|    Jul 20 Fri, 2018 5:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കള്ളനോട്ട് അച്ചടി : മാഫിയാ തലവന്‍ അറസ്റ്റില്‍

Published : 29th September 2017 | Posted By: fsq

 

മഞ്ചേരി: ആറുലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ അന്തര്‍ സംസ്ഥാന മാഫിയാ സംഘത്തലവന്‍ പിടിയില്‍. കോഴിക്കോട് കൊയിലാണ്ടി ആറുവയല്‍കുന്ന് റാസിഖ് (32) ആണ് അറസ്റ്റിലായത്. ബംഗളൂരുവിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. നോട്ട് അടിക്കുന്നതിനുള്ള ലാപ്‌ടോപ്പ്, സ്‌കാനര്‍, പ്രിന്റര്‍, നോട്ട് അടിക്കുന്നതിനുള്ള പേപ്പര്‍, ത്രഡ് എന്നിവയും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. 2000 രൂപയുടെ കള്ളനോട്ടുകളും ഇയാളില്‍ നിന്നു കണ്ടെത്തി. സംഘത്തലവന്‍കൂടി പിടിയിലായതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ചൈനയില്‍ നിന്നും ഇറക്കുമതിചെയ്ത കടലാസാണ് കള്ളനോട്ടടിക്കാന്‍ ഉപയോഗിച്ചത്. നോട്ടിലെ ത്രഡ് ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ നിന്നുമാണു സംഘടിപ്പിച്ചിരുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള പ്രിന്ററാണ് സംഘം ഇതിനുവേണ്ടി ഉപയോഗിച്ചത്. നോട്ടിന്റെ നിര്‍മാണത്തിന് ഐടി മേഖലയില്‍ നിന്നുള്ള രണ്ട് പ്രഫഷനലുകളുടെ സഹായം സംഘത്തിനു ലഭിച്ചിട്ടുണ്ട്. ആദ്യം ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് ഒരു വാടകവീട്ടിലായിരുന്നു സംഘം നോട്ടടിച്ചിരുന്നത്. പിന്നീട് കേന്ദ്രം ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഏകദേശം 30 ലക്ഷം രൂപയുടെ നോട്ടുകള്‍ അടിച്ചിട്ടുണ്ടെന്നും ഇതു കേരളത്തിലും സമീപസംസ്ഥാനങ്ങളിലും വിതരണം ചെയ്തിട്ടുണ്ടെന്നും പോലിസ് പറയുന്നു. പ്രതികള്‍ ഗള്‍ഫില്‍വച്ചുണ്ടായ പരിചയം വച്ചാണ്  പദ്ധതി തയ്യാറാക്കിയത്. പുതിയ 2000 നോട്ട് ഇറങ്ങിയതിനു ശേഷം സംസ്ഥാനത്തു നടന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടയാണിത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ, ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ എന്നിവരുടെ നിര്‍ദേശപ്രകാരം സിഐ എന്‍ ബി ഷൈജു, എസ്‌ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘാംഗങ്ങളായ സത്യനാഥന്‍, അബ്ദുല്‍ അസീസ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ശശി കുണ്ടറക്കാട്, പി സഞ്ജീവ്, സലിം, സജയന്‍ എന്നിവരും ജൂനിയര്‍ എസ്‌ഐ ഫക്രുദീന്‍, എസ്‌ഐ അബ്ദുറഹ്മാന്‍, എഎസ്‌ഐ സുരേഷ്, സുഭാഷ്, മനോജ്, ഷാഹുല്‍ എന്നിവരാണ് കേസന്വേഷിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss