|    May 25 Fri, 2018 6:36 am
FLASH NEWS

കളിമണ്ണ് ലഭിക്കുന്നില്ല; കളിമണ്‍ പാത്ര നിര്‍മാണം പ്രതിസന്ധിയില്‍

Published : 8th November 2016 | Posted By: SMR

അബ്ദുല്‍ഹക്കീം കല്‍മണ്ഡപം

പാലക്കാട്:  ജില്ലയില്‍ കളിമണ്‍ പാത്രനിര്‍മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയായി പരമ്പരാഗത മണ്‍പാത്ര നിര്‍മാണക്കാര്‍ തൊഴില്‍ ഉപേക്ഷിക്കുന്നു. കളിമണ്‍ പാത്രങ്ങള്‍ക്ക് മുന്തിയ ഹോട്ടലുകളില്‍ പ്രിയം ഏറുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും വ്യവസായത്തെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മറ്റു തൊഴില്‍തേടി പോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.  കളിമണ്‍പാത്രം നിര്‍മിക്കുന്നതിന് ആധുനിക യന്ത്രങ്ങള്‍ വരുന്നതും വിദഗ്ധരായ  പ്രഫഷണലുകള്‍ അന്യ സംസ്ഥാനത്തു നിന്നും വ്യാവസായികമായി ഇടം പിടിച്ചതും ഇവിടത്തെ  പരമ്പരാഗത മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. കളിമണ്‍ പാത്ര നിര്‍മാണം കുലതൊഴിലായി സ്വീകരിച്ച കുംബാര സമുദായക്കാര്‍ സിംഹഭാഗവും ഈ മേഖലയില്‍ നിന്നും പിന്തിരിഞ്ഞ സ്ഥിതിയാണ്.അന്യസംസ്ഥാനങ്ങളില്‍ നിന്നും പാത്രങ്ങളും ചട്ടികളും സാമഗ്രികളും യഥേഷ്ടം ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതും ഇവിടെയുള്ള കളിമണ്‍പാത്ര നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പഴയ തലമുറയില്‍പ്പെട്ട അപൂര്‍വം ചിലര്‍ മാത്രമാണ് ഇന്ന് ഈ രംഗത്ത് നിലനില്‍ക്കുന്നതെന്നിരിക്കെ ഇവര്‍ക്കാകട്ടെ  ഇതുകൊണ്ടു പ്രത്യേകിച്ച് ഒരു തൊഴിലെന്ന നിലയില്‍ സ്ഥിരം വരുമാനം ലഭിക്കാത്ത സാഹചര്യവുമാണ്. തമിഴ്‌നാട്ടില്‍ നിന്നും മറ്റും വരുന്ന കളിമണ്‍പാത്ര സാധന സാമഗ്രികള്‍ക്കാണ് ഇവിടെ പ്രിയം കൂടുതലുള്ളത്. അതിനാല്‍ ഉള്ള സാധ്യത കൂടി ഇതുമൂലം ഇല്ലാതാകുന്ന സാഹചര്യവും ഇതുമൂലമുണ്ടാകുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. അനുഷ്ഠാനം കണക്കെ ഇന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വം പേരാകട്ടെ  പ്രായമേറിയവരാണ്. പുതുതലമുറയില്‍ നിന്നും ആരും തന്നെ ഈ മേഖലയ്ക്ക് കടന്നു വരാത്തത് പരമ്പരാഗത മേഖലയുടെ സര്‍വ നാശത്തിനു തന്നെ കാരണമാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്.  യുപിഎ സര്‍ക്കാരിന്റെ കാലത്ത് ട്രെയിനുകളില്‍ ചായക്കപ്പുകള്‍ക്കു പകരം മണ്‍ഗ്ലാസ്സുകള്‍ ഉപയോഗിക്കുന്നതിന് തീരുമാനമുണ്ടായിരുന്നു. മഎന്നാ ല്‍ ഇതു സംബന്ധിച്ച തീരുമാനം നടപ്പായില്ല. കളിമണ്ണ് ലഭിക്കാത്തതാണ് ഈ മേഖലയിലുള്ളവര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. മണ്ണെടുക്കുന്നതിനു ജിയോളജിക്കല്‍  വകുപ്പിന്റെ നിയമപ്രശ്‌നങ്ങള്‍ മുഖ്യ വെല്ലുവിളിയാണ.് മുമ്പ് ഭാരതപ്പുഴയുടെ വൃഷ്ടി  പ്രദേശങ്ങളില്‍ നിന്നാണ് മണ്ണെടുത്തിരുന്നത്. എന്നാ ല്‍ ഇതിനു നിരോധനമുള്ളതും മണ്ണില്‍ അമിതമായി ചെളി കലര്‍ന്നതും പാത്രനിര്‍മാണത്തിന് ഉപയോഗിക്കാനാകാത്ത സാഹചര്യമുണ്ടാക്കി. നിലവില്‍ മണ്ണിന് 12,000 മുതല്‍ 15,000 രൂപ വരെ  നല്‍കിയാണ് ഈ രംഗത്തുള്ളവര്‍ ഒരു ലോഡ് കളിമണ്ണ് വാങ്ങുന്നത്. ഉത്പാദന ചെലവ് കൂടുതലും ഉത്പന്നത്തിന് വില ലഭിക്കാത്തതും ആവശ്യക്കാര്‍ ഇല്ലാത്തതുമാണ് മേഖലയുടെ മുഖ്യ പ്രശ്‌നം. കളിമണ്‍ പാത്രത്തില്‍ ആഹാരം പാചകം ചെയ്യുന്നതാണ് ആരോഗ്യത്തിന് അത്യുത്തമമെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പ്രവൃത്തിയില്‍ എത്തിക്കുന്നതിന് സമൂഹം തയ്യാറാവുന്നില്ല. കളിമണ്‍പാത്ര വ്യവസായം സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി രംഗത്തു വരണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss