|    Oct 16 Tue, 2018 12:00 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കള്ളനു കഞ്ഞിവയ്ക്കുന്നവര്‍

Published : 5th November 2017 | Posted By: mi.ptk

 എച്ച് സുധീര്‍
അധികാരത്തിലേറിയ ശേഷമുള്ള ഏറ്റവും സങ്കീര്‍ണമായ കാലഘട്ടത്തിലൂടെയാണ് പിണറായി സര്‍ക്കാര്‍ കടന്നുപോവുന്നത്. ജനങ്ങളെ സേവിക്കേണ്ടവര്‍ മിനി കൂപ്പറിനും കായല്‍ കൈയേറ്റത്തിനും പിന്നാലെ പോവുമ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കേണ്ടവര്‍ പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. സംഘപരിവാര പ്രീണനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ പിണറായി സര്‍ക്കാരിനെ വേട്ടയാടുമ്പോഴാണ് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളും സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ ഫൈസല്‍ കാരാട്ടുമായുള്ള സിപിഎം നേതാക്കളുടെ ബന്ധങ്ങളും തെളിവുസഹിതം പുറത്തുവന്നത്. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളുടെ നിലയില്ലാക്കയത്തില്‍ അകപ്പെട്ടതോടെ പിടിവള്ളി തേടി കൈകാലിട്ടടിക്കുകയാണ് എല്‍ഡിഎഫും സര്‍ക്കാരും. ഈ സമയമത്രയും ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തു പായിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും പുറത്തേക്ക് അടിച്ചുകളയുന്ന കളിക്കാരന്റെ റോളിലായിരുന്നു പ്രതിപക്ഷ നേതാവും കൂട്ടരും. നാട്ടില്‍ നൂറുകൂട്ടം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം മറന്ന് കഴിഞ്ഞ ഒന്നര മാസം കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച ചെയ്തത് കെപിസിസി ഭാരവാഹിപ്പട്ടികയില്‍ എങ്ങനെ കയറിക്കൂടാം എന്നതാണ്. ജനജാഗ്രതയെന്ന പേരില്‍ തെക്കുനിന്നും വടക്കുനിന്നും ജാഥ നടത്തിയ എല്‍ഡിഎഫ് നേതാക്കള്‍ ജാഗ്രത നഷ്ടപ്പെട്ടതിന്റെ പേരില്‍ വെള്ളം കുടിക്കുകയാണ്. ഈ യാത്ര കൊണ്ട് എല്‍ഡിഎഫിനു പേരുദോഷമല്ലാതെ മറ്റു നേട്ടമൊന്നും ലഭിച്ചില്ലെങ്കിലും ട്രാന്‍സ്‌പോര്‍ട്ട്, ടാക്‌സ് ഡിപാര്‍ട്ട്‌മെന്റുകള്‍ക്ക് ഏറക്കുറേ നല്ല ഗുണമുണ്ടായി. സിനിമാതാരങ്ങളായ അമല പോള്‍, ഫഹദ് ഫാസില്‍, സുരേഷ് ഗോപി തുടങ്ങി പല വമ്പന്‍മാരുടെയും പോണ്ടിച്ചേരി ബന്ധം അനാവൃതമായി. അന്വേഷണമെന്ന പേരില്‍ ഉദ്യോഗസ്ഥപ്പടയ്ക്കു പോണ്ടിച്ചേരി കറങ്ങാനും അവസരം ഒത്തുകിട്ടി. ബിജെപിയുടെ ജനരക്ഷാ യാത്രയുടെ ഹാങ്ഓവര്‍ വിട്ടുമാറും മുമ്പുതന്നെ വളരെ പ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് തെക്കുനിന്നും വടക്കുനിന്നും ജനജാഗ്രതാ യാത്ര തുടങ്ങിയത്. മുന്നണിയിലെ പ്രമുഖ പാര്‍ട്ടികളുടെ കപ്പിത്താന്‍മാരെ ജാഥാ ക്യാപ്റ്റന്‍മാരുമാക്കി. പ്രതീക്ഷകളൊക്കെ തകിടംമറിഞ്ഞുവെന്നു മാത്രമല്ല, വേണ്ടത്ര പിന്തുണയും ജാഥകള്‍ക്കു ലഭിച്ചില്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ ചെറിയതോതില്‍ ഓളമൊക്കെ സൃഷ്ടിച്ചെങ്കിലും മറ്റിടങ്ങളില്‍ ജനപിന്തുണ നന്നായി കുറഞ്ഞുവെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കിയ സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ ആനുകൂല്യവുമായി തുടങ്ങിയ യാത്രയ്ക്ക്, അഴിമതിക്കെതിരായ നിലപാടുമാറ്റവും സംഘപരിവാര പ്രീണനവും വിവാദ ഉത്തരവുകളുമാണ് വെല്ലുവിളിയായത്. ജനജാഗ്രതാ യാത്ര മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളും നിലപാടുകളും കാപട്യമാണെന്ന തരത്തിലേക്ക് തെളിവുകള്‍ പുറത്തുവന്നതോടെ എല്‍ഡിഎഫ് ജനങ്ങള്‍ക്കു മുന്നില്‍ സ്വയം അപഹാസ്യമാവുന്നതിനും കേരളം സാക്ഷിയായി. സൂക്ഷ്മമായി വിലയിരുത്തിയാല്‍ തെക്കന്‍ മേഖലാ യാത്ര സിപിഐയുടെയും വടക്കന്‍ മേഖലാ യാത്ര സിപിഎമ്മിന്റെയും യാത്രയായി ബ്രാന്‍ഡ് ചെയ്യപ്പെട്ടോയെന്നും സംശയിക്കേണ്ടിവരും. തെക്കന്‍ മേഖലാ യാത്രയോട് പലയിടത്തും സിപിഎമ്മുകാര്‍ അയിത്തം കല്‍പിച്ചുവെന്നത് പരസ്യമായ രഹസ്യമാണ്. തെക്കന്‍ മേഖലാ ജാഥയില്‍ ആള്‍ബലം കുറഞ്ഞതോടെ പല മേഖലയിലും ജാഥ കടന്നുപോയതു ജനമറിഞ്ഞില്ല. സിപിഐയും പോഷക സംഘടനകളും അടുത്തിടെ ഒറ്റയ്ക്ക് നടത്തിയ യാത്രകളില്‍ ലഭിച്ച സ്വീകാര്യത പോലും തെക്കന്‍ യാത്രയ്ക്ക് ലഭിച്ചിട്ടില്ലെന്നതും വസ്തുതയാണ്. കൈയേറ്റം ഉള്‍ െപ്പടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും പലപ്പോഴും സിപിഐ പ്രതിരോധത്തിലാക്കുന്നുവെന്ന വിലയിരുത്തലാണ് സിപിഎമ്മിന്റെ അനിഷ്ടത്തിനു കാരണമായത്. തോമസ് ചാണ്ടിയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറലിനെ ഒഴിവാക്കിയ എജിക്കെതിരേ റവന്യൂ മന്ത്രി നടത്തിയ വിമര്‍ശനങ്ങളും സിപിഎം അണികള്‍ക്ക് രസിച്ചിട്ടില്ല. സോളാര്‍ റിപോര്‍ട്ടില്‍ അതിവേഗം അന്വേഷണത്തിനു തീരുമാനിച്ചപ്പോഴാണ് കായല്‍ കൈയേറ്റ റിപോര്‍ട്ടില്‍ നടപടികള്‍ വൈകിപ്പിച്ച് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നടപ്പാക്കുന്നത്. നയനിലപാടുകളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ഭരണകൂടം കോര്‍പറേറ്റുകള്‍ക്കും കൊള്ളക്കാര്‍ക്കും തണലൊരുക്കി നല്‍കുമ്പോള്‍ തന്നെ മറുതലയ്ക്കല്‍ ജനകീയ സമരങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്തുകയുമാണ്. ഗെയില്‍ പദ്ധതിക്കെതിരായുള്ള ജനകീയ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ഭരണകൂടത്തിന്റെ നിലപാട് വരുംനാളുകളില്‍ വന്‍തോതില്‍ കോര്‍പറേറ്റുകള്‍ക്ക് വളരാന്‍ അവസരം ഒരുക്കുമെന്നതില്‍ സംശയമില്ല. ഭരണമുന്നണിയില്‍ നിന്നുള്ള കക്ഷികള്‍ പോലും സമരത്തില്‍ പങ്കാളിയാവുമ്പോള്‍ വികസനവിരുദ്ധരെന്ന ഓമനപ്പേരിട്ട് സമരത്തിനു തീവ്രവാദമുഖം ചാര്‍ത്തിക്കൊടുക്കുന്ന എല്‍ഡിഎഫ് ഭരണകൂടം, സംഘപരിവാരം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിലേക്കു ചുവടുമാറുന്നുവെന്നത് അത്യന്തം അപകടകരമാണ്. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണവുമായി ബന്ധപ്പെട്ട നീക്കങ്ങളും ഉത്തരവുകളും സര്‍ക്കാരിന്റെ സംഘപരിവാര പ്രീണനം തുറന്നുകാട്ടി. ചരിത്രത്തെ കളങ്കപ്പെടുത്തി ആര്‍എസ്എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി പൊതുവിദ്യാലയങ്ങളെ വിട്ടുനല്‍കി. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി 50 രൂപ ഈടാക്കി സംസ്‌കൃതി ജ്ഞാനപരീക്ഷ എന്ന പേരില്‍ നടത്തുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള പുസ്തകം പൊതുവിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്നതിന് അവസരമൊരുക്കി. ഈ വിവാദത്തിനു മേമ്പൊടിയായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷം സംഘടിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശവും വെളിച്ചത്തായി. ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ വെറുതെ വിട്ടതും പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തവരെ ആക്രമിച്ച ആര്‍എസ്എസുകാരോട് മൃദുസമീപനം സ്വീകരിച്ചതും ഉള്‍പ്പെടെയുള്ള മുന്‍കാല സമീപനങ്ങളും പുതിയ വിവാദങ്ങള്‍ക്ക് ബലമേകി. ഈ വിവാദങ്ങളില്‍ മറുപടി പറയാനാവാതെ ശ്വാസംമുട്ടുമ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജാഗ്രത നഷ്ടപ്പെട്ട് മിനി കൂപ്പര്‍ കെണിയില്‍ വീഴുന്നത്. മിനി കൂപ്പര്‍ കാര്‍ എല്‍ഡിഎഫിന്റെ വടക്കന്‍ ജാഥയ്ക്ക് പേരുദോഷം കേള്‍പ്പിച്ചപ്പോള്‍ തെക്കന്‍ ജാഥയ്ക്ക് അടിതെറ്റിയത് കുട്ടനാട് എത്തിയപ്പോഴാണ്. ഭരണനേട്ടം വിലയിരുത്താന്‍ ചേര്‍ന്ന വേദിയില്‍ കായല്‍ കൈയേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടി വെല്ലുവിളി നടത്തിയതോടെ ജാഥാ ക്യാപ്റ്റനായ കാനം രാജേന്ദ്രന് അരിശം കേറി. സംഗതി പിടിവിട്ടുപോവുമെന്നു മനസ്സിലാക്കിയ മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം മന്ത്രിയെ വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തു. അതിനിടെ, വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ മന്ത്രി തോമസ് ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാണ്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാവും കായല്‍ കൈയേറ്റത്തിന്റെ ഭാവി നിശ്ചയിക്കുക. തിങ്കളാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗവും നിര്‍ണായകമാവും. അതേസമയം, വടക്കുനിന്നു പടയൊരുക്കം ആരംഭിക്കാന്‍ കോപ്പുകൂട്ടുന്നതിനിടെ തലയിലായ സോളാര്‍ റിപോര്‍ട്ടില്‍ അങ്കലാപ്പിലായ യുഡിഎഫിന് ഇപ്പോള്‍ ചാകരയാണ്. യാത്രയില്‍ സോളാറില്‍ എന്തു വിശദീകരണം നല്‍കുമെന്ന് ആലോചിച്ചു തലപുണ്ണാക്കുമ്പോഴാണ് പിണറായി സര്‍ക്കാരിനെതിരായ ഒരുപിടി വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. ഗെയില്‍ സമരവും പടയൊരുക്കം യാത്രയില്‍ ആയുധമാക്കി യുഡിഎഫ് ആഘോഷിക്കുകയാണ്. ജനകീയ സമരങ്ങളെ അടിച്ചൊരുക്കുന്ന ഹിറ്റ്‌ലര്‍ എന്ന ലേബലിലാണ് യാത്രയില്‍ മുഖ്യമന്ത്രിയെ യുഡിഎഫ് പരിചയപ്പെടുത്തുന്നത്. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം കഴിഞ്ഞ സീസണില്‍ കൈവിട്ടുപോയ അധികാരം തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്റെ പടപ്പുറപ്പാട് കൂടിയാണ്. കൂടാതെ, എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയ്ക്കും ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്കുമുള്ള മറുപടിയും കടം വീട്ടലും യുഡിഎഫ് ലക്ഷ്യമിടുന്നു. ഈ യാത്ര തലസ്ഥാനത്ത് സമാപിക്കുമ്പോള്‍ ഇനി എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടാവുമെന്നാണ് കേരളം കാത്തിരിക്കുന്നത്. ഊണിലും ഉറക്കിലും തങ്ങള്‍ ജനങ്ങള്‍ക്കൊപ്പമെന്നു വാതോരാതെ വിലപിക്കുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പൊയ്മുഖം ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ രാജ്യത്തുടനീളം എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നുവരുന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss