|    Dec 19 Tue, 2017 2:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കള്ളപ്പണം വെളുപ്പിക്കല്‍: വി കെ സിങിന്റെ സഹായിയെ ഇഡി ചോദ്യം ചെയ്തു

Published : 13th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങിന്റെ അടുത്ത സഹായി ശംഭു പ്രസാദ് സിങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. ഇന്റലിജന്‍സ് വിഭാഗമായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങിനായി 22 കോടി ചെലവില്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ അഭയകേന്ദ്രം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ടെന്റ് വാങ്ങിയതിലുള്ള ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. ഇത് രണ്ടാം തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ചോദ്യംചെയ്യുന്നത്. ശംഭുപ്രസാദ് സിങിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ടെന്റുകള്‍ വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ പിടിക്കുന്നതിന് ഇയാള്‍ ബാങ്കില്‍ നിന്ന് 30 കോടി രൂപ ലോണ്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഫോണ്ടിയര്‍ ഫോഴ്‌സിന്റെ ആവശ്യപ്രകാരമാണ് റോയ്ക്കായി ടെന്റുകള്‍ വാങ്ങിയത്. അതിര്‍ത്തിയിലെ രഹസ്യപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ടെന്റുകളാണ് ഇത്. 2009-13 കാലയളവിലായിരുന്നു ഇടപാട് നടന്നത്. ഇതുസംബന്ധിച്ച് സിബിഐ ഇടപാട് നടത്തിയ ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയായ സായിബാബ ബില്‍ഡേഴ്‌സ് ആന്റ് കണ്‍സള്‍ട്ടന്‍സിനെതിരേയും അതിന്റെ ഡയറക്ടര്‍മാരായ ശ്യാംസുന്ദര്‍ ഭട്ടര്‍, ജെ പി എന്‍ സിങ്, മഞ്ജരി എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ശംഭു പ്രസാദ് സിങിന്റെ ഭാര്യയാണ് മഞ്ജരി. അതോടൊപ്പം സ്‌പെഷ്യല്‍ ഫോണ്ടിയര്‍ ഫോഴ്‌സിലെയും കാബിനറ്റ് സെക്രട്ടേറിയറ്റിലെയും ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസുണ്ട്. ഇടപാടിന്റെ ടെന്‍ഡര്‍ നടപടി തുടങ്ങി വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ക്രമക്കേട് നടന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. വഞ്ചന, വ്യാജ രേഖയുണ്ടാക്കല്‍ തുടങ്ങിയ കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. നേരത്തേ ഇതുസംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തിയ റോ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss