|    Aug 21 Mon, 2017 8:10 am
FLASH NEWS
Home   >  Kerala   >  

കള്ളനോട്ട് കേസ് പ്രതികളെ രക്ഷപ്പെടുത്താനുള്ള ക്രൈം ബ്രാഞ്ച്‌ നീക്കം ഉപേക്ഷിക്കണം:എസ്ഡിപിഐ

Published : 9th August 2017 | Posted By: mi.ptk

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബി.ജെ.പി നേതാക്കളില്‍ നിന്നും കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് അവസാനിപ്പിക്കാനുള്ള തീരുമാനം പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു എസ്ഡിപിഐ. ക്രൈം ബ്രാഞ്ചിന്റെ നീക്കം ഉപേക്ഷിക്കണമെന്നും രാജ്യദ്രോഹപ്രവര്‍ത്തനം ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്നും എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കള്ളനോട്ടടി കേസില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും വിഷയത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം അബ്ദുല്‍ ലത്തീഫ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് കാര്യമായ രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്ന ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു. 100 കോടിയോളം പഴയ നോട്ടുകള്‍, 6 സ്വകാര്യ ബാങ്കുകള്‍ വഴി പ്രതികള്‍ മാറ്റിയെടുത്തെന്നും ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ക്കും കേസുമായി ബന്ധമുണ്ടെന്നുള്ള ആരോപണത്തേക്കുറിച്ചും കാര്യമായ രീതിയിലുള്ള അന്വേഷണം നടന്നില്ല. കള്ളനോട്ടടി കേസിന്റെ തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കാനുള്ള ഇടപെടലുകളാണ് ഇടതുസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. കള്ളനോട്ടടി രാജ്യദ്രോഹകുറ്റമായിരുന്നിട്ടും ഈ കേസില്‍ പ്രതികള്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തിയില്ലെന്നതില്‍ നിന്നുതന്നെ ഉന്നതതല ഇടപെടലുകള്‍ വ്യക്തമാണ്. പ്രതികള്‍ക്കെതിരേ നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തുവെന്ന കുറ്റം ചുമത്തി കേസ് അവസാനിപ്പിക്കാനുള്ള ക്രൈം ബ്രാഞ്ച് നീക്കം സംസ്ഥാന ആഭ്യന്തര വകുപ്പ് ആര്‍.എസ്.എസാണ് നിയന്ത്രിക്കുന്നത് എന്ന ആരോപണം ശക്തിപ്പെടുത്താനേ ഉപകരിക്കൂവെന്നും നേതാക്കള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക