|    May 25 Thu, 2017 10:03 pm
FLASH NEWS

കളിമണ്ണില്‍ ജീവിതം കുഴച്ച് കല്യാണി

Published : 13th October 2016 | Posted By: Abbasali tf

മാള: അന്നമനട പുളിക്കകടവ് പാലത്തിനു സമീപത്തെ മണ്‍കല വില്‍പന ഷെഡില്‍ ചെന്നാല്‍ കല്യാണിയെ കാണാം. 76ാം വയസ്സിലും ജീവിതത്തിനോട് പടവെട്ടേണ്ടിവരുന്ന ഒരു പാവം സ്ത്രീ.  എരവത്തൂര്‍ മട്ടാരിക്കല്‍ പരേതനായ പാപ്പുകുട്ടന്റെ ഭാര്യ കല്ല്യാണിയാണ് വര്‍ഷങ്ങളായി മണ്‍കലങ്ങള്‍ കച്ചവടം ചെയ്യുന്നത്. 2011ല്‍ ഭര്‍ത്താവിന്റ വിയോഗശേഷമാണ് കല്യാണി മണ്‍പാത്രങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ തുടങ്ങിയത്.എരവത്തൂര്‍ വയലില്‍ നിന്നെടുത്ത കളിമണ്‍ രൂപപെടുത്തി ചൂളയില്‍ ചുട്ടെടുത്ത് ആവശ്യക്കാര്‍ക്ക് നല്‍കുന്നത് മട്ടാരിക്കല്‍ കുടുംബത്തിന്റെ കുല തൊഴിലാണ്.  രണ്ട് പതിറ്റാണ്ട് മുമ്പ് ഇവരുടെ ഒരു മകന്‍ മരിച്ചതോടെ ഈ അമ്മ ചൂളയില്‍ മണ്‍കലം ചുടല്‍ നിറുത്തിയിരുന്നു. കുറേ മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കളിമണ്‍ കുഴക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഭര്‍ത്താവ് പാപ്പു കുട്ടന്റെ മരണത്തോടെ നിര്‍മാണം നിര്‍ത്തിവച്ചു.എങ്കിലും മനുഷ്യര്‍ക്ക് ആരോഗ്യകരമായ ഭക്ഷണത്തിന് മണ്‍കലങ്ങള്‍ വേണമെന്ന് കല്യാണിക്കിറയാം. അവരത് തേടി വരുമ്പോള്‍ നല്‍കുവാന്‍ തന്നെ തീരുമാനിച്ചു. നാല് മക്കളാണ് ഇവര്‍ക്കുള്ളത്. രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്തയച്ചു. ഒരു മകന്‍ അമ്മയെ സഹായിക്കാനായുണ്ട്. രാവിലെ ഒമ്പതിന്  കല്ല്യാണി റോഡരികിലുള്ള ഷെഡിലെത്തും. വൈകീട്ട് ആറുമണിയോടെ വീട്ടിലേക്ക് മടങ്ങും. വലിയ ലാഭമൊന്നുമില്ലെങ്കിലും ഇത് തുടരുകയാണ്. മകന്റെ കുടുംബത്തോടൊപ്പമാണ് ഈ വൃദ്ധയുടെ താമസം. പ്രായം ഏറെ എത്തിയത് വകവക്കാതെയാണ് കല്യാണി കച്ചവടവുമായി മുന്നോട്ട് പോകുന്നത്. മണ്‍പാത്രങ്ങളുമായുള്ള ചങ്ങാത്തം മരണം വരെ തുടരാനാണ് ഈ അമ്മയുടെ തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day