|    Jan 22 Sun, 2017 9:20 am
FLASH NEWS

കള്ളപ്പണം കണ്ടുകെട്ടല്‍: തിരഞ്ഞെടുപ്പ് വാഗ്ദാനം വിഴുങ്ങി; പകരം വെളുപ്പിക്കാനുള്ള അവസരം

Published : 1st March 2016 | Posted By: SMR

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ രാജ്യത്തെങ്ങുമുള്ള കള്ളപ്പണം ഖജനാവിലേക്കു കണ്ടുകെട്ടുമെന്നുമുള്ള പ്രഖ്യാപനം മൂന്നാമത് ബജറ്റായപ്പോഴേക്കും മോദി സര്‍ക്കാര്‍ സമ്പൂര്‍ണമായി വിഴുങ്ങി. പകരം കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ പൊതുമാപ്പ് പദ്ധതിയല്ലെന്ന മുന്‍കൂര്‍ ജാമ്യത്തോടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ പ്രഖ്യാപനങ്ങളില്‍ കണക്കില്‍ കാണിക്കാത്ത സ്വത്തുക്കള്‍ 30 ശതമാനം നികുതിയും 7.5 ശതമാനം അധിക നികുതിയും 7.5 ശതമാനം പിഴയുമുള്‍പ്പെടെ 45 ശതമാനം അടച്ചാല്‍ നിയമവിധേയമാക്കാവുന്നതാണെന്നാണ് വ്യക്തമാക്കിയത്.
നിയമവിധേയമല്ലാത്ത സ്വത്ത് നിയമത്തിനു കീഴിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജെയ്റ്റ്‌ലി വിശദീകരിക്കുന്നുണ്ട്. രാജ്യത്ത് നിന്നും കള്ളപ്പണം തുടച്ചു നീക്കുമെന്നും കള്ളപ്പണം ഖജനാവിലേക്ക് കണ്ടുകെട്ടുമെന്നുമൊക്കെയുള്ള മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടുകളുടെ പൊള്ളത്തരം ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തുന്ന പദ്ധതിയാണ് ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജാലകം എന്ന വണ്‍ടൈം കംപ്ലയന്‍സ് വിന്‍ഡോ പദ്ധതി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവസാനിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് ആകെ പിരിച്ചെടുക്കാനായത് 2428.4 കോടി രൂപ മാത്രമാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ തുകയാണിതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ കള്ളപ്പണം പൂഴ്ത്തിവച്ചതായി ആദായനികുതി വകുപ്പിന് നേരത്തെ തെളിവുകള്‍ ലഭിച്ച ചിലരും പദ്ധതിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് സ്വത്ത് വെളിപ്പെടുത്തിയിരുന്നുവെന്നും അവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതുകൊണ്ടാണ് തുകയില്‍ കുറവ് വന്നതെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. പദ്ധതിയില്‍ ചേരാത്ത കള്ളപ്പണക്കാര്‍ ഇനിമേല്‍ പിടിയിലാവുകയാണെങ്കില്‍ സ്വത്തിന്റെ 120 ശതമാനം നികുതിയും പിഴയും നല്‍കേണ്ടി വരുമെന്നാണ് അറിയിച്ചിരുന്നത്. ഇതോടൊപ്പം പത്തു വര്‍ഷം വരെ തടവുശിക്ഷയും ലഭിച്ചേക്കാം. നൂറ്റിഇരുപത് ശതമാനം പിഴയില്‍ നിന്നും തടവുശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കാന്‍ പദ്ധതി അവസാനിച്ച ശേഷവും ധാരാളം പേര്‍ മുന്നോട്ടു വന്നിരുന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുപ്പതിന് പകരം നാല്‍പ്പത്തഞ്ച് ശതമാനം നികുതി നല്‍കിയാല്‍ 120 ശതമാനം നികുതിയില്‍ നിന്നും കടുത്ത ശിക്ഷയില്‍ നിന്നും ഇളവ് നല്‍കാമെന്ന ഓഫറാണ് ഇത്തരക്കാരോട് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. പണക്കാരായ കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവിനായി വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. പദ്ധതിവഴി ആസ്തി വെളിപ്പെടുത്തിയവര്‍ക്ക് മുപ്പത് ശതമാനം പിഴയാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് പതിനഞ്ച് ശതമാനം കൂടി വര്‍ധിപ്പിച്ച് നാല്‍പ്പത്തഞ്ചാക്കി എന്നു മാത്രം.
പൂഴ്ത്തിവച്ച പണം കണ്ടെത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കി കള്ളപ്പണക്കാരെ സുഖിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക