|    Mar 23 Fri, 2018 1:14 am

കള്ളിചിത്ര കോളനിക്ക് ആവശ്യമായ ബാക്കി ഭൂമിക്ക് സര്‍ക്കാരിലേക്കെഴുതാന്‍ തീരുമാനം

Published : 3rd August 2017 | Posted By: fsq

 

തൃശൂര്‍: കള്ളിചിത്ര കോളനിക്കാവശ്യമായ ബാക്കി ഭൂമി നല്‍കാന്‍ ഇറിഗേഷന്‍ വകുപ്പ് സര്‍ക്കാരിനെഴുതാന്‍ ജില്ലാകളക്ടര്‍ ഡോ.എ കൗശിഗന്റെ നേതൃത്വത്തില്‍  കളക്‌ട്രേറ്റില്‍ നടന്ന കള്ളിചിത്രഭൂസമരക്കാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ തീരുമാനിച്ചു.1992 ചിമ്മിനിഡാം നിര്‍മ്മിക്കുന്ന സമയത്ത് 20 ഏക്കര്‍ ഇവര്‍ക്കാവശ്യമായിരുന്നു. അപ്രകാരം 12.5 ഏക്കര്‍ ഭൂമി ഇറിഗേഷന്‍ വകുപ്പ് വഴി ഇവര്‍ക്ക്  നല്‍കിയിരുന്നു. ബാക്കി ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇറിഗേഷന്‍ വകുപ്പ്  ഇവര്‍ താമസിക്കുന്നതിനോടടുത്ത് ഭൂമി നല്‍കാന്‍ വേണ്ട നടപടിയ്ക്ക് സര്‍ക്കാരിനെഴുതുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കോളനിയിലെ ഒരു കുടുംബത്തിലെ 2 പേര്‍ക്ക് ഡാമില്‍ ജോലിനല്‍കുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസറെ കളക്ടര്‍ ചുമതലപ്പെടുത്തി. തുടര്‍ന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിയ്ക്കും.കോളനിക്കാരുടെ ആവശ്യങ്ങള്‍ക്കായി രൂപീകരിച്ച സൊസൈറ്റി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അത് പുനരുജീവിപ്പിക്കാന്‍ സെക്രട്ടറിയും അംഗങ്ങളും ഉള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ബോര്‍ഡും ആവശ്യമാണ്. ബോര്‍ഡ് നിലവില്‍ വന്നതിനുശേഷം പുനരുജീവനപാക്കേജിനുള്ള അപേക്ഷ നല്‍കണം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്  സഹകരണ ജോയിന്റ് രജിസ്റ്റാര്‍ തയ്യാറാക്കി കളക്ടര്‍ക്കു നല്‍കാനും യോഗം തീരുമാനിച്ചു.കള്ളിചിത്ര കോളനിയിലേക്ക് ബസ് റൂട്ടിനായി ജോയിന്റ് ആര്‍ടിഒ, ചാലക്കുടി തഹസില്‍ദാര്‍ സംയുക്തമായി യോഗം ചേര്‍ന്ന് തീരുമാനം എടുക്കണമെന്ന് കളക്ടര്‍ അറിയിച്ചു. കോളനിയില്‍ നിര്‍മ്മിച്ചിട്ടുള്ള അങ്കണവാടി കെട്ടിടത്തിന് അനുമതി ലഭിക്കാന്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫിസ് നടപടി സ്വീകരിക്കണം. കൂടാതെ അങ്കണവാടിയ്ക്ക് നമ്പറിടല്‍, വൈദ്യുതീകരണം എന്നിവ താമസിയാതെ ചെയ്യണമെന്നും കലക്ടര്‍ അറിയിച്ചു. കോളനിക്കാര്‍ക്കാവശ്യമായ ജലം ലഭ്യമാക്കുന്നതിന് ചെക്ക്ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സി എഞ്ചിനീയര്‍ എം.പി.ഫണ്ടുമായി ബന്ധപ്പെടുത്തി പദ്ധതി തയ്യാറാക്കാനും  കളക്ടര്‍ നിര്‍ദ്ദേശിച്ചു.യോഗത്തില്‍ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുദിനി രാജീവന്‍, ജില്ലാ പഞ്ചായത്തംഗം  അഡ്വ. ജയന്തി സുരേന്ദ്രന്‍, കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ജോളി ടീച്ചര്‍, പഞ്ചായത്തംഗം ഷബീര ഹുസൈന്‍, ചാലക്കുടി ഡിഎഫ്ഒ ആര്‍ കീര്‍ത്തി, എല്‍ ആര്‍ ഡെപ്യൂട്ടി. കലക്ടര്‍ പി കാവേരിക്കുട്ടി, ഊരുമൂപ്പന്‍ എം കെ ഗോപാലന്‍, സംയുക്ത സമര സമിതി കണ്‍വീനര്‍, എം എന്‍ പുഷ്പന്‍, താലൂക്ക് തഹസില്‍ദാര്‍ പി എസ് മധുസൂദനന്‍  പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss