|    Feb 22 Wed, 2017 12:24 pm
FLASH NEWS

കള്ളപ്പണത്തിന്റെ ഉള്ളറകള്‍

Published : 24th November 2016 | Posted By: SMR

എ നന്ദകുമാര്‍

എന്നെ കണ്ടാല്‍ കിണ്ണം കട്ടതായി തോന്നുമോ എന്നൊരു വാമൊഴി നാട്ടിലുണ്ട്. അസാന്മാര്‍ഗികരീതിയിലൂടെ ധനസമാഹരണം നടത്തി ജീവിതം നയിക്കുന്നവരെക്കുറിച്ച് പൊതുവെ പറയുന്ന ഒരു ചൊല്ലാണിത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സമ്പദ്ഘടനയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഈ ചൊല്ലിന് ഏറെ പ്രസക്തിയുണ്ട്. ഇന്ത്യന്‍ സമ്പദ്ഘടനയിലെ കള്ളപ്പണം തുടച്ചുനീക്കാന്‍ ഒരു രാത്രിയില്‍ നാലുമണിക്കൂര്‍ സമയം നല്‍കി, വിതരണത്തിലുള്ള 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ആസുരമായ നടപടിയുടെ പ്രത്യാഘാതം അപഗ്രഥിക്കുകയാണ് ഈ ലേഖനത്തില്‍. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വിനിമയത്തിലുള്ള പണത്തിന്റെ 86 ശതമാനം പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകളിലാണ്. യാതൊരു മുന്‍കരുതലുമില്ലാതെ ഡിസംബര്‍ 30 വരെ ഉപാധികളോടു കൂടി ഈ വിനിമയ സാധ്യത നിലനിര്‍ത്തി. ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ട വസ്തുത, ഇന്ത്യന്‍ ജനതയുടെ 43 ശതമാനം മാത്രമേ ബാങ്കിടപാടുകള്‍ നടത്തുന്നുള്ളൂ എന്നതാണ്. അതായത്, ഭൂരിഭാഗം വരുന്ന ഇന്ത്യന്‍ ജനതയ്ക്കു ബാങ്കുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യന്‍ ആഭ്യന്തര ഉല്‍പാദനത്തിന്റെ ഭൂരിഭാഗം വിപണി ക്രയവിക്രയം നേരിട്ടുള്ള പണമിടപാടുകളിലൂടെയാണ്; അല്ലാതെ ബാങ്ക് വഴിയല്ല. ഇനി കള്ളപ്പണം തടയാനുള്ള ഉപാധി എന്ന നിലയ്ക്കാണെങ്കില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന കള്ളസ്വത്തിന്റെ (ബ്ലാക്ക് വെല്‍ത്ത്) ആറുശതമാനം മാത്രമേ കള്ളപ്പണമായി സൂക്ഷിക്കപ്പെടുന്നുള്ളൂ. കള്ളസ്വത്ത് നിലനില്‍ക്കുന്നത് സ്വര്‍ണം, ഭൂമി, ബിനാമി ഇടപാടുകള്‍, ഓഹരി വിപണി, അന്താരാഷ്ട്ര വിപണി എന്നീ മേഖലകളിലാണ്. കള്ളനോട്ട് തടയാന്‍ ഇതൊരു ഉപാധിയല്ല. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2015ലെ പഠനപ്രകാരം ഒരു നിശ്ചിത സമയത്ത് ഏകദേശം 400 കോടി രൂപയുടെ കള്ളനോട്ടുകളാണ് വിനിമയ വിപണിയിലുള്ളത്. അതായത് 19.78 ലക്ഷം കോടി രൂപയുടെ ബജറ്റിന്റെ 0.025 ശതമാനം മാത്രം. ഇതിനോട് ചേര്‍ത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിന്‍വലിച്ച നോട്ടുകള്‍ അച്ചടിക്കാന്‍ വരുന്ന ചെലവ് 12,000 കോടി രൂപയാണ്. ഇത്രയും പണം ചെലവഴിച്ച് ആരെങ്കിലും 400 കോടി രൂപയുടെ കള്ളനോട്ട് പിന്‍വലിക്കുമോ? മാത്രവുമല്ല, ലോകത്തിന്റെ എല്ലാ വിനിമയ കറന്‍സികളിലും കള്ളനോട്ട് ഇറങ്ങുന്നുണ്ട്. കള്ളനോട്ടില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കറന്‍സി യുഎസ് ഡോളറാണ്. ഒരു കണക്കുപ്രകാരം 4000 യുഎസ് ഡോളറിന് ആനുപാതികമായി ഒരു ഡോളറിന്റെ കള്ളനോട്ട് ഉണ്ടത്രേ. ലോകത്തു കള്ളനോട്ടില്ലാത്ത ഏക കറന്‍സി സ്വിസ് ഫ്രാങ്ക് ആണ്. ഈ കറന്‍സി ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യയില്‍ എട്ട് ഇലക്ട്രോണിക് കോഡിലൂടെ കടന്നുപോവുന്നു. ഈ കറന്‍സി ഒരു അന്ധന് സ്പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ കഴിയും.
ഇനി വീണ്ടും കള്ളപ്പണത്തിലേക്ക് മടങ്ങിവരാം. വാര്‍ഷിക അടിസ്ഥാനത്തില്‍ ആഭ്യന്തര ഉല്‍പാദനത്തിന്റെ 20 ശതമാനം കള്ളസ്വത്ത് സൃഷ്ടിക്കുന്നുണ്ട്. അതായത്, കള്ളസ്വത്ത് ഒരു വര്‍ഷം 30 ലക്ഷം കോടി രൂപ സൃഷ്ടിക്കുന്നു. ഇപ്പോള്‍ പിന്‍വലിച്ചിട്ടുള്ള കറന്‍സിയുടെ മൂല്യം 14 ലക്ഷം കോടി രൂപയാണ്. ഇത്തരമൊരു സാമ്പത്തികനയത്തിന് രൂപം നല്‍കുമ്പോള്‍ യാതൊരു തരത്തിലുള്ള തയ്യാറെടുപ്പും സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായില്ല.
പുതിയ 500, 1000 രൂപയുടെ നോട്ടുകള്‍ മുന്‍കൂറായി അച്ചടിച്ച് അത് ബാങ്കുകളില്‍ എത്തിക്കാനുള്ള നടപടിയെടുത്തില്ല. ഇപ്പോഴും വേണ്ടത്ര നോട്ട് അടിച്ചുതീര്‍ന്നിട്ടില്ല. മാത്രവുമല്ല, കാര്യക്ഷമതയോടു കൂടി ഇവ ബാങ്കുകളില്‍ വിതരണത്തിന് എത്തിയിട്ടുമില്ല. സര്‍ക്കാര്‍ ധൃതിപിടിച്ച് ആദ്യം അച്ചടിച്ചത് 2000 രൂപയുടെ നോട്ടുകളാണ്. ഇന്ത്യയെപ്പോലെ പിന്നാക്കംനില്‍ക്കുന്ന 125 കോടി ജനം വസിക്കുന്ന ഒരു രാഷ്ട്രത്തില്‍, അതിന്റെ വിപണിയില്‍ 2000 രൂപയുടെ നോട്ടിന്റെ വിനിമയ പ്രസക്തി എന്താണ്? അച്ചടിച്ച 2000 രൂപയുടെ നോട്ടും 500, 1000 രൂപയുടെ നോട്ടുകളും നിലവിലുള്ള ലക്ഷക്കണക്കിന് എടിഎമ്മുകളില്‍ സജ്ജീകരിക്കാന്‍ സാധിക്കില്ല. അതിനായി എല്ലാ എടിഎമ്മുകളും സാങ്കേതികമായി പുനക്രമീകരണം ചെയ്യണം. ഇതിന് ഒട്ടേറെ സമയം വേണ്ടിവരും. 2000 രൂപയുടെ നോട്ടുകള്‍ ആദ്യം ഇറക്കുകയും 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയും ചെയ്തപ്പോള്‍ ഈ 2000 രൂപയുടെ നോട്ടുകള്‍ ക്രയവിക്രയം ചെയ്യാന്‍ സാധ്യമല്ലാതായിത്തീര്‍ന്നു. ഇതിനു പുറമെയാണ് സര്‍ക്കാര്‍ പണമിടപാടില്‍ വരുത്തിയ ഉപാധികള്‍. 500, 1000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ബാങ്കില്‍ നിക്ഷേപിക്കാതെ നേരിട്ട് 2000 രൂപ മാത്രമേ മാറ്റിവാങ്ങാന്‍ സാധിക്കൂ എന്ന നിബന്ധന കൊണ്ടുവന്നു. ബാങ്കില്‍ അപേക്ഷ പൂരിപ്പിച്ചും തെളിവിന് രേഖ നല്‍കിയും വേണം ഈ പണം മാറ്റാന്‍. ഇതിന് പുറമെ 50,000 രൂപയില്‍ കൂടുതല്‍ തുക ബാങ്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ആ തുകയ്ക്ക് വരുമാന സ്രോതസ്സ് കാണിക്കണം. കൂടാതെ ആഴ്ചയില്‍ 24,000 രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കാനും സാധ്യമല്ല.
ഇനി നമുക്ക് മറ്റൊരു വസ്തുതയിലേക്ക് കടക്കാം. ഇന്ത്യന്‍ ഉപഭോക്തൃ വിപണിയുടെ വിനിമയത്തിന്റെ ഭൂരിഭാഗവും നേരിട്ടുള്ള പണമിടപാടുകളിലൂടെയാണ്. മൊത്ത വ്യാപാരികള്‍ മുതല്‍ ചെറുകിട വ്യാപാരികള്‍ വരെ ഇതില്‍ ഉള്‍പ്പെടും. ദൈനംദിനജീവിതത്തിന്റെ ഉറവിടമായ ഭക്ഷ്യോപഭോഗ വിപണി പണവിനിമയമില്ലാതെ സ്തംഭനാവസ്ഥയില്‍ എത്തിച്ചേര്‍ന്നു. തൊഴില്‍രംഗത്ത്, ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ഭൂരിഭാഗവും അസംഘടിതമേഖലയില്‍ ദിവസക്കൂലി അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ഇതിന്റെ പ്രത്യാഘാതം പെട്ടെന്ന് അനുഭവപ്പെടുന്നത് ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവയിലാണ്. നഗരകേന്ദ്രീകൃതമായ കെട്ടിടനിര്‍മാണ മേഖല പൂര്‍ണമായും സ്തംഭനാവസ്ഥയിലാണ്. വളരെ പ്രധാനപ്പെട്ട ഒരു വസ്തുത കാര്‍ഷികമേഖലയിലെ സ്ഥിതിയാണ്. ഈ നടപടി സ്വീകരിക്കാന്‍ കണ്ട സമയം കാര്‍ഷിക മേഖലയില്‍ കൊയ്ത്തുകാലമാണ്. ഭക്ഷ്യധാന്യങ്ങളുടെ കൊയ്ത്തിന്റെ ഈ മാസങ്ങളില്‍ പണവിനിമയം സ്തംഭിക്കുമ്പോള്‍ ഭേക്ഷ്യാല്‍പന്നങ്ങളുടെ വിപണിയെ അതു തകര്‍ക്കുമെന്ന് ഏവര്‍ക്കുമറിയാം. ഇതിന്റെ പ്രത്യാഘാതം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ വിലവര്‍ധനയാണ്. ഇതിനോട് ബന്ധപ്പെട്ട വിഷയമാണ് ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ സഹകരണ ബാങ്കുകള്‍. ഇന്ത്യന്‍ ഗ്രാമീണ സഹകരണ ബാങ്കുകള്‍ക്ക് ഒരു ദീര്‍ഘകാല ചരിത്രമുണ്ട്. ഗ്രാമീണരെ ബാങ്കുമായി ബന്ധപ്പെടുത്തുന്നത് ഇപ്പോഴും സഹകരണ ബാങ്കുകളാണ്; അല്ലാതെ വാണിജ്യ ബാങ്കുകളല്ല. ഗ്രാമീണന്റെ സമ്പാദ്യവും ഇടപാടുകളും സഹകരണ ബാങ്കുകളിലൂടെയാണ്. എന്നാല്‍, പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും പുതിയ നോട്ടുകള്‍ക്ക് പകരം പഴയ നോട്ടുകള്‍ കൈമാറാനുമാവാത്ത നിലയിലാണ് സഹകരണ ബാങ്കുകള്‍.
മറ്റൊരു വസ്തുത എടുത്തുപറയേണ്ടത് ഇനിയുള്ള മാസങ്ങള്‍ ജാതിമതഭേദമെന്യേ വിവാഹ മാസങ്ങളാണ് എന്നതാണ്. വിവാഹത്തിനായി സ്വരൂപിച്ചുവച്ച സമ്പാദ്യം ചെലവഴിക്കാനോ പിന്‍വലിക്കാനോ സാധിക്കാതെ ജനം വലഞ്ഞു. വിവാഹാവശ്യങ്ങള്‍ക്കായി പരമാവധി പിന്‍വലിക്കാവുന്ന പണം രണ്ടരലക്ഷമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു (അഞ്ഞൂറുകോടി രൂപ ചെലവില്‍ ഈയടുത്ത് നടന്ന വിവാഹം ഈ ഗണത്തില്‍പ്പെടില്ല). 10, 20, 50, 100 രൂപ നോട്ടുകളുടെ ക്ഷാമം ബാങ്കില്‍ നേരിട്ട് അനുഭവിക്കുന്നു. ചെറുകിട-ചില്ലറ വില്‍പനശാലകളില്‍ മുപ്പതുശതമാനം വരെ കച്ചവടം കുറഞ്ഞു എന്നതാണ് വസ്തുത. സംസ്ഥാന സര്‍ക്കാരുകള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി നികുതിയിനത്തില്‍ എത്തിച്ചേരേണ്ട തുകയുടെ ഒഴുക്ക് നിലച്ചു എന്നുള്ളതാണ്.
സംസ്ഥാന സര്‍ക്കാരുകള്‍ നേരിടുന്ന ഈ പ്രതിസന്ധിയുടെ ഭാഗമായി സര്‍ക്കാര്‍ വികസന പദ്ധതികള്‍ സ്തംഭിച്ചു. ദീര്‍ഘകാല ഉപഭോഗ ഉല്‍പന്നങ്ങളുടെ വിപണി താറുമാറായി. ചുരുക്കത്തില്‍, മൊത്തം ദേശീയ ആഭ്യന്തര ഉല്‍പാദന വര്‍ധന 7.3 ശതമാനമായി കൊണ്ടുവരാം എന്ന വ്യാമോഹം തകര്‍ന്ന് ഇപ്പോള്‍ അനുമാനിക്കുന്നത് 5.6 ശതമാനം വളര്‍ച്ച എന്നാണ്. ഏഴു പതിറ്റാണ്ടുകൊണ്ട് മുന്‍ സര്‍ക്കാരുകള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ഞങ്ങള്‍ ചെയ്തുകാണിച്ചുവെന്ന് വീമ്പിളക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യ ഒരു ദരിദ്രരാഷ്ട്രമാണെന്നും വലിയൊരു വിഭാഗം ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നുമുള്ള വസ്തുത വിസ്മരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക