|    Oct 17 Wed, 2018 5:03 pm
FLASH NEWS

കള്ളിച്ചെടികള്‍: അമ്പലവയലില്‍ അന്താരാഷ്ട്ര സിംപോസിയം ജനുവരിയില്‍

Published : 27th December 2015 | Posted By: SMR

കല്‍പ്പറ്റ: കള്ളിച്ചെടികളെക്കുറിച്ചുള്ള അന്താരാഷ്ട്ര സിംപോസിയം ജനുവരി അവസാനവാരം അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തും. കേരള കാര്‍ഷിക സര്‍വകലാശാല പൂപ്പൊലി-2016 എന്ന പേരില്‍ അമ്പലവയലില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് വയനാട് പുഷ്‌പോല്‍സവത്തിന്റെ ഭാഗമായാണ് നാലു ദിവസം നീളുന്ന സിംപോസിയമെന്നു ഗവേഷണ കേന്ദ്രം അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു. കള്ളിച്ചെടികളെക്കുറിച്ചുള്ള അന്താരാഷ്ട്ര സിംപോസിയത്തിന് ഇന്ത്യയില്‍ ആദ്യമായാണ് വേദിയൊരുങ്ങുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50ലധികം കാര്‍ഷിക ശാസ്ത്രജ്ഞര്‍ പങ്കെടുക്കും.
മേഖല ഗവേഷണകേന്ദ്രത്തില്‍ പൂപ്പൊലി മൂന്നാമത് പതിപ്പിനു ജനുവരി 22നാണ് കൊടിയേറ്റം. ഫെബ്രുവരി നാലു വരെ നീളുന്ന പുഷ്‌പോല്‍സവം കേമമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഗവേഷണകേന്ദ്രം സാരഥിയും സഹപ്രവര്‍ത്തകരും. അമ്പലവയലില്‍ കാര്‍ഷിക സര്‍വകലാശാലയുടെ കൈവശമുള്ളതില്‍ ഏകദേശം 12 ഏക്കര്‍ സ്ഥലമാണ് പുഷ്‌പോല്‍സവത്തിനായി ഉപയോഗപ്പെടുത്തുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പുഷ്‌പോല്‍സവത്തിന്റെ സംഘാടനം. ഇത്തവണ പുഷ്‌പോല്‍സവം നടത്തിപ്പില്‍ വയനാട് ടൂറിസം ഓര്‍ഗനൈസേഷനും കാര്‍ഷിക ഗവേഷണ കേന്ദ്രവുമായി കൈകോര്‍ക്കും. ഗവേഷണ കേന്ദ്രത്തെ അഗ്രോ ടൂറിസം സെന്ററായി വികസസിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പൂപ്പൊലി നടത്തിപ്പില്‍ ഡബ്ല്യുടിഒയുമായുളള പങ്കാളിത്തം.
2014 ഫെബ്രുവരി രണ്ടു മുതല്‍ 12 വരെയായിയുന്നു ഗവേഷണ കേന്ദ്രത്തില്‍ പ്രഥമ വയനാട് പുഷ്‌പോല്‍സവം. റോസ്, ഡാലിയ, ജര്‍ബറ, അന്തൂറിയം, ഓര്‍ക്കിഡ്, ഹെലിയോണിയ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട പൂക്കളുടെയും വിവിധയിനം ഫലങ്ങളുടെയും പ്രദര്‍ശനമായിരുന്നു രണ്ട് ലക്ഷത്തോളം പേര്‍ ആസ്വദിച്ച പ്രഥമ പൂപ്പൊലി യുടെ മുഖ്യ ആകര്‍ഷണം. കാര്യമായ ഒരുക്കങ്ങളില്ലാതെ സംഘടിപ്പിച്ച പുഷ്‌പോല്‍സവം ലാഭകരമായ സാഹചര്യത്തിലാണ് വ്യക്തമായ ആസൂത്രണത്തോടെ പൂപ്പൊലി രണ്ടാമത് പതിപ്പിന് 2015 ജനുവരിയില്‍ അമ്പലവയല്‍ വേദിയായത്. കാര്‍ഷിക സര്‍വകലാശാല കണക്കുകൂട്ടിയതിനും അപ്പുറത്തായിരുന്നു രണ്ടാമത് പുഷ്‌പോല്‍സവത്തിന്റെ വിജയം. ജനുവരി 20 മുതല്‍ ഫെബ്രുവരി രണ്ടു വരെ നടത്തിയ പുഷ്‌പോല്‍സവത്തിലൂടെ 90.65 ലക്ഷം രൂപയുടെ വരുമാനമാണ് സര്‍വകലാശാലയ്ക്ക് ലഭിച്ചത്. ഇതില്‍ 35 ലക്ഷം രൂപ സ്റ്റാള്‍ അലോട്ട്‌മെന്റിലൂടെ കിട്ടിയതാണ്. ബാക്കി ടിക്കറ്റ് വില്‍പനയിലൂടെയും.
റോസ്, ഡാലിയ, ജെര്‍ബറ എന്നിവയുടെ സ്ഥിരം ഉദ്യോനങ്ങള്‍ ഗവേഷണകേന്ദ്രത്തിലുണ്ട്. ഇറക്കുമതി ചെയ്തതടക്കം 1000ലധികം ഇനങ്ങളാണ് റോസ് ഗാര്‍ഡനിലുള്ളത്. ഇന വൈവിധ്യംകൊണ്ട് സമ്പന്നമാണ് ഡാലിയ ഉദ്യാനവും. സിക്കിമില്‍നിന്നു കൊണ്ടുവരുന്നതടക്കം ഓര്‍ക്കിഡ് ഇനങ്ങളുടെ പ്രദര്‍ശനം ഇത്തവണത്തെ പുഷ്‌പോല്‍സവത്തിന്റെ പ്രത്യേകതകളില്‍ ഒന്നായിരിക്കുമെന്നു ഗവേഷണ കേന്ദ്രം മേധാവി പറഞ്ഞു. കഴിഞ്ഞ പുഷ്‌പോല്‍സവത്തിന്റെ ഭാഗമായിരുന്ന ചന്ദ്രോദ്യാനം, സൂര്യോദ്യാനം, സ്വപ്‌നോദ്യാനം എന്നിവ ഇക്കുറിയും ഉണ്ടാവും. രണ്ടര എക്കര്‍ വിസ്തൃതിയുള്ളതായിരിക്കും ചന്ദ്രോദ്യാനം. വെള്ള ഇലകളും പൂക്കളുമുള്ള സസ്യങ്ങള്‍ മാത്രമാണ് ഈ ഉദ്യോനത്തില്‍. ആയിരത്തിലധികം വരും ഇതിലുള്ള ഇനങ്ങളുടെ എണ്ണം. ചീര വര്‍ഗത്തില്‍പ്പെട്ട സെലോഷ്യ ഉപയോഗിച്ച് സൂര്യോദയത്തിന്റെ ആകൃതിയില്‍ തീര്‍ത്തതാണ് സൂര്യോദ്യാനം. അപൂര്‍വ ഇനങ്ങളില്‍പ്പെടുന്നതടക്കം പക്ഷികളുടെ ശേഖരവും കുട്ടികളുടെ ഉല്ലാസത്തിനുള്ള സംവിധാനങ്ങളും ഉള്‍പ്പെടുന്നതാണ് സ്വപ്‌നോദ്യാനം. ഇത്തവണ ഈ ഉദ്യാനത്തില്‍ വിപുലമായ സൗകര്യങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നുന്നത്. പുഷ്‌പോല്‍സവ നഗരിയില്‍ ടോയ്‌ലെറ്റ് സൗകര്യം പരിമിതമാണെന്ന പാരാതിയും പരിഹരിച്ചുവരികയാണ്.
പൂപ്പൊലിയുടെ ഭാഗമായി ഒരുക്കുന്ന ‘ഫ്‌ളോട്ടിങ് ട്രൈബല്‍ ഹട്ട്’ സന്ദര്‍ശകര്‍ക്ക് നയനാനന്ദകരമായ കാഴ്ചയായിരിക്കുമെന്ന് ഗവേഷണകേന്ദ്രം മേധാവി പറഞ്ഞു. സ്വപ്‌നോദ്യാനത്തിലേക്കുള്ള പ്രവേശനകവാടത്തിനു സമീപമുള്ള ജലാശയത്തില്‍ ആദിവാസിക്കുടിലിന്റെ നിര്‍മാണം പുരോഗതിയിയാണ്. പൈപ്പുകള്‍ ഉപയോഗിച്ച് ബന്ധിച്ച 22 ബാരലുകള്‍ക്ക് മുകളില്‍ 28 അടി നീളത്തിലും വീതിയുമാണ് കുടില്‍ നിര്‍മിക്കുന്നത്. കൃഷിയും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട ഉല്‍പന്ന, ഉപകരണ പ്രദര്‍ശനം, സെമിനാറുകള്‍ തുടങ്ങിയവയും പുഷ്‌പോല്‍സവത്തിന്റെ ഭാഗമായിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss