|    Jan 23 Mon, 2017 10:29 pm

കള്ളക്കേസില്‍ കുടുക്കി പോലിസ്  പീഡിപ്പിക്കുന്നതായി സിനിമാതാരം

Published : 4th February 2016 | Posted By: SMR

തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കി പോലിസ് പീഡിപ്പിക്കുന്നെന്ന പരാതിയുമായി സിനിമാതാരം. ഫോര്‍ സെയില്‍ എന്ന മലയാള സിനിമയിലെ നായികയും മുളന്തുരുത്തി സ്വദേശിയുമായ സോനാ മരിയയാണ് പരാതിയുമായി രംഗത്തെത്തിയത്. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയത്. ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് എറണാകുളത്തുനിന്നുള്ള ഒരു മന്ത്രിയാണെന്നും സോനാ മരിയ ആരോപിക്കുന്നു.
തെലുങ്ക് സിനിമാ സംവിധായകന്‍ എന്ന വ്യാജേന പരിചയപ്പെട്ട കരുനാഗപ്പള്ളി സ്വദേശി ഡിവൈന്‍ ജയചന്ദ്രനെതിരേ പരാതി നല്‍കിയതിലുള്ള വൈരാഗ്യത്തില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് സോന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയചന്ദ്രന്‍ തെലുങ്ക് സിനിമയില്‍ നായിക യാക്കാമെന്നു പറഞ്ഞ് ചെന്നൈയിലേക്ക് വിളിച്ചുവരുത്തി അപായപ്പൈടുത്താന്‍ ശ്രമിച്ചു. അവിടെനിന്ന് ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. പിന്നീട് കഴിഞ്ഞ വര്‍ഷം ആഗസ്ത് 18നു മരടിലെ ഷോപ്പിങ് മാളില്‍വച്ച് ഇയാളെ കാണുകയും സുഹൃത്ത് അംജദിന്റെ സഹായത്തോടെ പോലിസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ജയചന്ദ്രനെതിരേ കേസെടുക്കുന്നതിനു പകരം മരട് പോലിസ് അംജദിന്റെ പേരില്‍ ബ്ലാക്ക് മെയിലിങ് കേസ് ചാര്‍ജ് ചെയ്തു ജയിലില്‍ അടച്ചു.
തമിഴ്‌നടിയെ ഉപയോഗിച്ച് പ്രമുഖരെ ഭീഷണിപ്പെടുത്തി ഏഴു ലക്ഷം രൂപ തട്ടിച്ചു എന്നായിരുന്നു കേസ്. ജയചന്ദ്രനൊപ്പമുണ്ടായിരുന്ന അഭി എന്ന സ്ത്രീയെ ഈ കേസില്‍ രണ്ടാംപ്രതിയുമാക്കി. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ അംജദ് ജയചന്ദ്രനെ ആക്രമിക്കുകയായിരുന്നെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍, പോലിസിന് ജയചന്ദ്രന്‍ നല്‍കിയ മൊഴിയില്‍ അംജദുമായി തനിക്ക് മുന്‍ പരിചയം ഇല്ലെന്നും പറയുന്നു. അതിനുശേഷം തന്റെ വീട്ടില്‍ കയറിയിറങ്ങി പോലിസ് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് സോന പറഞ്ഞു. പോലിസ് പീഡനത്തിനെതിരേ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസില്‍ താന്‍ മൂന്നാംപ്രതിയാണെന്ന് അറിയുന്നത്. കള്ളക്കേസില്‍ കുടുക്കിയതിനെതിരേ പരാതിയുമായി എറണാകുളം റെയ്ഞ്ച് ഐജി ആയിരുന്ന അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു.
ജയചന്ദ്രന്‍ പോലിസ് കസ്റ്റഡിയില്‍ ഉളപ്പോള്‍ പരാതി നല്‍കിയിട്ടുപോലും അയാള്‍ക്കെതിരേ നടപടി എടുത്തില്ല. തൃക്കാക്കര എസിപി ബി ജോയ് അലക്‌സാണ് ജയചന്ദ്രനു വേണ്ടി തന്നെയും സുഹൃത്ത് അംജദിനെയും കള്ളക്കേസില്‍ കുടുക്കിയത്. തന്റെ നിരന്തര പരാതിയെ തുടര്‍ന്ന് കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പരാതിയുമായി ആഭ്യന്തരമന്ത്രി, ആഭ്യന്തര സെക്രട്ടറി, ഡിജിപി തുടങ്ങിയവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നാലുതവണ ഡിജിപിക്ക് നേരിട്ടു പരാതി നല്‍കി. ആദ്യം അനുഭാവപൂര്‍വം പെരുമാറിയ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും പിന്നീട് അവഗണിച്ചെന്നും സോനാ മരിയ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 126 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക