|    Feb 26 Sun, 2017 4:27 pm
FLASH NEWS

കള്ളപ്പണം: സര്‍ക്കാര്‍ നടപടി പ്രയോജനം ചെയ്യില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

Published : 10th November 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച നടപടി രാജ്യത്തെ കള്ളപ്പണ ഇടപാട് പൂര്‍ണമായും ഇല്ലാതാക്കാന്‍ പര്യാപ്തമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 20 ശതമാനം കള്ളപ്പണം എന്നാണ് കണക്ക്. കള്ളപ്പണ നിക്ഷേപമാവട്ടെ ഇന്ത്യന്‍ രൂപകളിലുമല്ല. ഡോളര്‍, ഓഹരികള്‍, കടപ്പത്രങ്ങള്‍ എന്നിങ്ങനെയാണ് നിക്ഷേപിക്കപ്പെട്ടത്. അതിനാല്‍ ഇന്ത്യന്‍ കറന്‍സികള്‍ പിന്‍വലിക്കപ്പെട്ടത് ഇവയെ ഒരുനിലയ്ക്കും ബാധിക്കുകയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അംബാനിമാരടക്കം ആയിരത്തിലേറെ ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്ന് കഴിഞ്ഞവര്‍ഷം രാജ്യാന്തര അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ റിപോര്‍ട്ട്‌ചെയ്തിരുന്നു. 2,50,000 കോടി രൂപയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ എച്ച്എസ്ബിഐ ബാങ്കിലെ മാത്രം കള്ളപ്പണനിക്ഷേപം. വിദേശരാജ്യങ്ങളിലെ മൊത്തം കള്ളപ്പണത്തിന്റെ യഥാര്‍ഥ കണക്ക് എത്രയെന്ന് സര്‍ക്കാരിനുപോലും അറിയില്ല. 50,000 കോടി ഡോളര്‍ കള്ളപ്പണമുണ്ടെന്നായിരുന്നു 2012ല്‍ പാര്‍ലമെന്റിനെ സര്‍ക്കാര്‍ അറിയിച്ചത്. ഇന്ത്യയില്‍തന്നെ നിയമവിരുദ്ധ സമ്പാദ്യമുള്ളവര്‍ റിയല്‍ എസ്‌റ്റേറ്റിലും സ്വര്‍ണത്തിലുമാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.
കറന്‍സിയായി കള്ളപ്പണം സൂക്ഷിക്കുന്നവര്‍ മൊത്തം കള്ളപ്പണത്തിന്റെ അഞ്ചു ശതമാനത്തില്‍ താഴെ മാതമേ വരൂവെന്നാണ് കണക്ക്. അതിനാല്‍, ഇപ്പോഴത്തെ നടപടി ചെറു മീനുകളെ മാത്രമേ ബാധിക്കൂവെന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രഫ. അഭിരൂപ് സര്‍ക്കാര്‍ പറഞ്ഞു.
മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കെ 70കളില്‍ സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചെങ്കിലും അവ കള്ളപ്പണത്തെ നേരിടാന്‍ സഹായകരമായിരുന്നില്ല. തന്നെയുമല്ല; കള്ളനോട്ട് വിപണി പെട്ടെന്ന് സജീവമാവുകയായിരുന്നുവെന്നും സാമ്പത്തിക മേഖലയിലുള്ളവര്‍ പറയുന്നു. അതിനു മുമ്പ് സ്വതന്ത്രപൂര്‍വ ഇന്ത്യയില്‍ 1946ല്‍ പതിനായിരത്തിന്റെ നോട്ട് പിന്‍വലിച്ചിരുന്നു. എന്നാല്‍, പിന്‍വലിച്ച സമയങ്ങളില്‍ കള്ളനോട്ട് അടങ്ങിയെങ്കിലും പിന്നാലെ തകൃതിയായി അവ പെരുകുകയായിരുന്നു. അക്കാലത്ത് 15 ശതമാനം നോട്ടുകള്‍ മാത്രമാണ് ബാങ്കുകളിലെത്തി മാറ്റിയെടുക്കപ്പെട്ടതെന്നാണ് കണക്ക്. ബാക്കി 85 ശതമാനം നോട്ടുകളും നിയമവിരുദ്ധമായതിനാല്‍ അവ മാറ്റിയതുമില്ല.
ഇന്ത്യയിലാകെ റിസര്‍വ് ബാങ്കിന്റെ കണക്കു പ്രകാരം 1650 കോടി 500ന്റെ നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിന്റെ മൂല്യം 8,25,000 കോടി രൂപവരും. 2014 -15 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ വിതരണം ചെയ്യപ്പെട്ട മൊത്തം തുകയുടെ 45 ശതമാനം മാത്രമേ ഇത് വരൂ. 1,000 രൂപയുടെ 670 കോടി നോട്ടുകളാണ് വിപണിയിലുള്ളത്. ഇതിന്റെ മൂല്യം 6,70,000 കോടി രൂപയും വരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 500 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day