|    Sep 20 Thu, 2018 7:55 am
FLASH NEWS
Home   >  Kerala   >  

കളിപ്പാട്ടമാകുന്ന ‘കവചകുണ്ഡലം’

Published : 23rd August 2016 | Posted By: G.A.G

imthihan-SMALLബോംബു നിര്‍മ്മാണവും സ്‌ഫോടനവും എവിടെ വെച്ചു ആരു നടത്തിയാലും അതീവഗുരുതരമായ അപരാധവും സുരക്ഷാപ്രശ്‌നവുമാണെന്നാണല്ലോ  നമ്മളൊക്കെ ഇക്കാലം വരെ ധരിച്ചിരുന്നത്. എന്നാല്‍ ആ വിവരക്കേട് മാറ്റാന്‍ സമയമായിരിക്കുന്നു. എല്ലാം ആപേക്ഷികമാണ്. ആളും തരവുമനുസരിച്ച്  കാര്യങ്ങള്‍ മാറിമറയും. ചിലപ്പോള്‍ ഒരു വീട് അടിക്കല്ലടക്കം തകര്‍ക്കാന്‍ പ്രഹരശേഷിയുളള ബോംബുകള്‍ കുടില്‍ വ്യവസായമായി ഉല്‍പാദിപ്പിച്ചാലുണ്ടാകാത്ത സുരക്ഷാ പ്രശ്‌നം തൊട്ടപ്പുറത്തെ വീട്ടിലെ ആട്ടിന്‍കുട്ടിയുടെ കരച്ചില്‍  ഉണ്ടാക്കിയേക്കാം. ആ ആട്ടിന്‍ കുട്ടിയെ വളര്‍ത്താന്‍ പ്രസ്തുത വീട്ടുകാരുടെ പ്രചോദനവും സാമ്പത്തിക പിന്‍ബലവും എന്തെന്നതിനെക്കുറിച്ച് എന്‍ഐഎ മുതലായ ദേശീയ ഏജന്‍സികള്‍ കവടിനിരത്തിയും മഷിനോട്ടം നടത്തിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കാം. സന്ധ്യ മയങ്ങുമ്പോഴേക്ക് ആടുവളര്‍ത്തലിന്റെ കാണാപുറങ്ങളെക്കുറിച്ച് ഒന്നിലേറെ ചാനലുകള്‍ ചര്‍ച്ചാതൊഴിലാളികളെ നിലപാടുതറയില്‍ അങ്കംവെട്ടിച്ചേക്കാം. എന്നാല്‍ ബോംബു നിര്‍മ്മാണത്തിനിടെ ഒരാള്‍ മരണപ്പെടുകയും ഒന്നിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്താലും നന്നെക്കവിഞ്ഞാല്‍ എന്താ ഒരു പുക എന്ന ചോദ്യം മാത്രം പ്രതീക്ഷിച്ചാല്‍ മതി. ‘ ഛക്ഷുശ്രവണഗളസ്ഥമാം കേരളത്തെ സംബന്ധിച്ച് മാധ്യമവിചാരണയോ കേന്ദ്ര-സംസ്ഥാന സംയുക്ത അന്വേഷണമോ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് കൂത്തുപറമ്പിലെ ആഎസ് എസ് പ്രവര്‍ത്തകന്‍ പൊന്നമ്പലത്ത് ദീക്ഷിത് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍  സ്വവസതിയില്‍ കൊല്ലപ്പെടുന്നത്. സ്‌ഫോടത്തില്‍ ഇയാളുടെ കൂട്ടാളികളായ ചിലര്‍ക്കും പരിക്കുണ്ട്. സംഭവം അറിഞ്ഞ്  മാധ്യമങ്ങളോ പൊതുസമൂഹമോ ഞെട്ടിയില്ല. അന്വേഷണസംഘങ്ങളുടെ പ്രവാഹമില്ല,  രണ്ടുകോളം വാര്‍ത്തയോടെ എല്ലാം അവസാനിച്ചു. ഏതാണ്ട് ഒന്നരവര്‍ഷം മുമ്പ് നാറാത്തെ ഏതാനും ചെറുപ്പക്കാര്‍  വ്യായാമത്തിന്റെ ഭാഗമായി നടത്തിയ കായികപരിശീലനത്തിന്റെ പേരിലുണ്ടായ പുകിലുകള്‍ നാം കണ്ടതാണ്. സംസ്ഥാന പോലീസിന്റെ അന്വേഷണം പരിശീലനത്തിന്റെ ഉളളറകള്‍ വേണ്ടരീതിയില്‍ വ്യക്തമാക്കാത്തതിനാല്‍ അന്വേഷണം എന്‍ ഐ എയെ ഏല്‍പിക്കുകയായിരുന്നു. അവിടെ ബോംബ് നിര്‍മ്മാണം നടന്നതായി അന്വേഷണ ഏജന്‍സികള്‍ക്കുപോലും അഭിപ്രായമുളളതായി അറിയില്ല. പക്ഷേ നാറാത്ത് എന്ന പേര് ഇന്ന് കേരളീയ മതഭീകരതയുടെ പ്രതീകമായി മാറിയിരിക്കുന്നു. ഈ ഉദാഹരണങ്ങള്‍  ഒറ്റപ്പെട്ട ഒന്നല്ല. സ്‌ഫോടനകേസുകളാകട്ടെ, സുരക്ഷാപ്രശ്‌നങ്ങളുയര്‍ത്തുന്ന മറ്റുസംഭവങ്ങളാകട്ടെ അടുത്തകാലത്തായി സംഭവത്തിലെ ഇരകളുടെ ജാതിയും മതവും നോക്കിയാണ് ഓരോ സംഭവത്തിന്റെയും ഗൗരവവും വാര്‍ത്താപ്രാധാന്യവും. പ്രതി ന്യൂനപക്ഷ സമുദായക്കാരനാണെങ്കില്‍ കേസ് യു എ പി എ പ്രകാരവും അന്വേഷണം എന്‍ ഐ എയും ആകാന്‍ അതു തന്നെ ധാരാളം. സമാന സാഹചര്യങ്ങളില്‍ പിടിക്കപ്പെടുന്ന ഭൂരിപക്ഷ സമുദായക്കാരന് മനോരോഗിയുടെയോ നല്ല രീതിയില്‍ വളര്‍ത്തപ്പെട്ടതിന്റെയോ  ആനുകൂല്യം ലഭിക്കുക സമയത്തിന്റെ മാത്രം പ്രശ്‌നമായിരിക്കും. അല്ലെങ്കില്‍ അയാളില്‍ നിന്നും പിടിക്കപ്പെട്ട ആയുധം ആ സമയത്തിനകം കളിക്കോപ്പായോ കവചകുണ്ഡലമായോ മാറിയിരിക്കും. പക്ഷേ എന്തു ചെയ്യാം, കളിക്കോപ്പുകള്‍ പൊട്ടിയും നമ്മുടെ ‘നല്ലരീതിയില്‍ വളര്‍ത്തപ്പെട്ട’ കുട്ടികള്‍ ബലിദാനികളായിക്കൊണ്ടിരിക്കുകയാണ്. ചുണ്ടിനും കപ്പിനുമിടയില്‍ വെച്ച് ചണ്ടീഗഡിലെ അഡ്മിനിസ്‌ട്രേറ്റര്‍ പദം നഷ്ടപ്പെട്ട കണ്ണന്താനത്തെ ഒരു സേഫ്റ്റി ഓഫീസറായി നിയമിച്ച് ഭാരതമാതാവിന്റെ വീരപുത്രന്‍മാരെ സുരക്ഷിതമായി കളിക്കോപ്പുകള്‍ ഉപയോഗിപ്പിക്കാന്‍ പഠിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss