|    Dec 17 Mon, 2018 9:48 pm
FLASH NEWS

കളിമണ്‍പാത്ര നിര്‍മാണം; നൈപുണി വികസന പരിശീലനം സമാപിച്ചു

Published : 30th December 2015 | Posted By: SMR

മാനന്തവാടി: ടൂറിസം സാധ്യതകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജില്ലയില്‍ പരമ്പരാഗത തൊഴില്‍ സംരംഭങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഏറെ അത്യാവശ്യമാണെന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്. ജില്ലാ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി താലൂക്കില്‍ സംഘടിപ്പിച്ച പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ നൈപുണി ശേഷി വികസന പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനന്തവാടി മുനിസിപ്പാലിറ്റി, പനമരം ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ച 25 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. 20 ദിവസത്തെ പരിശീലനത്തില്‍ മണ്‍പാത്ര നിര്‍മാണം, ഡിസൈനിങ്, ഉല്‍പന്ന വൈവിധ്യവല്‍ക്കരണം എന്നിവര്‍ ക്ലാസ് നടന്നു. പാലക്കാട് ആസ്ഥാനമായ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിലെ ഫാക്കല്‍റ്റികള്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മാര്‍ക്കറ്റിങ്, ബാങ്കിങ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു.
അന്നന്നത്തെ അന്നത്തിനായി കൂലിപ്പണിയും കെട്ടുപണിയും ചെയ്തുവരുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികളെ കണ്ടെത്തി കുലത്തൊഴില്‍ ചെയ്യുന്നതിന് പ്രോല്‍സാഹനം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ വ്യവസായകേന്ദ്രം പരിശീലന പരിപാടി നടപ്പാക്കിയത്. വ്യാവസായിക സന്ദര്‍ശനം, കളിമണ്ണ് ആഭരണ നിര്‍മാണം, പെയിന്റിങ് പ്രായോഗിക ക്ലാസുകള്‍ എന്നിവയിലൂടെ മേഖലയിലെ പുത്തന്‍ സാധ്യതകളും പ്രവണതകളും മനസ്സിലാക്കാന്‍ സാധിച്ചതായി പരിശീലനത്തില്‍ പങ്കെടുത്ത അപ്പുക്കുട്ടി പറയുന്നു.
പനമരം, മാനന്തവാടി പരിധിയില്‍പ്പെടുന്ന കൊയിലേരിയില്‍ 34 കുടുംബങ്ങളും മാനന്തവാടിയില്‍ എട്ടു കുടുംബങ്ങളുമാണ് ഈ തൊഴിലിലൂടെ ഉപജീവനം നയിക്കുന്നത്.
ചടങ്ങില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജയന്തി രാജന്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് അസിസ്റ്റന്റ് ഓഫിസര്‍ ബഷീര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിശീലന കാലാവധിക്കുള്ളില്‍ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച നീഷ്മ, രജനി, മാളു എന്നിവര്‍ക്കുള്ള സമ്മാനദാനം പി കെ അസ്മത്ത്, ജയന്തി രാജന്‍ നിര്‍വഹിച്ചു. മികച്ച ലീഡറായി തിരഞ്ഞെടുക്കപ്പെട്ട അനില്‍കുമാറിന് കാഷ് അവാര്‍ഡ് നല്‍കി. സമാപനത്തോടനുബന്ധിച്ച് വിവിധ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ എക്‌സിബിഷനില്‍ കവിത, മാളു എന്നിവര്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായി. ശ്രീജ, രജനി, സുധ, മനിത യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പരിപാടിയില്‍ മാര്‍ട്ടിന്‍ കുഴിമുള്ളില്‍, പനമരം സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ സന്തോഷ് കുമാര്‍, കുമ്പാര സമുദായ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രന്‍, വ്യവസായ വികസന ഓഫിസര്‍മാരായ പി കുഞ്ഞമ്മദ്, അയ്യപ്പന്‍, പി ആര്‍ ഷിജു, പനമരം ബിഡിഒ എന്‍ അബ്ദുല്‍ ഗഫൂര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss