|    Dec 14 Fri, 2018 2:26 am
FLASH NEWS

കള്ളനോട്ടു കേസിലെ പ്രധാന പ്രതിയെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു

Published : 13th April 2018 | Posted By: kasim kzm

മഞ്ചേരി: ആറു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ കേസില്‍ സംഘത്തിലെ പ്രധാനി കോയമ്പത്തൂരില്‍ പിടിയിലായി. കോയമ്പത്തൂര്‍ പുതൂര്‍ റൈറ്റ് ഹൗസ് അപ്പാര്‍ട്ട് മെന്റിലെ ബെനില്‍ ശ്യാം (22)ആണ് അറസ്റ്റിലായത്. രഹസ്യ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന ഇയാളെ ജില്ലാ പോലിസ് മേധാവി ദേപേഷ് കുമാര്‍ ബഹ്‌റക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. വ്യാജ കറന്‍സികള്‍ വിദഗ്ധമായി നിര്‍മിച്ചിരുന്നത് ബെനിലാണെന്ന് പോലിസ് പറഞ്ഞു.
എഡിറ്റിങ്ങില്‍ സാങ്കേതിക വൈദഗ്ധ്യമുള്ള ബെനില്‍ ചെന്നൈയില്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. വ്യാജ നോട്ടുകള്‍ നിര്‍മിക്കാന്‍ ഡിസൈന്‍ തയ്യാറാക്കിയിരുന്നത് ഇയാളായിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഒറിജിനലിനെ വെല്ലുന്ന നോട്ടുകളാണ് 2017 സെപ്തംബര്‍ 20ന് മഞ്ചേരിയില്‍ പിടികൂടിയിരുന്നത്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമുള്ളവയായിരുന്നു വ്യാജ കറന്‍സികള്‍. നോട്ടിന്റെ കനം അല്‍പം കൂടുതലായിരുന്നു. ഗാന്ധി ചിത്രത്തിനടുത്ത് വാട്ടര്‍ മാര്‍ക്കിലുള്ള 2000 ഇല്ല, ഡോട്ടഡ് സെക്യൂരിറ്റി ത്രെഡിലുള്ള വ്യത്യാസം എന്നിവ മാത്രമാണ് യഥാര്‍ത്ഥ നോട്ടില്‍ നിന്നും മാറ്റമുള്ളത്.
രണ്ടായിരം രൂപ നോട്ടുമായി ജനങ്ങള്‍ കൂടുതല്‍ പരിചയപ്പെട്ടു വരുന്ന സാഹചര്യം മുതലെടുത്ത് അതി വിദഗ്ധമായിട്ടാണ് വ്യാജ കറന്‍സികള്‍ നിര്‍മിച്ചതെന്ന് പോലിസ് കണ്ടെത്തിയിരുന്നു. മഞ്ചേരി ചെങ്ങര ബൈപ്പാസില്‍ വച്ച് ആറു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ സഹിതം കോഴിക്കോട് സ്വദേശിയായ സക്കറിയ പാലക്കാട് സ്വദേശികളായ ബാബു, ഷബീറലി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ആദ്യം പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച ലാപ്പ്‌ടോപ്പ്, പ്രിന്റര്‍, സ്‌കാനര്‍ എന്നിവ സഹിതം കോഴിക്കോട് സ്വദേശികളായ റാസിഖ്, മുഷ്ാഖ് എന്നിവരെ ബാംഗ്ലൂരില്‍ വച്ചും അറസ്റ്റു ചെയ്തു. നോട്ടു നിര്‍മ്മാണത്തിന് സാമ്പത്തിക സഹായവും വാടകയ്ക്ക് വീടും സംഘടിപ്പിച്ച മലപ്പുറം സ്വദേശികളായ സലാം, നാസര്‍ എന്നിവരെ രണ്ടു മാസം മുന്‍പും പോലിസ് പിടികൂടിയിരുന്നു. ഒരു ലക്ഷം രൂപക്ക് രണ്ടു ലക്ഷം രൂപയുടെ കള്ള നോട്ടുകളാണ് സംഘം വില്‍പന നടത്തിയിരുന്നത്.
പ്രതിയെ  ചോദ്യം ചെയ്തതില്‍നിന്ന് കള്ളനോട്ടു നിര്‍മാണവും വില്‍പനയും സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ എന്‍ ബി ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്‌ഐ അബ്ദുറബ്മാന്‍, പി സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss