|    Jun 25 Mon, 2018 5:35 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കള്ളക്കഥകള്‍ പൊളിയുന്നു; ആയിശ പറയുന്നു, തന്നെ ആരും തടവിലിട്ടിട്ടില്ല

Published : 20th July 2016 | Posted By: mi.ptk

റസാഖ് മഞ്ചേരി

മലപ്പുറം: “തടവില്‍നിന്നു പെണ്ണിനെ വിമോചിപ്പിക്കുന്ന ആദര്‍ശമാണ് ഞാന്‍ സ്വീകരിച്ചത്. എന്നെ ആരും തടവിലാക്കിയിട്ടില്ല. മതതീവ്രവാദികള്‍ തന്നെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന മാധ്യമങ്ങളുടെ കുപ്രചാരണം കൊണ്ട് സത്യം മൂടിവയ്ക്കാനാവില്ല’. തിരുവനന്തപുരം സ്വദേശി അപര്‍ണ എന്ന ആയിശ പറയുന്നു. സംഘപരിവാര മുഖപത്രമായ ജന്മഭൂമി, മാതൃഭൂമി എന്നിവയിലും ഇതര മാധ്യമങ്ങളിലും വന്ന വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ച തേജസ് പ്രതിനിധിയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ആയിശയുടെ വാക്കുകളില്‍ കള്ളം പ്രചരിപ്പിക്കുന്ന മാധ്യമ വിചാരണയോടുള്ള പ്രതിഷേധമുണ്ടായിരുന്നു. മലയാളികളെ കാണാതായ സംഭവത്തിന്റെ മറവില്‍ ഇസ്‌ലാമിനെതിരേ സംഘപരിവാരവും മാധ്യമങ്ങളും നടത്തിയ കള്ളപ്രചാരണമാണ് ഇതോടെ പൊളിയുന്നത്. രണ്ടു തവണ ഹൈക്കോടതി ഇഷ്ടാനുസരണം പോവാന്‍ അനുവദിച്ച തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തടവില്‍ പാര്‍പ്പിച്ചതായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. രണ്ടു തവണ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി തീര്‍പ്പു കല്‍പ്പിച്ചതുമാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ ഇഷ്ടത്തിനെതിരേ ഇക്കാര്യത്തില്‍ ഇനി പരാതിയുമായെത്തിയാല്‍ പിഴ ഈടാക്കുമെന്നുപോലും ഹൈക്കോടതി മാതാവിനോടു പറഞ്ഞിരുന്നു. എന്നിട്ടും ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള മാധ്യമ വിചാരണയാണ് അരങ്ങേറുന്നത്. ഇസ്‌ലാംമതം സ്വീകരിച്ച ശേഷം മഞ്ചേരിയിലെ മതപഠന കേന്ദ്രമായ മര്‍ക്കസുല്‍ ഹിദായയില്‍ താമസിക്കുകയാണു താനെന്ന് അമ്മയ്ക്കും ബന്ധുക്കള്‍ക്കും പോലിസിനുമെല്ലാം അറിയാവുന്നതാണെന്ന് ആയിശ പറയുന്നു. എന്നിട്ടും കള്ളപ്രചാരണം നടത്തുന്നത് ചിലരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ്. എല്ലാവിഭാഗം ആളുകള്‍ക്കും മതത്തെക്കുറിച്ച് താരതമ്യ പഠനം നടത്താന്‍ സാധിക്കുന്ന സ്ഥാപനമാണ് മര്‍കസുല്‍ ഹിദായ. അമ്മയും ബന്ധുക്കളുമെല്ലാം ഇവിടെ വന്ന് തന്നെ നേരില്‍ കണ്ടു സംസാരിച്ചിട്ടുണ്ട്. ഇന്നുവരെ എല്ലാ ദിവസവും അമ്മയുമായി ഫോണില്‍ സംസാരിക്കാറുമുണ്ട്. എന്നിട്ടും കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയി തടവിലിട്ടിരിക്കുകയാണെന്നുമുള്ള രീതിയില്‍ ഇപ്പോള്‍ കേസ് കൊടുത്തത് സമ്മര്‍ദ്ദം മൂലമാണെന്നുറപ്പ്. ഇക്കാര്യം അമ്മ തന്നെ തന്നോടു ഫോണില്‍ പറഞ്ഞിട്ടുണ്ട്. പോലിസ് കമ്മീഷണറും ആര്‍എസ്എസുകാരും ബന്ധുക്കളുമെല്ലാം നിര്‍ബന്ധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ കേസ് കൊടുത്തതെന്നാണ് അമ്മ പറഞ്ഞതെന്ന് ആയിശ വ്യക്തമാക്കി.ആരുടെയെങ്കിലും പ്രേരണയാലോ പ്രണയം മൂലമോ അല്ല താന്‍ ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് അമ്മയ്ക്കും എന്നെ അറിയാവുന്നവര്‍ക്കും നന്നായി അറിയാം. അല്ലാഹുവിനോടും ഇസ്‌ലാമിക പ്രത്യേയശാസ്ത്രത്തോടുമുള്ള ഇഷ്ടമാണ് എന്നെ സത്യവാചകം ചൊല്ലാന്‍ പ്രേരിപ്പിച്ചത്. എട്ടാം ക്ലാസില്‍വച്ചുതന്നെ ഞാ ന്‍ മാനസികമായി ഇസ്‌ലാം ആശ്ലേഷിച്ചിരുന്നു. നിരവധി മുസ്‌ലിം കൂട്ടുകാരികളുണ്ടായിരുന്നു എനിക്ക്. അവരുടെ ജീവിതവും വസ്ത്രധാരണവുമെല്ലാം ആകര്‍ഷിച്ചിരുന്നു. അവരോടൊപ്പം പലപ്പോഴും പള്ളിയില്‍ പോവുകയും നമസ്‌കരിക്കുകയും ചെയ്യാറു—ണ്ടായിരുന്നു. ഇതെല്ലാം അമ്മയ്ക്ക് അറിയാം. വീട്ടില്‍ ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കുന്നതും തലമറയ്ക്കുന്നതുമെല്ലാം അമ്മ പലപ്പോഴും കളിയാക്കിയിട്ടുണ്ട്. എന്നിട്ടും തട്ടിക്കൊണ്ടുപോന്നതായാണ് കേസ് കൊടുത്തത്. അമ്മയെ ഉപേക്ഷിച്ചു പോന്നതാണെന്നു കരുതരുത്. അമ്മയോടുള്ള കടപ്പാട് എത്രമാത്രം വലുതും മഹത്തരവുമാണെന്നു ബോധ്യപ്പെട്ടത് ഇസ്‌ലാമിനെക്കുറിച്ചു പഠിച്ചപ്പോഴാണ്.ഇതു മൂന്നാം തവണയാണ് തന്നെ കാണാനില്ലെന്നു പറഞ്ഞ് കേസ് കൊടുക്കുന്നത്. കോടതിയിലും സ്‌റ്റേഷനിലുമെല്ലാം ഹാജരായി സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചതാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇഷ്ടാനുസരണം പോവാന്‍ കോടതി അനുവദിച്ചതാണ്. മതത്തെക്കുറിച്ച് കൂടുതല്‍ അറിയാനാണ് ഇപ്പോള്‍ മഞ്ചേരി മര്‍ക്കസില്‍ എത്തിയത്. വീട്ടിലേക്കു പോവണമെങ്കില്‍ പൊയ്‌ക്കൊള്ളാന്‍ സ്ഥാപന അധികൃതര്‍ പറഞ്ഞിട്ടുണ്ട്. പൂര്‍ണ സമ്മതത്തോടേയും ഇഷ്ടത്തോടെയുമാണ് ഇവിടെ തങ്ങുന്നത്. കാണാനെത്തിയ അമ്മയും ഇളയമ്മയും മോള്‍ പഠനം കഴിഞ്ഞശേഷം വന്നാല്‍മതിയെന്നു പറഞ്ഞാണ് പോയതെന്ന് ആയിശ പറഞ്ഞു. തന്നോടൊപ്പം ഇസ്‌ലാംമതം സ്വീകരിക്കാന്‍ തയ്യാറാണെന്ന് അമ്മ നേരത്തെ അറിയിച്ചതാണ്. പിന്നെ എന്തിനാണ് കേസ് കൊടുത്തതെന്നു ചോദിച്ചപ്പോള്‍ ബന്ധുക്കളും പോലിസുമെല്ലാം സമ്മര്‍ദ്ദത്തിലാക്കുകയാണ്. പിന്നെ ഇതല്ലാതെ ഞാനെന്താണു ചെയ്യുകയെന്നായിരുന്നു അമ്മയുടെ മറുപടി. കൊലപാതകവും തീവ്രവാദവും എതിര്‍ക്കുന്ന മതമാണ് ഇസ്‌ലാം. പരബ്രഹ്മമെന്നോ യഹോവയെന്നോ ദൈവമെന്നോ എന്തു പേരിട്ടുവിളിച്ചാലും അല്ലാഹുതന്നെയാണ് യഥാര്‍ഥ ദൈവമെന്നിരിക്കെ തന്റെ ആദര്‍ശമാറ്റത്തെ എന്തിനാണ് അസഹിഷ്ണുതയോടെ കാണുന്നത്. സ്ത്രീകള്‍ക്കാണ് ഇസ്‌ലാം ഏറ്റവും അധികം സ്ഥാനം കല്‍പിച്ചിട്ടുള്ളത്. സ്ത്രീകളോട് നല്ല രീതിയില്‍ പെരുമാറുന്നവനാണ് നിങ്ങളില്‍വച്ച് ഏറ്റവും ഉത്തമനെന്നും സ്ത്രീകളോടു മോശമായി പെരുമാറുന്നവനാണ് നിങ്ങളില്‍വച്ച് ഏറ്റവും മോശമെന്നുമാണ് പ്രവാചകന്‍ പഠിപ്പിച്ചത്. പിന്നെ എങ്ങനെയാണ് സ്ത്രീകളെ തടവിലിടുന്ന മതമായി ഇസ്‌ലാമിനെ കാണാന്‍ കഴിയുക. മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ കേട്ട് ഇസ്‌ലാമിനെ വിലയിരുത്തരുതെന്നും ആയിശ പറഞ്ഞു. ഇത്രയും പ്രശ്‌നങ്ങളുണ്ടായ സ്ഥിതിക്ക് മതംമാറ്റ തീരുമാനം വേണ്ടായിരുന്നുവെന്നു തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മുസ്‌ലിമായതിലല്ല വിഷമം, മുസ്‌ലിമായി ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതിലാണ് തനിക്കു വിഷമമുള്ളതെന്നായിരുന്നു ആയിശയുടെ മറുപടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss