|    Apr 19 Thu, 2018 7:25 pm
FLASH NEWS

കള്ളവോട്ടും കുതികാല്‍ വെട്ടുമില്ലാതെ അവര്‍ നേതാവിനെ തിരഞ്ഞെടുത്തു

Published : 1st August 2016 | Posted By: SMR

പേരാല്‍: പിഞ്ചുബാല്യങ്ങള്‍ക്ക് നവ്യാനുഭവമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ്. പേരാല്‍ ഗവ. എല്‍പി സ്‌കൂളില്‍ 2016-17 അധ്യയന വര്‍ഷത്തെ ലീഡര്‍ തിരഞ്ഞെടുപ്പാണ് കുട്ടികള്‍ക്ക് പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്.
കുട്ടികളില്‍ നിന്ന് നാമനിര്‍ദേശ പ്രത്രിക സ്വീകരിച്ചായിരുന്നു തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടുണര്‍ന്നത്. പിന്നീട് സ്ഥാനാര്‍ഥികള്‍ സമ്മതിദായകരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥന നടത്തുകയും വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുകയും ചെയ്തു. ആവേശകരമായ പ്രചാരണ കോലാഹലങ്ങള്‍ക്കു ശേഷം രഹസ്യ ബാലറ്റ് സമ്പ്രദായത്തിലൂടെ കുട്ടിവോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കള്ളവോട്ട് ഭീഷണിയില്ലാതിരുന്ന ഈ തിരഞ്ഞെടുപ്പ് ഗോദയില്‍ പക്ഷേ, സമ്മതിദായരുടെ ഇടതു ചൂണ്ടുവിരലില്‍ മഷിയടയാളം രേഖപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മറന്നില്ല. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായി നടത്തിയതുവഴി നിലവിലെ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഫാത്തിമ അത്തൂഫ സ്‌കൂള്‍ ലീഡറായും മുഹമ്മദ് നിഷാദ് ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.
ഹെഡ്മാസ്റ്റര്‍ പി ജെ മാത്യു, സി കെ സന്ധ്യ, കെ കെ നൂര്‍ജഹാന്‍, ഗായത്രി എന്നിവര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വേഷമിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss