|    Oct 23 Tue, 2018 4:09 am
FLASH NEWS
Home   >  National   >  

കള്ളക്കേസുകളില്‍ കുടുങ്ങിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു പഠിക്കാന്‍ നിയമ കമ്മിഷന് കോടതിയുടെ നിര്‍ദേശം

Published : 3rd December 2017 | Posted By: G.A.G

ന്യൂഡല്‍ഹി: വ്യാജകേസുകളില്‍ തടവില്‍കഴിഞ്ഞ് പിന്നീട് നിരപരാധിയാണെന്നു തെളിഞ്ഞ് കോടതി വിട്ടയക്കുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന നിയമനിര്‍മാണം സംബന്ധിച്ചു പഠിക്കാന്‍ ദേശീയ നിയമകമ്മീഷനു ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. കള്ളക്കേസുകളില്‍ കുടുങ്ങുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ രാജ്യത്തു നിലവില്‍ നിയമമില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എസ് മുരളീധര്‍, ഐ.എസ് മേത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. ഇതുസംബന്ധിച്ചു പഠിനം നടത്തി എത്രയും വേഗം കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശനല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഏറെക്കാലം തടവിലിട്ട ശേഷം പിന്നീട് നിരപരാധികളാണെന്നു കണ്ടെത്തി വെറുതെവിടുന്ന കേസുകള്‍ കുറവല്ല. തങ്ങളുടെ നല്ല കാലമത്രയും തടവറയില്‍ കഴിഞ്ഞശേഷം മോചിതരായ ഇത്തരക്കാര്‍ക്ക് പിന്നീട് ജീവതത്തില്‍ വലിയ പ്രതീക്ഷകളൊന്നും ഉണ്ടാവില്ല. ഇത്തരം കേസുകളില്‍  നഷ്ടപരിഹാരങ്ങള്‍ കോടതിമുമ്പാകെ ആവശ്യപ്പെടാന്‍ മാത്രം ചില ഇരകള്‍ ശക്തരോ കഴിവുള്ളവരോ ആവണമെന്നില്ല. അതിനാല്‍ തെറ്റായരീതിയില്‍ കുറ്റംചുമത്തപ്പെട്ട് തടവറയില്‍ കഴിഞ്ഞവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന വിധത്തില്‍ എത്രയുംപെട്ടെന്നു നിയമം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഈ നിയമം ഇരകളെന്ന പോലെ ഇരകളുടെ ബന്ധുക്കള്‍ക്കും ഗുണം ലഭിക്കുന്നതാവണം. പഠനം നടത്തുമ്പോള്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ആശയവിനിമയം നടത്തണം. ഇത്തരത്തിലുള്ള നഷ്ടപരിഹാരം ആര്‍ക്കെല്ലാം, എങ്ങിനെ, എപ്പോള്‍, ഏതുഘട്ടത്തില്‍, അതിന്റെ സാഹചര്യങ്ങള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരങ്ങള്‍ കണ്ടെത്തണമെന്നും കോടതി നിര്‍്‌ദേശം നല്‍കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് അമിക്കസ്‌കൂറിയായ നാഷനല്‍ ലോ യൂനിവേഴ്‌സിറ്റിയിലെ ക്രിമിനോളജി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് വകുപ്പിലെ ജി.എസ് ബാജ്‌പൈ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടലുകള്‍.
കള്ളകേസുകളില്‍ തടവിലിടാക്കപ്പെട്ടവര്‍ക്ക് അമേരിക്കയില്‍ സാമ്പത്തികനഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള പരിഹാരമാര്‍ഗങ്ങള്‍ നല്‍കുന്നതായി ബാജ്‌പൈ കോടതിയെ അറിയിച്ചിരുന്നു. ബ്രിട്ടണ്‍, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലും വ്യാജകേസുകളുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന നിയമമുണ്ട്. ഇന്ത്യയില്‍ ഇക്കാര്യത്തില്‍ പ്രത്യേകനിയമം ഇല്ലെന്നും അമിക്കസ്‌കൂറി കോടതിയെ അറിയിച്ചു.
ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ബസ് കണ്ടക്ടറുടെ കേസ് പരിഗണിക്കവെ വ്യാജകേസില്‍ ഇരകളാക്കപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന വിഷയം ഡല്‍ഹി ഹൈക്കോടതിയില്‍ ചര്‍ച്ചയായിരുന്നു. അഞ്ചുവയസ്സുകാരനായ വിദ്യാര്‍ഥി കഴുത്തറുത്തു കൊല്ലപ്പെട്ട കേസില്‍ ബസ് കണ്ടക്ടറെ ആദ്യം പ്രതിചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss