|    Nov 17 Sat, 2018 4:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കള്ളപ്പണത്തിനെതിരേ കള്ളനോട്ടടിക്കുന്ന ആര്‍എസ്എസ് മാതൃക..!

Published : 24th June 2017 | Posted By: fsq

നാഗ്പൂരിലെ ഹെഡ്‌ഗേവാര്‍ സ്മൃതി മന്ദിരത്തില്‍ നിന്നും രാജ്യസ്‌നേഹം മന്ത്രിച്ചൂതിയ ചുവന്ന ചരട് കൈയില്‍  കെട്ടാത്തവരുടേയെല്ലാം ദേശക്കൂറിന്റെ സര്‍വേക്കല്ല് പരിശോധിക്കപ്പെടുന്ന കാലം.  രാജ്യസ്‌നേഹത്തിന്റെ മൊത്ത കുത്തക ഒരു കൂട്ടര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. അവരില്‍ പെടാത്തവരെല്ലാം ജിഹാദികള്‍, കള്ളപ്പണക്കാര്‍, പാക് അനുകൂലികള്‍, ഹവാല മാഫിയകള്‍…കൊല്ലം കടലില്‍ ഒരു ദേശീയ പത്രമുത്തശ്ശിയുടെ ലേഖകന്റെ മനോമുകരത്തില്‍ പതിവായി ഇരമ്പല്‍ കേള്‍ക്കുന്ന  പാക് കപ്പലില്‍ നിറയേ മലബാറിലേക്കുള്ള കള്ള നോട്ടുകളാണ്. ചാനല്‍ ഇക്കിളിക്കെണി പത്രത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് മലബാറിലേക്കുള്ള തീവ്രവാദ ഹവാലയാണ് എപ്പോഴും എക്‌സ്‌ക്ലൂസീവ്. കരിപ്പൂരിന്റെ ചിറകരിയാന്‍ അണിയറയില്‍ അഹോരാത്രം പണിപ്പെടുന്നവരുടെ ആശങ്കയും മലപ്പുറത്തേയും കോഴിക്കോട്ടെയും കള്ളപ്പണ സമുദായത്തിന്റെ വളര്‍ച്ചയാണ്.കള്ളപ്പണം കേരളത്തെ കശ്മീരും താലിബാനും പാകിസ്താനുമൊക്കെയാക്കി മാറ്റുന്നു  വെന്ന കാലങ്ങളായുള്ള മുറവിളി ഇരിക്കപ്പൊറുതി നഷ്ടപ്പെടുത്തിയപ്പോഴാണ്  രാഷ്ട്രീയ സ്വയം സേവകരുടെ കേരളത്തിലെ സാക്ഷാല്‍ ഉണ്ണിയാര്‍ച്ച ശോഭ സുരേന്ദ്രന്‍ ഉറുമിയുമായി ഇറങ്ങിയത്. ഈയാണ്ടിലെ ആദ്യമാസം തന്നെ ചുരികയേക്കാള്‍ ചൂരുള്ള നാവുമായി ശോഭ കള്ളപ്പണ സമുദായത്തിനെതിരേ തെരുവിലിറങ്ങി. കള്ളപ്പണ മുന്നണികള്‍ക്കെതിരേ തേരു നയിച്ച് തൃശ്ശിവപ്പേരൂരെത്തിയപ്പോള്‍ ശോഭയ്ക്ക് കൂട്ട് എറാശ്ശേരി രാഗേഷെന്ന കറകളഞ്ഞ സ്വയം സേവകന്‍. ജിഹാദികളുടെയും അവരുടെ മുന്നണികളുടെയും സമാന്തര കള്ളപ്പണ വ്യവസ്ഥയ്‌ക്കെതിരേ രാജ്യസ്‌നേഹികളുടെ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാനാഹ്വാനിച്ച് ശോഭ പോയി. പക്ഷേ, ശോഭ സുരേന്ദ്രന്‍ പോയ വഴിയേ എസ്എന്‍ പുരത്തെ യഥാര്‍ഥ സ്വയംസേവകന്‍ രാഗേഷ് അടങ്ങിയിരുന്നില്ല. നാട്ടിലെ ജിഹാദീ കള്ളപ്പണമുന്നണികള്‍ക്കെതിരേ പൊരുതാന്‍ രാഗേഷ് വീട്ടില്‍ നോട്ടടിക്കുന്ന അച്ചുകൂടാരം തന്നെയുണ്ടാക്കി. 500ന്റെയും 2000ന്റെയും സ്വദേശി നോട്ടുകളടിച്ച് രാഷ്ട്ര സ്വയം സേവയുടെ പുതിയ മാതൃകയായി.മോദി ജീ ഭരണത്തില്‍ വന്നശേഷവും അതിന് മുമ്പുമൊക്കെ കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കാനായി കേരളത്തില്‍ ബിജെപിക്ക് വക്താക്കളേറെയുണ്ട്. പ്രസ് ക്ലബ് കാണുന്നിടത്തൊക്കെ ഇറങ്ങിയും ചാനലുകളുടെ ഉമ്മറത്ത് കുമ്മനടിച്ചു കയറിയും ജിഹാദി, ഹവാല, കള്ളപ്പണം, തീവ്രവാദം, രാജ്യദ്രോഹം എന്നൊക്കെ വിളിച്ചു പറയലാണ് അവരുടെ പ്രധാനപണി. പക്ഷേ, രണ്ടു ദിവസമായി ഈ വക്താക്കളേയൊന്നും ചാനലുകളില്‍ കാണാനില്ല.എതായാലും, കെ സുരേന്ദ്രനും വി വി രാജേഷും എംടിയേയും കമലിനേയും നാടുകടത്താന്‍ നോക്കിയ വക്കീലന്‍മാരുമൊക്കെ എസ്എന്‍ പുരത്തെ കള്ളനോട്ട് മോര്‍ച്ചക്കാരന്റെ കൂടെ പുഞ്ചിരി തൂകുന്ന ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss