|    Apr 26 Thu, 2018 11:04 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

കള്ളപ്പണമെന്ന ജാരസന്തതി

Published : 21st November 2016 | Posted By: SMR

അബൂ തമീം

നാഗ്പൂരില്‍ നിന്നിറങ്ങുന്ന ദേശവിരുദ്ധ തന്ത്രങ്ങളെക്കാള്‍ ഭീകരമാണ് സോകോള്‍ഡ് മുഖ്യധാരയുടെ ഞഞ്ഞാമിഞ്ഞ പ്രതികരണങ്ങള്‍. ഒരു യെച്ചൂരിയുടെയോ ആനന്ദ് ശര്‍മയുടെയോ പ്രസംഗത്തില്‍ ഒതുക്കേണ്ടതല്ല നോട്ടുകള്‍ അസാധുവാക്കിയതിനെതിരേയുള്ള പ്രതികരണം എന്നറിയാത്തവരായിരിക്കില്ല അവര്‍. രാജ്യസ്‌നേഹത്തിന്റെയും കള്ളപ്പണ വിരോധത്തിന്റെയും ലാബലൊട്ടിച്ചാല്‍ പിന്നെ വിമര്‍ശിക്കാന്‍ ഏത് സഖാവും മടികാണിക്കും എന്നതാണു യാഥാര്‍ഥ്യം. നീതിബോധമല്ല, തന്റെ നഗ്നത വെളിപ്പെടും എന്ന ബോധ്യമാണ് ഇത്തരക്കാരെ നിയന്ത്രിക്കുന്നത്.
ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍ ഉപഭോക്താവിനു മേല്‍ ചുമത്തുന്ന അധിക തുകയാണല്ലോ നികുതിപ്പണം. ഈ നികുതിപ്പണം നല്‍കാതിരുന്നാല്‍ ടി ക്രയവിക്രയത്തിലടങ്ങിയ മുഴുവന്‍ തുകയെയും കള്ളപ്പണം എന്നാണു വിളിക്കുക. അല്ലാതെ വാക്കര്‍ഥം സൂചിപ്പിക്കുന്നതുപോലെ അതു മോഷ്ടിച്ചതോ പിടിച്ചുപറിച്ചതോ അല്ല. കൃത്യമായി പറഞ്ഞാല്‍ കള്ളപ്പണമിരിക്കുന്നത് പലപ്പോഴും സര്‍ക്കാരിന്റെ കൈയിലാണെന്നു കാണാം. ഉദാഹരണത്തിന്, ഒരു വണ്ടി റോഡിലിറക്കുന്നതിനു മുമ്പു തന്നെ 15 വര്‍ഷത്തേക്കുള്ള റോഡ് നികുതി സര്‍ക്കാര്‍ പിരിച്ചിരിക്കും. വാഹന ഉടമയ്ക്ക് ലഭിക്കുന്നതോ പൊട്ടിപ്പൊളിഞ്ഞ റോഡുകളും പാലങ്ങളും ട്രാഫിക് ജാമും. അമിത വില ഈടാക്കിയാലും പഴയ സാധനങ്ങള്‍ വിറ്റാലുമൊക്കെ കച്ചവടക്കാരനെ നാം പിടിച്ചുപറിക്കാരനായി മുദ്രകുത്തും. അവന്റെ സമ്പാദ്യത്തില്‍ കള്ളമുണ്ടെന്നു നാം പറയും. ഈ മാനദണ്ഡം വച്ചാല്‍ ജനത്തെ പറ്റിക്കുകയും പിടിച്ചുപറിക്കുകയും ചെയ്യുന്ന ഗവണ്‍മെന്റിന്റെ കൈയിലുള്ളതാണ് കള്ളപ്പണം എന്നു പറയേണ്ടിവരും. നികുതിഘടനയിലെ അശാസ്ത്രീയതയും പൊളിറ്റിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ വയറ്റുപിഴപ്പുമാണ് നികുതി നല്‍കാതിരിക്കുന്നതിന്റെയും വെട്ടിക്കുന്നതിന്റെയും മൂലകാരണം.
താന്‍ അധ്വാനിച്ചുണ്ടാക്കിയതിന്റെ 30-40 ശതമാനം (വാറ്റ്, ഇന്‍കം ടാക്‌സ് മുതലായവ) നാട്ടുകാരുടെ ക്ഷേമത്തിനു വേണ്ടി ട്രഷറിയില്‍ ഒടുക്കണമെന്നു പറഞ്ഞാല്‍ നിവൃത്തികേടുകൊണ്ടല്ലാതെ ഒരൊറ്റ രാജ്യസ്‌നേഹിയും മുതിരില്ല. അല്ലെങ്കില്‍ തലയില്‍ ആള്‍പാര്‍പ്പില്ലാതിരിക്കണം. സ്വാഭാവികമായും പിടിച്ചുനില്‍ക്കാന്‍ നികുതി വെട്ടിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നു മനസ്സിലാക്കുന്ന ജനം, തരംപോലെ രാഷ്ട്രീയക്കാരനെയോ ബ്യൂറോക്രാറ്റിനെയോ ചൂണ്ടയിട്ടു പിടിക്കും. ഇവിടെയാണ് കഥയിലെ യഥാര്‍ഥ വില്ലന്‍ കിടക്കുന്നത്. നിക്ഷേപകന്റെ ഈ നിവൃത്തികേട് അറിയുന്ന എസ്റ്റാബ്ലിഷ്‌മെന്റ് കൈയിട്ടു വാരാവുന്ന ഈ ചക്കരക്കുടം ഉടയ്ക്കില്ല. എന്നു പറഞ്ഞാല്‍ നികുതിഘടന ശാസ്ത്രീയമായി പരിഷ്‌കരിക്കില്ല. എല്ലാവരും സ്വമേധയാ നികുതി കൊടുക്കുന്ന സ്ഥിതി വന്നാല്‍ രാഷ്ട്രീയക്കാരനും ഉദ്യോഗസ്ഥരും എന്തുചെയ്യും? എവിടെ പോവും?
ഒരു ലളിതമായ കണക്ക് നോക്കാം.
4,120 അസംബ്ലി മണ്ഡലങ്ങളാണ് ഇന്ത്യയിലുള്ളത്. കേന്ദ്രതലം മുതല്‍ സംസ്ഥാനം, ജില്ല, മണ്ഡലം, ബ്ലോക്ക്, താലൂക്ക്, പഞ്ചായത്ത്, വാര്‍ഡ്, ബൂത്ത് കമ്മിറ്റികള്‍ വരെയുള്ള ഘടനയില്‍, പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ചുരുങ്ങിയത് ഒരു 50 പേരെങ്കിലും മുഴുസമയ നേതാക്കന്മാരോ പ്രവര്‍ത്തകരോ ആയി ആ മണ്ഡലത്തില്‍ കാണും. താഴെതട്ടിലുള്ള ചുരുക്കം ആളുകള്‍ക്ക് നാമമാത്ര ജോലി ഉണ്ടാവാമെങ്കിലും ഇവരില്‍ മിക്കപേരുടെയും നിത്യനിദാന ചെലവുകള്‍ നടന്നുപോവുന്നതും സമ്പാദിച്ചുകൂട്ടുന്നതും അവരവരുടെ രാഷ്ട്രീയസംവിധാനം ഉപയോഗിച്ചാണ്. അല്ലാതെ ആകാശത്തുനിന്ന് മന്നയും സല്‍വയും ഇറങ്ങിയിട്ടല്ല. ഇങ്ങനെ ഇവരുടെ ജീവിത ചെലവിനും ആര്‍ഭാടങ്ങള്‍ക്കു വേണ്ടിയും വരുന്ന തുകയും പുറമേക്ക് സ്വന്തം പേരിലും ബിനാമിയുടെ പേരിലും സമ്പാദിച്ചുകൂട്ടുന്നതും എല്ലാം ചേര്‍ ത്തുവച്ചാല്‍ ആളൊന്നിനു നന്നേ ചുരുങ്ങിയത് ശരാശരി 50,000 രൂപ ജനത്തിനു ബാധ്യത വരും. അഥവാ 1,030 കോടി! ഇത് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ നിലനിര്‍ത്താനുള്ള ജനത്തിന്റെ ബാധ്യത. ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും അടക്കം ശരാശരി ഇങ്ങനെയുള്ള അഞ്ച് സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ 5,150 കോടി മാസം തോറും. അഥവാ 62,000 കോടി വര്‍ഷാവര്‍ഷം. ഇനിയാണ് കഥയുടെ കേന്ദ്രബിന്ദു. ഈ 62,000 കോടിയില്‍ ബക്കറ്റ് പിരിവുപോലെയുള്ള ബാധ്യതാരഹിത പിരിവുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തന്നെ ഏതാണ്ട് 50,000 കോടി രൂപ ബാധ്യതയുള്ള പിരിവുകളായിരിക്കും. അഥവാ ഒന്നും കാണാതെ നായര്‍ വെള്ളത്തിലിറങ്ങില്ല എന്ന പരുവത്തില്‍ ജനം കണ്ണിറുക്കിക്കൊടുത്ത പൈസയായിരിക്കും.
മുകളില്‍ പറഞ്ഞ അശാസ്ത്രീയ നികുതി ഘടനയില്‍ വെട്ടിപ്പുനടത്താന്‍ ജനം ഇറക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് ആണ് ഈ 50,000 കോടി എന്നര്‍ഥം. സ്വാഭാവികമായും ഇന്‍വെസ്റ്റ്‌മെന്റും അതിന്റെ ഇരട്ടിക്കിരട്ടിയും തിരിച്ചുപിടിക്കാന്‍ പണം കൊടുത്തവനും ഈ ചക്കരക്കുടം ഉടയാതിരിക്കാന്‍ രാഷ്ട്രീയക്കാരനും തികഞ്ഞ ജാഗ്രത കാണിക്കും. ഈ അച്ഛനും (രാഷ്ട്രീയക്കാരന്‍) അമ്മയും (അശാസ്ത്രീയ നികുതിഘടന) ചേരുമ്പോള്‍ ഉണ്ടാവുന്ന ജാരസന്തതിയാണ് നമ്മുടെ പുന്നാര ബ്ലാക്ക് മണി കുട്ടന്‍. അവനെ ആരു തൊടാന്‍!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss