|    Jun 19 Tue, 2018 12:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കള്ളപ്പണവേട്ട പൊളിഞ്ഞു; രാജ്യത്തിന് വന്‍നഷ്ടമെന്ന് തോമസ് ഐസക്

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: കള്ളപ്പണവേട്ടയെന്ന നിലയില്‍ നോട്ടുനിരോധനം ഇതിനകംതന്നെ പരാജയപ്പെട്ടിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇപ്പോഴത്തെ നോട്ട് പിന്‍വലിക്കലിന്റെ നടത്തിപ്പു ചെലവുമാത്രം 1.28 ലക്ഷം കോടി രൂപ വരുമെന്നാണ് സെന്റര്‍ ഫോര്‍ മോനിറ്ററിങ് ഇന്ത്യന്‍ എക്കോണമിയുടെ കണ്ടെത്തല്‍. പഴയ നോട്ടുകള്‍ കെട്ടി നീക്കം ചെയ്യുന്നതും പുതിയതിന്റെ അച്ചടിയും പ്രതിസന്ധി തീര്‍ക്കാന്‍ വിമാനത്തിലും ഹെലികോപ്റ്ററിലുമൊക്കെ നോട്ടുവിതരണത്തിനെത്തിക്കേണ്ടിവന്നതും അടക്കമുള്ള ചെലവാണിത്. ഇതിനു പുറമെയാണ് ഒരു മാസത്തോളമായി ബാങ്കുകളുടെ വായ്പാവിതരണം അടക്കമുള്ള ദൈനംദിനപ്രവത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നതുമൂലമുള്ള വരുമാനനഷ്ടമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കാഷ് ഡെപ്പോസിറ്റ് അനുപാതം ഉയര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചതോടെ ബാങ്കുകള്‍ക്കു കിട്ടാമായിരുന്ന പലിശയും നഷ്ടമായി. സമ്പദ്ഘടനയുടെ വളര്‍ച്ചയിലുണ്ടായിരിക്കുന്ന ഇടിവ് രണ്ടു ശതമാനമെന്നു കണക്കാക്കിയാല്‍പ്പോലും രണ്ടരലക്ഷം കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടാവും. ജനങ്ങള്‍ക്കുണ്ടായ അതിയായ ദുരിതങ്ങള്‍ വേറെയും. ഇത്രയൊക്കെ നഷ്ടംവരുത്തി നോട്ടുനിരോധിച്ചതുകൊണ്ട് ഒരുലക്ഷം കോടിയുടെ കള്ളപ്പണം പോലും കണ്ടെത്താന്‍ കഴിയില്ലെന്ന് ഇതിനകം വ്യക്തമായിരിക്കുകയാണ്. കാരണം, നിരോധിച്ച കറന്‍സിയില്‍ 65 ശതമാനവും ഏതാനും ദിവസം മുമ്പുതന്നെ തിരിച്ചെത്തിക്കഴിഞ്ഞു. ഈ തോതിലാണെങ്കില്‍ 90-95 ശതമാനവും തിരിച്ചെത്താനാണു സാധ്യത. ശേഷിക്കുന്ന അഞ്ചുശതമാനമാവും കള്ളപ്പണമായി കണ്ടെത്തപ്പെടുക. ഇത് ഒരുലക്ഷം കോടിയോളമേ വരൂ. ഇത്രയൊക്കെയായിട്ടും പ്രധാനമന്ത്രിക്കു മിണ്ടാട്ടമില്ലാത്തതെന്തെന്ന് ഐസക് ചോദിച്ചു. തെറ്റുപറ്റിപ്പോയെന്നു തുറന്നു സമ്മതിക്കുന്നതിനു പകരം കാഷ്‌ലെസ് ഇക്കോണമി എന്നെല്ലാം അഭ്യാസങ്ങള്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പിടിച്ചുനില്‍ക്കാന്‍ നോക്കുകയാണ്. അതു ബിജെപി ഭരിക്കുന്ന  സംസ്ഥാനത്തു നടക്കും.  ഇവിടെ ഇത്തരം നിലപാടൊന്നും അംഗീകരിക്കാനാവില്ല. ജിഎസ്ടി ബില്ലിലെ വ്യവസ്ഥകള്‍ കേരളം അംഗീകരിക്കില്ലെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കമെതിരാണ്. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചക്കില്ല. ഇക്കാര്യത്തില്‍ കേരളവുമായി യോജിക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി സഹകരിച്ച് പൊതുനിലപാട് സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss