|    Mar 23 Fri, 2018 5:14 am
Home   >  Pravasi   >  

കളി കണ്ടെഴുതേണ്ട മാധ്യമപ്രവര്‍ത്തകര്‍ കളിക്കാരാവരുത്: കെ പി കുഞ്ഞിമൂസ

Published : 21st March 2017 | Posted By: fsq

 

ദോഹ: കളി കണ്ടെഴുതേണ്ട മാധ്യമപ്രവര്‍ത്തകര്‍  കളിക്കാരാവുന്നതിന്റെ ദുര്യോഗമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ പി കുഞ്ഞിമൂസ.  രാഷ്ട്രീയം പഠിച്ച് രാഷ്ട്രീയത്തില്‍ നിന്നു മാറി നില്‍ക്കാനാണ് തന്റെ മുന്‍ഗാമികള്‍ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജേര്‍ണലിസമെന്താണെന്ന് കൃത്യമായി പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ എവിടേയും പരാജയപ്പെടാതെ നില്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മീഡിയാ ഫോറം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രാധിപ പ്രതിഭകളുടെ വാക്കുകള്‍ സമൂഹം വിലയോടെ കണ്ടിരുന്ന ഒരു കാലം കഴിഞ്ഞു പോയിട്ടുണ്ട്. കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് സംഘര്‍ഷം നടക്കുമെന്ന് തോന്നിയ ഘട്ടത്തില്‍ കലക്ടറായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ അന്ന് സി എച്ച് മുഹമ്മദ് കോയയെ വിളിച്ച് കലാപമുണ്ടാകാതെ എങ്ങനെയാണ് കാര്യങ്ങള്‍ നീക്കുകയെന്ന് ചോദിച്ചപ്പോള്‍ പത്രാധിപന്‍മാരെ നടക്കാവ് പൊലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്താനാണ് പറഞ്ഞത്. സി എച്ച് മുഹമ്മദ് കോയയെ കൂടാതെ കെ പി കേശവമേനോന്‍ ഉള്‍പ്പെടെയുള്ള പത്രാധിപന്‍മാര്‍ പൊലിസ് സ്‌റ്റേഷനിലെത്തുകയും അവിടെ നിന്നും ജാഥയായി വെള്ളയില്‍ കടപ്പുറത്തേക്ക് പോവുകയുമാണുണ്ടായത്. തങ്ങള്‍ക്കു വേണ്ടി സമൂഹത്തിലെ ഉന്നതര്‍ ജാഥയായി വരുന്നതു കണ്ടതോടെ സംഘര്‍ഷ ശ്രമങ്ങളില്‍ നിന്നു പിന്തിരിയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മേശപ്പുറത്ത് കടലാസുകളൊന്നും ഉണ്ടാവരുതെന്നും ചവറ്റു കുട്ടയില്‍ കടലാസുകളൊന്നും നിക്ഷേപിക്കരുതെന്നുമുള്ള കര്‍ശന നിര്‍ദ്ദേശം സി എച്ച് മുഹമ്മദ് കോയ പത്രാധിപരായിരിക്കെ തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. കിട്ടുന്നതെല്ലാം പത്രത്തില്‍ കൊടുക്കാനായിരുന്നു ഈ ഉപദേശം. അക്കാലത്ത് എഴുതിക്കിട്ടിയിരുന്ന വാര്‍ത്തകള്‍ വാര്‍ത്തകളായി മാറ്റാന്‍ സി എച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെ ഡസ്‌കിലുള്ളവരെല്ലാം കഠിനമായി പരിശ്രമിക്കേണ്ടി വന്നിരുന്നതായും അദ്ദേഹം പറഞ്ഞു. പലപ്പോഴും ലേഖനങ്ങള്‍ തികയാത്തപ്പോള്‍ സി എച്ച് മുഹമ്മദ് കോയ പല പേരുകളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. മഷി പുരണ്ട മേശവിരിപ്പ് വിരിച്ച് പത്രക്കെട്ട് തലയിണയായി വച്ച് പത്രമോഫീസില്‍ തന്നെ കിടന്നുറങ്ങിയ കാലം പത്രപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ, പഴയകാല പത്രങ്ങളുടേയും പത്രക്കട്ടിങുകളുടെയും ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കല്‍, പഴയകാല പ്രമുഖരുടെ ഓട്ടോഗ്രാഫ് പ്രസിദ്ധീകരണം, അയ്യായിരത്തിലേറെ അനുസ്മരണ ലേഖനങ്ങളുടെ പ്രസിദ്ധീകരണം തുടങ്ങി വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടാണ് കെ പി കുഞ്ഞിമൂസ ഖത്തറിലെത്തിയത്. മുപ്പത്തിയഞ്ചിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം ചന്ദ്രികയില്‍ അസിസ്റ്റന്റ് എഡിറ്ററും കേരള സീനിയര്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറിയുമാണ്. ഇന്ത്യന്‍ മീഡിയ ഫോറം നല്‍കിയ സ്വീകരണത്തില്‍ പ്രസിഡന്റ് ജിബി മാത്യു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുജീബുര്‍റഹ്മാന്‍ കരിയാടന്‍ സ്വാഗതവും സെക്രട്ടറി മുജീബുര്‍റഹ്മാന്‍ ആക്കോട് നന്ദിയും പറഞ്ഞു. കെ പി കുഞ്ഞിമൂസയ്ക്ക് ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ ഉപഹാരം പ്രസിഡന്റ് കൈമാറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss