|    Oct 23 Tue, 2018 2:49 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കളിശൈലി മാറ്റാന്‍ കാലമായി

Published : 14th December 2015 | Posted By: SMR

slug-a-bആരു ഭരിച്ചാലും സദാ പ്രതിപക്ഷമായിരിക്കുക എന്നതാണ് മാധ്യമങ്ങളുടെ റോള്‍. ഇതു കേവലം എക്‌സിക്യൂട്ടീവിന്റെ കാര്യത്തില്‍ മാത്രമല്ല. ജുഡീഷ്യറി തൊട്ട് ഏതു ഭരണഘടനാ സ്ഥാപനത്തിന്റെയും നടപടികളെ അവ മാതൃകാ പ്രതിപക്ഷമായി നോക്കിക്കാണേണ്ടതുണ്ട്. അതുകൊണ്ടാണ് സ്‌റ്റേറ്റിന്റെ നാലാം തൂണായി നമ്മുടെ ഭരണഘടന തന്നെ മാധ്യമങ്ങളെ വിവക്ഷ ചെയ്തിരിക്കുന്നത്. ശ്രദ്ധിക്കണം, ഇങ്ങനെയൊരു നാലാം തൂണ്‍ വേണമെന്നു പറഞ്ഞ ഭരണഘടനാ ശില്‍പികള്‍ മറ്റു തൂണുകളുടെ മാതിരി അതിനെ നിയമപരമായി വ്യവസ്ഥ ചെയ്തു സ്ഥാപിച്ചില്ല. കാരണം, അത് സ്റ്റേറ്റിന്റെ ഭാഗമായിക്കൂടാ; എല്ലാ തരം എസ്റ്റാബ്ലിഷ്‌മെന്റിനും പ്രതിപക്ഷമായി സദാ പൊതുജനങ്ങളുടെ കാവലാളായിരിക്കണം. അങ്ങനെയൊക്കെയാണോ നാട്ടുനടപ്പെന്ന കാര്യം വേറെ. വിവക്ഷ അങ്ങനെയാണ്.
ഇപ്പറഞ്ഞ പ്രതിപക്ഷ റോളില്‍ മാധ്യമങ്ങള്‍ നില്‍ക്കെ രാഷ്ട്രീയക്കാരുമായി അതൊരു മല്‍സരത്തിലാവും. ഓരോ പ്രമേയത്തിന്റെയും നേരു കണ്ടെത്തി, റിപബ്ലിക്കിന്റെ യജമാനനായ പബ്ലികിനെ അറിയിക്കുന്ന പണിയില്‍ ഏര്‍പ്പെടുന്നവരും ടി നേര് മറയ്ക്കാന്‍ ശ്രമിക്കുന്നവരുമായി അങ്ങനെയൊരു ഗുസ്തിയുണ്ടാവുക സ്വാഭാവികം. രാഷ്ട്രീയക്കാര്‍ പൊതുവേ നുണ പറയും, സ്വന്തം അജണ്ടകള്‍ സമര്‍ഥിക്കാന്‍ നേരു മുഴുവന്‍ പറയണമെന്നില്ല എന്നൊക്കെയുള്ള പൊതുധാരണയിലാണ് അതിന്റെ ഉയിര്. ഈ ധാരണ ഒട്ടും പിശകല്ലെന്ന് എല്ലാവര്‍ക്കും അറിയാം.
വ്യക്തിഗതമായ അപവാദങ്ങള്‍ ഉണ്ടെങ്കിലും അവര്‍ പോലും സ്വന്തം രാഷ്ട്രീയത്തിനു വേണ്ടി നേരു പറയാതിരിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. രാഷ്ട്രീയം കയറി മനസ്സാക്ഷിക്കു വിലങ്ങുവയ്ക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോകാത്ത രാഷ്ട്രീയക്കാരുണ്ടാവില്ല. എന്നാല്‍, പച്ചയായ നുണ ബോധപൂര്‍വം പ്രചരിപ്പിക്കുന്നവരും വ്യക്തിപരമായ രക്ഷയ്ക്കു വേണ്ടി നുണയുടെ പരിച പിടിക്കുന്നവരും എന്നു മറ്റു രണ്ടു വിഭാഗങ്ങളുമുണ്ട്.
ഉദാഹരണത്തിന്, കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്തും പണവും സര്‍ക്കാര്‍ കൊണ്ടുപോകുന്നു എന്നൊരു ഹിമാലയന്‍ നുണ കഴിഞ്ഞ 30 കൊല്ലമായി ഇവിടെ ഹിന്ദുത്വ പരിവാരം പ്രചരിപ്പിച്ചുവരുന്നുണ്ട്. നാലു ദേവസ്വം ബോര്‍ഡുകള്‍, പല ട്രസ്റ്റുകള്‍, കുടുംബങ്ങള്‍, പിന്നെ എന്‍എസ്എസും എസ്എന്‍ഡിപിയും തൊട്ട് വിശ്വഹിന്ദു പരിഷത്ത് വരെയാണ് നാട്ടിലെ ക്ഷേത്രങ്ങളുടെ ഉടമകള്‍. ഇതില്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മാത്രമാണ് പേരിനെങ്കിലും സര്‍ക്കാരിനു കൈയുള്ളത്. സ്വയംഭരണ സ്ഥാപനങ്ങളായ ദേവസ്വം ബോര്‍ഡുകളുടെ ഭാരവാഹിത്വം വഹിക്കേണ്ട ബോര്‍ഡ് അംഗങ്ങളെ നിയമിക്കുന്നതിലാണ് ടി കൈ. അതതു കാലത്തെ ഭരണകക്ഷികള്‍ നോമിനികളായി ഹിന്ദു മതവിശ്വാസികളായ ശിങ്കിടികളെ വയ്ക്കുന്നു.
അത്തരമൊരു രാഷ്ട്രീയക്കളി ഉണ്ടെന്നല്ലാതെ ബോര്‍ഡുകളുടെ നാലണ എടുക്കാന്‍ സര്‍ക്കാരിനു പറ്റില്ല. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റ് ഹൈക്കോടതിയും ബാക്കി ലോക്കല്‍ ഫണ്ട് വകുപ്പും നടത്തുന്നു. വരായ്കയത്രയും ബാങ്കില്‍ ഇടുന്നു. സ്വന്തം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൊടുക്കാനും ക്ഷേത്രച്ചെലവു നോക്കാനുമല്ലാതെ ഈ ഭാരിച്ച കിഴിയില്‍ നയാപൈസയുടെ ഗുണം നാട്ടുകാര്‍ക്കില്ല. അതേസമയം, പല ആവശ്യങ്ങള്‍ക്കായി പൊതുഖജനാവില്‍ നിന്ന് കാശ് അങ്ങോട്ടു കൊടുക്കുന്നുമുണ്ട്.
ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ തന്നെ 241 കോടിയാണ് ദേവസ്വം ബോര്‍ഡുകള്‍ക്ക് കൊടുത്തത്. എന്നുവച്ചാല്‍, ഹിന്ദുക്കളും അല്ലാത്തവരുമായവരുടെ കാശെടുത്ത് ഇപ്പറഞ്ഞ ഹിന്ദു ഏര്‍പ്പാടിനായി കൊടുക്കുന്നു; എന്നിരിക്കെയാണ് ശശികലയെപ്പോലുള്ള ‘മതോന്മാദികള്‍’ തൊട്ട് ബിജെപിയുടെ ലോക്കല്‍ നേതാക്കള്‍ വരെ മേപ്പടി മാലപ്പടക്കം പൊട്ടിക്കുന്നത്. ഉദ്ദേശ്യം ലളിതം: ഒന്ന്, ഭൂരിപക്ഷ വര്‍ഗീയതയും അതനുസരിച്ചുള്ള വിഭാഗീയതയും ഉണ്ടാക്കുക. അതിന്റെ രാഷ്ട്രീയഗുണമുണ്ടാക്കുക. രണ്ട്, ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണം ഹിന്ദുത്വ കൂടാരത്തിലേക്കു മാറ്റുക; അവയുടെ ഭാരിച്ച സ്വത്തു വച്ച് വന്‍ സാമ്പത്തിക ശക്തിയാവുക. നിയമനങ്ങളും ക്ഷേത്രനടത്തിപ്പും കൈയിലായാല്‍ ഭൂരിപക്ഷ സമുദായത്തിനുള്ളില്‍ നിശ്ചയമായ രാഷ്ട്രീയ സ്വാധീനമുണ്ടാക്കാം.
ഈ പടുനുണ, അവരുടെ ദല്ലാളായ വെള്ളാപ്പള്ളി നടേശനും അടുത്തിടെ പ്രചരിപ്പിച്ചുതുടങ്ങിയപ്പോഴാണ് ഇതാദ്യമായി സര്‍ക്കാര്‍ നിജസ്ഥിതി പ്രഖ്യാപിച്ചത്. വി ഡി സതീശന്റെ സബ്മിഷനു മറുപടിയായി വകുപ്പുമന്ത്രി നിയമസഭയില്‍ സത്യം പറഞ്ഞു. മാധ്യമങ്ങള്‍ രാഷ്ട്രീയനുണ കാണാതെപോയതല്ല. ഈ ലേഖകന്‍ അടക്കം പലരും ഇത് മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങളുടെ മൗനത്തിനിടയിലൂടെ മതോന്മാദികള്‍ തുള്ളല്‍ തുടര്‍ന്നു. നുണ ഭംഗിയായി പുലര്‍ന്നു. എന്നുവച്ചാല്‍ ഈ നുണ പ്രചരിപ്പിച്ച രാഷ്ട്രീയക്കാരുടെ മുന്നില്‍ മാധ്യമങ്ങള്‍ മല്‍സരം കൂടാതെ തോറ്റുകൊടുത്തു.
സര്‍വസാധാരണമായി മാറിക്കൊണ്ടിരിക്കുന്ന മറ്റൊരു നുണവിഭാഗമാണ് രാഷ്ട്രീയക്കാരുടെ വ്യക്തിഗതമായ ഉരുപ്പടി. ഉദാഹരണമായി ബാര്‍ കോഴ. മാണി കള്ളുകാശ് കൈമടക്കു പറ്റിയ കാര്യം ഇപ്പോള്‍ നാട്ടുകാര്‍ക്കൊക്കെ ഏറക്കുറേ ബോധ്യമായി. കാരണം, തുടരന്വേഷണത്തിനു വിധിച്ച വിജിലന്‍സ് കോടതി അതിന്റെ ഉത്തരവില്‍ തന്നെ പറയുന്നു, ആരോപണത്തുകയുടെ 25 ശതമാനം പ്രതി പറ്റിയതായി കോടതിക്കു ബോധ്യമായിട്ടുണ്ടെന്നും ബാക്കി 75 ശതമാനം പറ്റിയോ ഇല്ലയോ എന്നറിയാന്‍ അന്വേഷണം തുടരട്ടെ എന്നും.
തുടക്കം തൊട്ട് താന്‍ ‘കാശു ചോദിച്ചിട്ടില്ല, കൈപ്പറ്റിയിട്ടില്ല’ എന്നാണ് മാണി പറഞ്ഞുനടന്നത്. ഇതൊരു തന്ത്രപരമായ നുണപറച്ചിലായിരുന്നു. കാരണം, ഏതു കൈക്കൂലിക്കേസും കോടതിയില്‍ നിലനില്‍ക്കണമെങ്കില്‍ കാശു ചോദിച്ചെന്ന് അഥവാ ചോദിക്കാനുള്ള ചുറ്റുപാടുണ്ടായെന്നു തെളിയിക്കേണ്ടതുണ്ട്. മാത്രമല്ല, ചോദിക്കാതെ തരുന്ന കാശ് കൈപ്പറ്റിയാല്‍ത്തന്നെ അതു കൈമടക്കല്ലെന്നു പറയാന്‍ കഴിയും. രാജി വരെ ഈ തന്ത്രമെടുത്ത മാണി രാജിക്കു ശേഷം പറഞ്ഞുനടക്കുന്നതു കേള്‍ക്കുക: ‘സംഭാവന എങ്ങനെ കോഴയാകും?’
എന്താണീ ചുവടുമാറ്റത്തിന്റെ പൊരുള്‍? 25 ശതമാനം കാശ് പറ്റിയെന്ന് കോടതിക്കു ബോധ്യമായ സ്ഥിതിക്ക് തുടരന്വേഷണത്തിലോ ഇപ്പറഞ്ഞ 25 ശതമാനത്തിന്റെ കാര്യത്തിലോ ഇനി ഞഞ്ഞാപിഞ്ഞ പറ്റില്ല. അതുകൊണ്ട് പറ്റിയ കാശിന്റെ വകുപ്പ് മാറ്റിക്കൊണ്ട് തടിതപ്പുക. സംഭാവന പറ്റാന്‍ രാഷ്ട്രീയക്കാരന് അവകാശമുണ്ട്, അത് കോഴയുടെ വകുപ്പില്‍ പെടുന്നില്ല- ഇവ്വിധം നുണയുടെ മുടിനാരിഴ കീറി സ്വീകരണം ഏറ്റുവാങ്ങി നാടുചുറ്റുന്ന മാണിക്കു മുന്നില്‍ മാധ്യമങ്ങള്‍ നിസ്സഹായരാക്കപ്പെടുകയാണ്, നുണ-നേര് മല്‍സരത്തില്‍.
ടെലിവിഷന്‍ ചാനലുകളിലെ സോളാര്‍, ബാര്‍ കോഴ ചര്‍ച്ചകള്‍ എടുക്കുക. ഭരണകക്ഷി വക്താക്കള്‍ പ്രതികളെ ന്യായീകരിക്കുന്നതു മനസ്സിലാക്കാം. സ്വന്തം രാഷ്ട്രീയത്തിന്റെ അനിവാര്യതയാണത്. എന്നാല്‍, നാടിനെ വഞ്ചിക്കുന്ന ഒരു ധനപ്രമേയത്തില്‍ അന്വേഷണം നടക്കെത്തന്നെ ഭരണപക്ഷം പ്രതിഭാഗം വക്കീലന്‍മാര്‍ക്കപ്പുറം പോയി വിധി നിര്‍ണയിക്കുന്നതാണ് കണ്ടത്. സത്യം അറിഞ്ഞിട്ടാവാം വിധിപ്രഖ്യാപനം എന്ന കേവല മര്യാദ പോലുമില്ലാത്തവര്‍ കൂളായി വിഗണിച്ചത്, തങ്ങള്‍ ജനങ്ങളുടെ പ്രതിനിധികളാണെന്നും/ ആകേണ്ടവരാണെന്നും നീതിനിര്‍വഹണത്തിന്റെ പ്രതിപക്ഷമല്ലെന്നുമുള്ള വസ്തുതയെയാണ്. രാഷ്ട്രീയക്കാര്‍ ഇവിടെയും മാധ്യമങ്ങളെ കടത്തിവെട്ടിക്കൊണ്ട് സ്വന്തം നുണ അഥവാ ശരിയായ നേര് മറച്ചുവയ്ക്കുന്ന കലാപരിപാടി വിജയിപ്പിച്ചുകൊണ്ടിരിക്കുന്നു.
മുമ്പൊക്കെ വസ്തുതാപരമായ സൂക്ഷ്മതയില്ലാതെ വല്ലതും പറയുന്നത് രാഷ്ട്രീയക്കാര്‍ സ്വയം ഒരു കുറവായി കണ്ടിരുന്നു. അതുകൊണ്ടുതന്നെ അങ്ങനെ പറയുന്നവര്‍ അവഹേളിക്കപ്പെടുകയും ചെയ്തിരുന്നു. പ്രമുഖ പത്രങ്ങള്‍ എഴുതുന്ന മുഖപ്രസംഗങ്ങളെ ഭരണാധിപന്മാര്‍ ഗൗരവത്തിലെടുത്തിരുന്നു. അഭിമത രൂപവത്കരണത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെ ആര്‍ജവത്തോടെ കണ്ടിരുന്നു. രാഷ്ട്രീയക്കാരും മാധ്യമങ്ങളും തമ്മിലുള്ള ആരോഗ്യകരമായ മല്‍സരത്തിലെ ‘സമനില’ക്കാലമായിരുന്നു അത്. എന്നാലിന്നോ?
വസ്തുതാപരമായ തെറ്റു തൊട്ട് പച്ചനുണ വരെ അഴിച്ചുവിടാന്‍ പല രാഷ്ട്രീയക്കാര്‍ക്കും കൂസലേയില്ല. ചോദ്യം ചെയ്യപ്പെടുമ്പോഴൊക്കെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നോ മാധ്യമസൃഷ്ടിയാണെന്നോ തിരിച്ചടിക്കും. ടെലിവിഷന്റെ വരവോടെ ഈ നുണന്യായീകരണം അവസാനിക്കുമെന്നു കരുതിയവര്‍ കൂടുതല്‍ ഇളിഭ്യരായി. ദൃശ്യങ്ങളുടെ തെളിവു പോലും കൃത്രിമസൃഷ്ടിയായി വ്യാഖ്യാനിക്കാന്‍ രാഷ്ട്രീയക്കാരന് ഉളുപ്പില്ല. നേരു വച്ച് നുണയെ നേരിടുന്ന ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയാല്‍ സമീപകാലത്തുള്ള സ്ഥിരം മറുപടി ഇങ്ങനെ: ‘അത് നിങ്ങളുടെ വ്യാഖ്യാനം.’ അതോടെ ചോദ്യകര്‍ത്താവിനു നാവിറങ്ങുകയായി.
നടപ്പു സംഭാഷണത്തിന്റെ ആന്തരിക യുക്തി വച്ചുള്ള അതിവാദങ്ങളും തല്‍ക്കാല വെടികളുമായി മാധ്യമ ചര്‍ച്ചകള്‍ മാറ്റിയെടുക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിയുന്നുവെന്നാണ് ഇവിടെ തിരിച്ചറിയേണ്ടത്; അവരുടെ ഈ വിജയം പ്രമേയത്തിന്റെ നേരിനെ തമസ്‌കരിക്കാനാണ് വീണ്ടും വീണ്ടും ഉതകുന്നതെന്നും. കാരണം ‘ഞങ്ങള്‍ ഏതു ചോദ്യവും നേരിടുന്നു, ഏതു ചര്‍ച്ചയ്ക്കും തയ്യാര്‍, എല്ലാം സുതാര്യം’ എന്ന കപട സന്ദേശമാണിത് ജനങ്ങള്‍ക്കു നല്‍കുന്നത്. ഉദാഹരണമായി, 2005 വരെയുള്ള കൈയേറ്റങ്ങള്‍ക്ക് പട്ടയം കൊടുക്കാന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് സൂത്രത്തില്‍ ഇറക്കിയ വിജ്ഞാപനം ഓര്‍ക്കുക. ഒടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ സാക്ഷാല്‍ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു നേരെ കുത്തിയ കൊഞ്ഞനമിങ്ങനെ: ‘ഒരു മാസം മുമ്പ് ഇറങ്ങിയ വിജ്ഞാപനമാണ്. നിങ്ങളെന്തേ കണ്ടില്ല?’ പാവം മാധ്യമപ്രവര്‍ത്തകര്‍ പതിവുപോലെ ഒരു വന്‍ തട്ടിപ്പിനും ജനവഞ്ചനയ്ക്കുമുള്ള ഈ പൊള്ളന്യായത്തിനു മുമ്പില്‍ നാവിറങ്ങിനിന്നു.
ഇങ്ങനെ മല്‍സരത്തില്‍ രാഷ്ട്രീയക്കാര്‍ മേല്‍ക്കൈ നേടി കളി തുടരുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തന്ത്രങ്ങളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടതല്ലേ? പ്രതിയോഗികള്‍ക്ക് അധികാരത്തിന്റെയും സ്വാധീനത്തിന്റെയും സൗകര്യങ്ങളുണ്ട്. സ്ഥലപരിമിതി, സമയപരിമിതി, ആളുകളുടെ ശ്രദ്ധാപരിമിതി തുടങ്ങി പല പ്രശ്‌നങ്ങളും മാധ്യമങ്ങള്‍ക്കു നേരിടേണ്ടതുണ്ട്. ഒരു വാര്‍ത്തയെ വിടാതെ പിന്തുടരുന്നത് തങ്ങള്‍ക്ക് ഇതില്‍ സ്വാര്‍ഥതാല്‍പര്യമുണ്ടെന്ന തോന്നല്‍ പരത്തുമെന്ന ആശങ്കയാണ് മിക്കവരെയും ആ നൈരന്തര്യത്തില്‍ നിന്നു പിന്‍വലിക്കുന്നത്. ഒപ്പം, പല മാധ്യമസ്ഥാപനങ്ങളുടെയും രാഷ്ട്രീയബന്ധങ്ങളും തലപ്പത്തുള്ളവരുടെ വ്യക്തിഗത ചങ്ങാത്തങ്ങളും. ഇതിനിടെ വാര്‍ത്ത കണ്ടെത്തുന്ന റിപോര്‍ട്ടര്‍ സാന്‍ഡ്‌വിച്ചാകും.
ഇതൊക്കെയിരിക്കിലും കളിയില്‍ മാധ്യമങ്ങള്‍ക്ക് ഇനിയും സമനില പിടിക്കാനെങ്കിലും മാര്‍ഗങ്ങളുണ്ട്: ഒന്നാമതായി, കേരളത്തിലെ പൊതുമാധ്യമങ്ങളുടെ പ്രധാന ദോഷവും പരിമിതിയും അവരുടെ സജാതീയതയാണ്. എല്ലാം കണ്ടാല്‍ ഒരുപോലെ, കേട്ടാല്‍ ഒരുപോലെ. പിണറായി വിജയന്‍ പറഞ്ഞാലും ഇല്ലെങ്കിലും ഏതാണ്ടൊരു സിന്‍ഡിക്കേറ്റ് പരുവം. മാധ്യമങ്ങള്‍ അവയുടെ സ്വകീയ കാരക്ടര്‍ കണ്ടെേത്തണ്ടിയിരിക്കുന്നു. ഇതു പരിശീലനകാലത്തേ വരുത്തുന്ന മാറ്റങ്ങളിലാണ് ആദ്യം വേണ്ടത്.
വ്യവസ്ഥാപിത പ്രവര്‍ത്തനശൈലിയും പ്രവര്‍ത്തന നിയമങ്ങളും മാറേണ്ടതുണ്ട്. പരീക്ഷണങ്ങള്‍ക്കും സൃഷ്ടിപരതയ്ക്കും യുവറിപോര്‍ട്ടര്‍മാരെ സ്വതന്ത്രരാക്കണം. ചുരുക്കത്തില്‍, ഒരേപോലിരിക്കുന്ന കന്നുകാലികളുടെ കൂട്ടമായി പ്രതിയോഗികളുടെ മുന്നില്‍ പേനയും മൈക്കുമായി നില്‍ക്കുന്ന ഭോഷ്‌ക് അവസാനിക്കണം. ഗെയിം ശൈലി മാേറ്റണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നുണ പറയുന്ന നിമിഷം ചാനല്‍മൈക്കൊന്നു മുഖത്തു നിന്നു മാറ്റിനോക്കുക; ഏത് കൊടി കെട്ടിയ രാഷ്ട്രീയക്കാരനും കാലിടറിത്തുടങ്ങും. കാരണം, മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയക്കാരനെ വേണ്ടതിലധികം രാഷ്ട്രീയക്കാരനു മാധ്യമങ്ങളെയാണ് ആവശ്യം.
നുണയ്ക്കു മുമ്പില്‍ ഇങ്ങനെ പ്രതികരിക്കാന്‍ ചില പ്രാഥമിക ചേരുവകള്‍ ആവശ്യമുണ്ട്. ഒന്ന്: നുണ കേട്ടാല്‍ തല്‍ക്ഷണം തിരിച്ചറിയാന്‍ വേണ്ട ഗൃഹപാഠവും വകതിരിവും മാധ്യമപ്രവര്‍ത്തകര്‍ക്കു വേണം. മൈക്ക് മാറ്റാനുള്ള സ്വാതന്ത്ര്യം സ്വന്തം സ്ഥാപനം കൊടുക്കുകയും വേണം. കളി മാറിത്തുടങ്ങുന്നത് അപ്പോള്‍ കണ്ടുതുടങ്ങാം. $

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss