|    Apr 28 Fri, 2017 7:22 pm
FLASH NEWS

കള്ളപ്പണ പ്രയോഗം: മോദി മാപ്പ് പറയണമെന്നു പ്രതിപക്ഷം; പാര്‍ലമെന്റ് ഇന്നലെയും സ്തംഭിച്ചു

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രതിപക്ഷം കള്ളപ്പണത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. നോട്ട് പിന്‍വലിച്ച വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്ത മോദി കഴിഞ്ഞദിവസം പ്രതിപക്ഷത്തിനെതിരേ കള്ളപ്പണ ആരോപണവുമായെത്തിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.  മോദിയുടെ ആരോപണത്തിനെതിരെയായിരുന്നു ഇന്നലെ രാജ്യസഭയിലെ പ്രതിപക്ഷ ബഹളം. മോദിയുടെ വാക്കുകള്‍ എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കുമെതിരായ ഗൗരവമായ ആരോപണമാണ്. അതിനാല്‍, പ്രധാനമന്ത്രി സഭയിലെത്തി മാപ്പുപറയണമെന്നു പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി സഭയിലെത്തി മാപ്പുപറയണമെന്ന് ബിഎസ്പി നേതാവ് മായാവതിയും പറഞ്ഞു.പ്രധാനമന്ത്രി സഭയിലെത്തി മാപ്പു പറയണമെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയനും ആവശ്യമുന്നയിച്ചു. ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു. പിന്നീട് വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രധാനമന്ത്രിയുടെ മാപ്പ് ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തി. എന്നാല്‍, മാപ്പുപറയേണ്ട സാഹചര്യമില്ലെന്നായിരുന്നു മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ നിലപാട്. ലോക്‌സഭ ഇന്നലെ ചേര്‍ന്നയുടന്‍തന്നെ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരായ കള്ളപ്പണ ആരോപണത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നു. നോട്ട് വിഷയത്തില്‍ പാര്‍ലമെന്റിനു പുറത്ത് വിമര്‍ശനങ്ങളുന്നയിക്കാതെ സഭയില്‍ മറുപടി പറയാന്‍ മോദി തയ്യാറാവണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വിഷയം ഉന്നയിച്ചത്. ഇതോടെ മറ്റു പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങി. ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. പിന്നീട് സഭ രണ്ടാമതു ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായയെ സംസാരിക്കാന്‍ അനുവദിച്ച സ്പീക്കര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അവസരം നല്‍കിയില്ല. ഇതോടെ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ് നടുത്തളത്തിലേക്കിറങ്ങി. തുടര്‍ന്ന് സഭ ഇന്നലത്തേക്കു പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.
മോദി പാര്‍ലമെന്റില്‍ എത്തണമെന്നും നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച് പ്രസ്താവന നടത്തണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോദി പാര്‍ലമെന്റില്‍ എത്തി ചര്‍ച്ചയില്‍ പങ്കെടുത്താല്‍ എല്ലാം വ്യക്തമാവുമെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് മോദി സഭയ്ക്ക് പുറത്ത് വ്യത്യസ്ത വികാരങ്ങള്‍ പ്രകടിപ്പിച്ചു, എന്നാല്‍, അദ്ദേഹത്തിന്റെ സഭയിലെ പ്രതികരണത്തിന് താന്‍ കാത്തിരിക്കുകയാണ്. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ആദ്യം അദ്ദേഹം ചിരിച്ചു, പിന്നെ മൂന്നോ നാലോ തവണ കരഞ്ഞു, അദ്ദേഹം പാര്‍ലമെന്റില്‍ വരട്ടെ, എന്നിട്ട് എന്താണു സംഭവിക്കുന്നതെന്നു നമുക്കു കാണാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day