|    Nov 18 Sun, 2018 5:17 am
FLASH NEWS
Home   >  Editpage  >  Readers edit  >  

കള്ളപ്പണം തടയാന്‍ ഇതാണോ വഴി?

Published : 4th December 2016 | Posted By: SMR

slug-enikku-thonnunnathuഹാരിസ് പി, ഫറോക്ക്

കള്ളപ്പണം നിയന്ത്രിക്കാനും കള്ളനോട്ട് ഇല്ലാതാക്കാനും മികച്ച മാര്‍ഗം ഉണ്ടായിട്ടും മോദി സ്വീകരിച്ചത് തെറ്റായ മാര്‍ഗം. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത തരത്തില്‍ സാമ്പത്തിക പരിഷ്‌കരണവും കള്ളപ്പണ-കള്ളനോട്ട് നിര്‍മാര്‍ജനവും മികച്ച രീതിയില്‍ നടപ്പാക്കുന്നതിനു വേറെ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു. 2016 നവംബര്‍ 8ന് 500, 1000 രൂപ കറന്‍സികള്‍ അസാധുവാക്കിയ ഉത്തരവിനു പകരമായി ഇപ്രകാരം ഉത്തരവിറക്കാമായിരുന്നു.
ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള കച്ചവടങ്ങള്‍, കൊടുക്കല്‍ വാങ്ങലുകള്‍, സ്വര്‍ണവില്‍പന, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ മുതലായവ ഡിജിറ്റല്‍ വിനിമയരീതിയില്‍ മാത്രമേ നടത്താന്‍ പാടുള്ളൂ എന്നു സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയാണെങ്കില്‍ കറന്‍സി കൊണ്ട് പ്രസ്തുത ഇടപാടുകള്‍ നടത്താന്‍ പറ്റാതെ വരും. അപ്പോള്‍ സ്വാഭാവികമായും ഇടപാടുകള്‍ ബാങ്കില്‍ കൂടിയേ നടക്കുകയുള്ളൂ. ഉദാഹരണമായി, കള്ളപ്പണം സൂക്ഷിച്ചുവച്ചിട്ടുള്ള ഒരാള്‍ 50 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചാല്‍ കൈയിലുള്ള പണം ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കാതെ വരും. കാര്‍ വില്‍ക്കുന്ന ഡീലര്‍ക്കും കമ്പനിക്കും ഡിജിറ്റലായി മാത്രമേ പേമെന്റ് സ്വീകരിക്കാന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ടെങ്കില്‍ പ്രസ്തുത സ്ഥാപനം കറന്‍സിയായി കാറിന്റെ വില സ്വീകരിക്കുകയുമില്ല. ഇപ്രകാരം നിയമം വന്നാല്‍ ഒരു ലക്ഷത്തിനു മുകളില്‍ ഇടപാടു നടത്തുന്നവരും കൈയിലുള്ള പണത്തിനു സ്വര്‍ണവും ഭൂമിയും വാങ്ങിക്കൂട്ടാന്‍ കഴിയാതെ വരുമ്പോള്‍ സ്വര്‍ണ-റിയല്‍ എസ്‌റ്റേറ്റ് ഇടപാട് നടത്തുന്നവരും ഡിജിറ്റല്‍ ഇടപാടിലേക്കു മാറും.
എല്ലാ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും റെയില്‍വേ സ്റ്റേഷന്‍, ബസ്, ടാക്‌സി, ഓട്ടോറിക്ഷ, പെട്രോള്‍ ബങ്ക്, ആശുപത്രി, പലചരക്കുകട, സ്റ്റേഷനറിക്കട, പച്ചക്കറിക്കട, മല്‍സ്യ-മാംസവില്‍പന ശാലകള്‍, ഹോട്ടല്‍ തുടങ്ങിയ കേന്ദ്രങ്ങളിലും സൈ്വപിങ് മെഷീന്‍ വഴിയും കാര്‍ഡുകള്‍ ഉപയോഗിച്ചും ഡിജിറ്റലായി ഇടപാട് നടത്താന്‍ നടപടി സ്വീകരിക്കുകയും അതിനെ പ്രോല്‍സാഹിപ്പിക്കാന്‍ സമ്മാനപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക.
രണ്ടാംഘട്ടമായി 10,000 രൂപയ്ക്കു മുകളിലുള്ള എല്ലാ കൊടുക്കല്‍ വാങ്ങലുകളും ഡിജിറ്റല്‍ രീതിയില്‍ മാത്രമേ പാടുള്ളൂ എന്നു പ്രഖ്യാപിക്കുക. അതു നടപ്പാക്കാന്‍ ഏതാനും മാസങ്ങള്‍ അനുവദിക്കുക. അതിനു ശേഷം 1000 രൂപയ്ക്കു മുകളിലുള്ളതും, കെട്ടിടനിര്‍മാണ സാമഗ്രികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് എത്ര ചെറുതും വലുതുമായ കൊടുക്കല്‍ വാങ്ങലുകളും ഡിജിറ്റല്‍ രീതിയില്‍ മാത്രമേ പാടുള്ളൂ എന്ന് ഉത്തരവിറക്കുക. കെട്ടിടനിര്‍മാണ സാമഗ്രികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടതെല്ലാം ഡിജിറ്റല്‍ ഇടപാടായിരിക്കണം എന്നുവന്നാല്‍ കള്ളപ്പണം ആഡംബര വീടുനിര്‍മാണത്തിന് ഉപയോഗിക്കുന്നത് തടയാന്‍ കഴിയും.
കറന്‍സി അസാധുവാക്കല്‍ മൂലം രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമായിരുന്നു. കച്ചവടക്കാര്‍, വ്യവസായികള്‍ അടക്കമുള്ള എല്ലാവരുടെയും കൈവശമുള്ള തുക ബാങ്കില്‍ നിക്ഷേപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുകയും ചെയ്യും. വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കെല്ലാം അവരുടെ തൊഴിലാളികള്‍ക്ക് കൊടുക്കുന്ന ശമ്പളം, കൂലി മുതലായവ മൊബൈല്‍ ബാങ്കിങ് അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് വഴി കൊടുക്കണമെന്ന് ഉത്തരവ് നല്‍കാവുന്നതാണ്.
കാര്‍ഡ് ഉപയോഗിച്ച് സൈ്വപിങ് മെഷീനില്‍ കൂടി ഇടപാട് നടത്താന്‍ വലിയ വിദ്യാഭ്യാസമൊന്നും വേണ്ട. ഏതു സാധാരണക്കാരനും ഇത്തരം ഇലക്ട്രോണിക് ഇടപാടുകള്‍ നടത്താവുന്നതാണ്. മൊബൈല്‍ ബാങ്കിങും ഒന്നു ശ്രമിച്ചാല്‍ എല്ലാവര്‍ക്കും നടത്താവുന്നതാണ്. കൈരേഖയും കണ്ണിന്റെ ഐറിസും സ്‌കാന്‍ ചെയ്തു സൂക്ഷിച്ച ആധാറുമായി ലിങ്ക് ചെയ്ത് ഇത്തരം ഡിജിറ്റല്‍ ഇടപാടുകളില്‍ ഉപയോഗിച്ചാല്‍ ദുരുപയോഗം തടയാനാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss