|    Jul 26 Wed, 2017 12:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കള്ളവോട്ട് ആരോപണം: ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം; ഡിസിസി സെക്രട്ടറിക്ക് പരിക്ക്

Published : 17th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി ഭരണസമിതി തിരഞ്ഞെടുപ്പില്‍ വ്യാപക സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ യുഡിഎഫ് അനുകൂല ഭരണസമിതിയുടെ കാലയളവില്‍ പുതുതായി അംഗത്വം നല്‍കിയ 868 ആജീവനാന്ത അംഗങ്ങളുടെ വോട്ടവകാശം സംബന്ധിച്ച തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. രാവിലെ 11 ഓടെയാണു സംഭവം.
തിരിച്ചറിയല്‍ രേഖയില്ലാതെ വോട്ടു ചെയ്യാനെത്തിയ യുഡിഎഫ് അനുകൂലികളെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് തുടക്കം. കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ്സുകാരനെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യംചെയ്തു. വിവരമറിഞ്ഞ് ഇരുവിഭാഗത്തിലെയും കൂടുതല്‍ പേര്‍ സ്ഥലത്തെത്തി.
മര്‍ദ്ദനത്തില്‍ ഡിസിസി സെക്രട്ടറി കടകംപള്ളി ഹരിദാസന് പരിക്കേറ്റു. ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസും നേതാക്കളും ഇടപെട്ടതോടെയാണു സംഘര്‍ഷത്തിന് അയവുവന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം റിട്ടേണിങ് ഓഫിസര്‍ക്കും സഹായികള്‍ക്കും പോലിസ് സംരക്ഷണം നല്‍കിയിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ച അഭിഭാഷക കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിനു ശേഷം വോട്ടുകള്‍ ജില്ലാ ജഡ്ജിക്കു കൈമാറി.
ഇതുസംബന്ധിച്ച റിപോര്‍ട്ട് റിട്ടേണിങ് ഓഫിസറായ അഡ്വ. വി ജി അരുണ്‍ കോടതിയില്‍ സമര്‍പ്പിക്കും. അപ്പീലില്‍ കോടതിയുടെ നിര്‍ദേശമുണ്ടാവുംവരെ ഫലം പ്രസിദ്ധപ്പെടുത്താനാവില്ല. അംഗത്വ തര്‍ക്കം തീര്‍ക്കാതെ തിരഞ്ഞെടുപ്പു നീതിയുക്തമാവില്ലെന്ന അപ്പീലിനെത്തുടര്‍ന്നായിരുന്നു ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക