|    Dec 12 Wed, 2018 11:10 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കള്ളപ്പണം വെള്ളപ്പണമാക്കിയ മാന്ത്രികന്‍

Published : 2nd September 2018 | Posted By: kasim kzm

ഇന്ദ്രപ്രസ്ഥം  – നിരീക്ഷകന്‍
വര്‍ഷം രണ്ടു കഴിഞ്ഞാണെങ്കിലും അവസാനം റിസര്‍വ് ബാങ്ക് ആ കണക്ക് പുറത്തുവിട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ടെലിവിഷന്‍ നാടകത്തിന്റെ ഭാഗമായിരുന്ന നോട്ടുനിരോധനത്തില്‍ എത്ര കള്ളപ്പണം പിടിച്ചു എന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്തുവന്നത്. അന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടത് നാലോ അഞ്ചോ ലക്ഷം കോടി രൂപയുടെ കള്ളപ്പണമെങ്കിലും പിടിച്ചെടുക്കാന്‍ നോട്ടുനിരോധനം സഹായിക്കും എന്നാണ്. നാട്ടിലെ കള്ളപ്പണത്തില്‍ മഹാഭൂരിപക്ഷവും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളായാണു സൂക്ഷിച്ചുവച്ചിരിക്കുന്നതെന്നും അതു നിരോധിക്കുന്നതോടെ കള്ളപ്പണം ഒന്നിനും കൊള്ളാതെയാവുമെന്നും അങ്ങനെ ലക്ഷക്കണക്കിനു കോടി രൂപയുടെ ലാഭം ബാങ്കിനും സര്‍ക്കാരിനും ലഭിക്കുമെന്നും ആയിരുന്നു പ്രവചനം. ഇപ്പോള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയ നോട്ടുകളുടെ കണക്ക് നോക്കുമ്പോള്‍ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയിരിക്കുന്നു. ലക്ഷം ലക്ഷം കോടികളുടെ കണക്ക് പോയിട്ട് ഇനിയും തിരിച്ചെത്താതെ എവിടെയോ കിടക്കുന്നത് വെറും 13,000 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ പറയുന്നു. ആ പണം പക്ഷേ, കള്ളപ്പണക്കാരുടെ കീശയിലല്ല കിടക്കുന്നത്. അയല്‍രാജ്യങ്ങളായ നേപ്പാളിലും ഭൂട്ടാനിലും ഒക്കെ ഇന്ത്യന്‍ നാണയം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അവിടെയുള്ള പാവപ്പെട്ട മനുഷ്യര്‍ ഇവിടെ വന്ന് പലവിധ ജോലികളും ചെയ്തുണ്ടാക്കിയ പണം നാട്ടിലെത്തിച്ച് സൂക്ഷിച്ചുവച്ചതായിരുന്നു. നോട്ടുനിരോധനം വന്നപ്പോള്‍ അതൊക്കെ മാറ്റിവാങ്ങാന്‍ അന്നാട്ടിലെ ബാങ്കുകളില്‍ സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ നോട്ട് മാറ്റിവാങ്ങാനായി ഇന്ത്യയില്‍ വന്ന് അതിന്റെ നിയമനടപടികളും നൂലാമാലകളും നേരിടാന്‍ നിവൃത്തിയില്ലാത്ത പല പാവങ്ങള്‍ക്കും ആ പണം ഉപേക്ഷിക്കേണ്ടിവന്നു. നേപ്പാളിലും ഭൂട്ടാനിലും മാത്രമല്ല, ഗള്‍ഫിലും കാനഡയിലും മറ്റു രാജ്യങ്ങളിലും ജോലി ചെയ്യുന്ന പലരും നാട്ടില്‍ വരുന്ന നേരത്ത് ഉപയോഗിക്കാനായി ഇങ്ങനെ ആയിരമോ പതിനായിരമോ ഒക്കെ കൈയില്‍ സൂക്ഷിക്കാറുണ്ട്. അവര്‍ക്കൊക്കെയും ഈ പണം നഷ്ടമായി. അങ്ങനെയാണ് 13,000 കോടി രൂപ തിരിച്ചുവരാതിരുന്നത്. അപ്പോള്‍ ചോദ്യം, ഈ നാട്ടില്‍ കള്ളപ്പണം എന്ന പരിപാടിയേ ഇല്ലെന്നാണോ എന്നുതന്നെ. കള്ളപ്പണമുണ്ട് എന്നത് പകല്‍പോലെ സത്യം. അത്തരക്കാര്‍ പലരും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് കെട്ടുകളാക്കി സൂക്ഷിച്ചുവച്ചിരുന്നു എന്നതും സത്യം. പിന്നെ എങ്ങനെ ആ പണമെല്ലാം യാതൊരു പ്രയാസവും കൂടാതെ വെള്ളപ്പണമായി? എങ്ങനെ അവര്‍ക്ക് യാതൊരു പ്രയാസവും കൂടാതെ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിച്ചു? തീര്‍ച്ചയായും ഇപ്പോള്‍ ബാങ്കുകളില്‍ തിരിച്ചെത്തി എന്നു പറയുന്ന പണത്തില്‍ ഒരു പങ്ക് കള്ളപ്പണം തന്നെ ആയിരുന്നിരിക്കണം. പക്ഷേ, അതെല്ലാം ഇപ്പോള്‍ വെള്ളപ്പണമായി. എങ്ങനെ ഈ മായാജാലം സംഭവിച്ചു എന്ന് വിശദീകരിക്കേണ്ടത് നരേന്ദ്രമോദിയും റിസര്‍വ് ബാങ്കും തന്നെയാണ്. ഒന്നുകില്‍ മോദി ആദ്യം പറഞ്ഞത് കള്ളം. അല്ലെങ്കില്‍ നോട്ടുനിരോധനത്തിനു പിന്നിലെ ലക്ഷ്യം കള്ളപ്പണവേട്ട ആയിരുന്നില്ല. പിന്നെന്ത് എന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ. ഒറ്റയടിക്ക് കള്ളപ്പണം വെളുപ്പിച്ചെടുക്കണം. എങ്ങനെ അതു സംഭവിച്ചു എന്നതിന് ധാരാളം ഉദാഹരണങ്ങള്‍ അന്നേ മാധ്യമങ്ങളില്‍ വന്നതാണ്. സര്‍ക്കാര്‍ വക ബാങ്കുകള്‍ വഴിയും നാട്ടിലെ സകല സ്വകാര്യ ബാങ്കുകള്‍ വഴിയും നോട്ടു മാറ്റത്തിനു സംവിധാനം ചെയ്തിരുന്നു. പെട്ടിക്കണക്കിനു പുത്തന്‍ നോട്ടുകള്‍ ഇത്തരം ബാങ്കുകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് കൈമാറിയ ചില സംഭവങ്ങള്‍ അന്നേ പുറത്തുവന്നിരുന്നു. പക്ഷേ, കള്ളപ്പണം വെളുപ്പിക്കല്‍ ഓപറേഷന്‍ അതിഗംഭീരമായി വിജയിച്ചു എന്നാണ് ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കള്ളപ്പണക്കാര്‍ക്ക് അത് വെളുത്തുകിട്ടിയാല്‍ മോദിക്കെന്ത് നേട്ടം എന്ന ചോദ്യവും പ്രസക്തം. അതിന് ഉത്തരം, ഈ നാട്ടിലെ കള്ളപ്പണത്തിന്റെ യഥാര്‍ഥ ഉടമകള്‍ ആര് എന്ന ചോദ്യം തന്നെയാണ്. അധികാരത്തിലുള്ള രാഷ്ട്രീയ കക്ഷികളാണ് കള്ളപ്പണം ഏറ്റവുമധികം കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും എന്ന് ഏതു കുഞ്ഞിനും അറിയാം. തിരഞ്ഞെടുപ്പു കാലത്ത് ഈ കൂട്ടര്‍ ചെലവാക്കുന്ന പണത്തിന്റെ അളവ് നോക്കിയാലറിയാം എവിടെയാണ് കള്ളപ്പണം അടിഞ്ഞുകൂടി കിടക്കുന്നതെന്ന്. മോദിയുടെ പാര്‍ട്ടി ഇന്ന് കേന്ദ്രം മാത്രമല്ല, മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ഭരിക്കുകയാണ്. അവര്‍ക്ക് ഇപ്പോള്‍ പണത്തിന് യാതൊരു പഞ്ഞവുമില്ല. എല്ലാം നല്ല വെള്ളപ്പണം തന്നെ. അടുത്ത തിരഞ്ഞെടുപ്പ് വരട്ടെ. സുനാമിയായി ഇതെല്ലാം പുറത്തിറങ്ങുന്നത് നമുക്കു കാണാനാവും. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss