|    Jan 19 Thu, 2017 3:57 am
FLASH NEWS

കളിത്തോക്ക് കാട്ടി ബാങ്ക് കൊള്ളയ്ക്ക് ശ്രമിച്ച യുവാവ് പിടിയില്‍

Published : 13th April 2016 | Posted By: SMR

അങ്കമാലി: ഐഎസ് ഭീകരനെന്നു പരിചയപ്പെടുത്തി വ്യാജ ബോംബും കളിത്തോക്കും കാണിച്ച് ടൗണിലെ ബാങ്കില്‍നിന്നു 50 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. അങ്കമാലി യോര്‍ദനാപുരം തട്ടാംപറമ്പില്‍ വിനു (42) ആണ് അറസ്റ്റിലായത്. ബാങ്ക് അധികൃതരുടെ തന്ത്രപരമായ ഇടപെടലാണ് ഇയാളെ പിടികൂടാന്‍ സഹായകരമായത്. പ്രതിയുടെ കൈയിലുണ്ടായിരുന്ന ബാഗിലാണ് വ്യാജബോംബ് സൂക്ഷിച്ചിരുന്നത്. ബോംബിന്റെ നിര്‍മാണ പ്രക്രിയകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നില്ല. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ ബോംബെന്നു തോന്നിക്കുന്ന തരത്തിലായിരുന്നു നിര്‍മാണം.
ഡിറ്റക്ഷന്‍ ആന്റ് ഡിഫ്യൂസിങ് സ്‌ക്വാഡ് എത്തി നടത്തിയ പരിശോധനയിലാണ് ബോംബ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നിന് അങ്ങാടിക്കടവ് ജങ്ഷനു സമീപമുള്ള ഫെഡറല്‍ ബാങ്കിന്റെ അങ്കമാലി ശാഖയിലായിരുന്നു സംഭവം. ബൈക്കിലാണ് യുവാവ് എത്തിയത്. കറുത്ത ബനിയനും കറുത്ത ജീന്‍സും കണ്ണടയും മങ്കി ക്യാപ്പും ധരിച്ച് മാനേജരുടെ കാബിനിലേക്കു കയറിയ യുവാവ് താന്‍ ഐഎസ് ഭീകരനാണെന്ന് സ്വയം പരിചയപ്പെടുത്തി. ഐഎസ് ഭീകരനെന്നു കാണിക്കുന്ന കത്തും ഇയാള്‍ മാനേജര്‍ക്കു നല്‍കി. തുടര്‍ന്ന് ബാഗ് തുറന്നു ബോംബെടുത്തു. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞു. ഐഎസ് ഭീകരനായ തനിക്കൊപ്പം 50പേരുണ്ടെന്നും ബാങ്കിനു ചുറ്റും നാല് ബോംബു വച്ചിട്ടുണ്ടെന്നും പണംനല്‍കിയില്ലെങ്കില്‍ ബാങ്ക് തകര്‍ക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
പണംനല്‍കിയാല്‍ നിങ്ങളെയാരെയും വധിക്കില്ലെന്നും പോലിസിനെ വിളിക്കാന്‍ശ്രമിക്കരുതെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. മൂന്നു മിനിറ്റ് സമയമാണ് യുവാവ് നല്‍കിയത്. ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറിയാണ് കത്തില്‍ എഴുതിയിട്ടുള്ളത്. 50 ലക്ഷം രൂപ ആവശ്യപ്പെട്ട യുവാവിനോട് തന്റെ പോക്കറ്റില്‍ 1,000 രൂപ മാത്രമേ ഉള്ളൂവെന്നും കൂടുതല്‍ തുക നല്‍കണമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നും പറഞ്ഞു. ആലോചിക്കാനും മറ്റുമായി അഞ്ചു മിനിറ്റ് സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ വിളിക്കാന്‍ യുവാവ് അനുവദിച്ചു. ഉന്നത ഉദ്യോഗസ്ഥനോട് സംസാരിക്കുകയാണെന്ന വ്യാജേന ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥരോട് മാനേജര്‍ സംഭവങ്ങള്‍ വിശദീകരിച്ചു. മറ്റു ഉദ്യോഗസ്ഥര്‍ പോലിസിനെ വിളിച്ചു. 50 മീറ്റര്‍ ദൂരത്തില്‍ തന്നെ പോലിസ്‌സ്റ്റേഷന്‍ ഉള്ളതിനാല്‍ ഉടനെതന്നെ എസ്‌ഐ പി എച്ച് സമീഷ്, വി എന്‍ രാജന്‍, എഎസ്‌ഐ സുരേഷ്, കെ കെ രാജേഷ്, എം സുകേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലിസ് സംഘം പ്രതിയെ പിടികൂടി. കടബാധ്യതയെ തുടര്‍ന്നാണ് പ്രതി പണം തട്ടാന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു. ബാങ്കില്‍നിന്ന് പണം തട്ടാന്‍ തയ്യാറാക്കിയപോലെ ഒരു പ്രമുഖ ജ്വല്ലറിയിലെത്തി പണം തട്ടാനായി തയ്യാറാക്കിയ കത്തും പ്രതി ബാഗില്‍ കരുതിയിരുന്നു. ഈ കത്തും പോലിസിനു കിട്ടിയിട്ടുണ്ട്. വ്യാജ ബോംബ് നിര്‍മാണത്തിനും മറ്റുമായി ഒരു മാസം സമയമെടുത്തതായി ഇയാള്‍ പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക