ങളുടെ പിടിയില്‍

Published : 20th January 2016 | Posted By: SMR

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: മുതലമട കള്ളിയമ്പാറ ആദിവാസി കോളനിയില്‍ മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെ രോഗങ്ങളുടെ പിടിയിലാണ്. സമീപത്തുള്ള വിനോദിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് ഖര രാസമാലിന്യ നിക്ഷേപം ഉള്‍പ്പെടെ ഏഴു വര്‍ഷമായി മാലിന്യം നിക്ഷേപിച്ചു കൊണ്ടിരിക്കുന്നത്.
18 ആദിവാസി വീടുകളിലായി 50 കുടുംബങ്ങളിലായി നൂറോളം പേരാണ് കോളനിയില്‍ താമസിക്കുന്നത്. രണ്ടു വര്‍ഷമായി നിരവധി പേരാണ് ദുര്‍ഗന്ധം വമിക്കുന്ന വാതകം ശ്വസിച്ചതിലൂടെ മാരകരോഗങ്ങള്‍ക്ക് ഇടയായത്. ശ്വാസതടസവും വൃക്ക രോഗവും ത്വക്ക് രോഗവും ഈ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഏറെയാണ്. കഴിഞ്ഞ ദിവസം കണ്ണന്‍ എന്ന യുവാവിന്റെ മരണത്തിന് കാരണമായതും ഇതു തന്നെയാണെന്നാണ് കോളനിവാസികള്‍ പറയുന്നത്. ഇതോടെ ഇവിടെ നിന്നും മൂന്ന് കുടുംബങ്ങള്‍ മാറി താമസിക്കാന്‍ കാരണമായി.
പട്ടികവര്‍ഗ വിഭാഗത്തിലെ മലസര്‍ വിഭാഗക്കാരാണ് കോളനിവാസികള്‍. പാരമ്പര്യമായി ഈ പ്രദേശത്ത് താമസിച്ചു വരുന്നവരും മലയില്‍ പോയി ഔഷധസസ്യങ്ങളും വേരുകളും ശേഖരിക്കുന്ന പണികളാണ് ഇവര്‍ ചെയുന്നത്. പുതിയ തലമുറയില്‍പ്പെട്ടവര്‍ മറ്റു കൃഷിപ്പണിയും ചെയ്തുവരുന്നു. കോളനിയുടെ എതിര്‍വശത്തുള്ള തോട്ടത്തിലാണ് മാലിന്യ നിക്ഷേപം നടത്തുന്നത് ഇതോടെ കോളനിയിലെ കിണറിലും ശുദ്ധ ജലം മലിനമാകാന്‍ കാരണമായി.
മനുഷ്യന്റെ പ്രാഥമിക ആവശ്യമായ വായു, ജലം എന്നിവ മലിനപ്പെടുത്തി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ജീവിക്കാന്‍ അനുവദിക്കാത്ത സ്ഥല ഉടമയ്ക്ക് എതിരെ നടപടി എടുക്കാന്‍ പട്ടികവര്‍ഗ വകുപ്പോ പോലിസോ ബന്ധപ്പെട്ട ഭരണ സംവിധാനമോ തയ്യാറാകുന്നില്ല. പകരം കോളനി നിവാസികളെ കള്ളക്കേസില്‍ കുടുക്കുകയാണ് പോലിസ് ചെയ്യുന്നത്. സ്ഥല ഉടമയെ എതിര്‍ത്താല്‍ കോളനിയിലെ എല്ലാവരുടെ പേരിലും കേസെടുക്കുമെന്ന് പോലിസ് ഭീഷണി ഉയര്‍ത്തുന്നതായും കോളനിക്കാര്‍ പറയുന്നു.
പട്ടികവര്‍ഗ വികസന വകുപ്പ് ഉണ്ടായിട്ടും കോടതിയില്‍ ശൗചാലയമില്ല ഗതാഗതയോഗ്യമായ പാതയില്ല ലക്ഷങ്ങള്‍ സര്‍ക്കാര്‍ വകയിരുത്തിയിട്ടും പദ്ധതികള്‍ താഴെത്തട്ടില്‍ എത്തുന്നില്ലന്നതിനെ ഉദാഹരണമാണ് കള്ളിയമ്പാറ കോളനി നിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രൊമോട്ടര്‍ ബ്ലോക്ക് ജില്ലാപട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയോ ഇന്നേ വരെ നടപടികള്‍ എടുക്കാനോ ഇതു വരെ തയ്യാറാകാത്തതും സംശയത്തിന് കാരണമാകുന്നു.
കോളനിയിലെ ശെല്‍വരാജ ന്റെ മകള്‍ അനുമോള്‍ മൂന്നര വയസ്സും രാജഷിന്റെ മകന്‍ അശ്വന്‍ ഒന്നര വയസ്സും ചര്‍മ രോഗങ്ങളുടെ പിടിയിലാണ്. ഇതു കൂടാതെ നിരവധി പേര്‍ ചര്‍മ രോഗവും മറ്റു രോഗങ്ങളും അനുഭവിക്കുകയാണ്. ലക്ഷ്മി 35 മീനാക്ഷി, നിഷ എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയവരുമാണ്.
പ്രകൃതിയുമായി ഇടപഴകി ജീവിക്കുന്ന ആദിവാസി സമൂഹത്തെ ഉന്മൂലനം ചെയ്യുന്ന സ്വകാര്യ വ്യക്തി ലാഭത്തിനായി നടത്തുന്ന മാലിന്യ നിക്ഷേപം സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തലാക്കണമെന്നും ഇതിനായി മുതലമട പഞ്ചായത്ത് ഇന്നു കൂടുന്ന ഭരണ സമിതിയില്‍ മലമടയില്‍ മാലിന്യ നിക്ഷേപം നടത്തുന്നത് കര്‍ശനമായി നിര്‍ത്തലാക്കുന്നതിനായുള്ള നിയമം കൊണ്ടുവരണമെന്നുള്ളതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss