|    Dec 17 Mon, 2018 9:09 am
FLASH NEWS
Home   >  Sports  >  Football  >  

കളിക്കളം മറക്കില്ല ഈ പേരുകള്‍

Published : 6th June 2018 | Posted By: vishnu vis

മുജീബ് പുള്ളിച്ചോല

കാല്‍പ്പന്തു മൈതാനത്ത് ഇന്ദ്രജാലം തീര്‍ത്ത കളിക്കളത്തിലെ ഈ ഹീറോകളെ ഫുട്‌ബോള്‍ ലോകം ഒരിക്കലും മറക്കില്ല. ലോക ഫുട്‌ബോള്‍ റഷ്യയിലെത്തുമ്പോഴും കാലില്‍ പന്ത് കൊണ്ട് ചരിത്രം രചിച്ച പ്രതിഭകളെ ഇന്നും ഫുട്‌ബോള്‍ പ്രേമികള്‍ ഓര്‍മ്മിച്ചെടുക്കും. ജര്‍മന്‍ ടീമിന്റെ കുന്തമുനയായിരുന്ന ലോതര്‍ മത്തേവൂസ്, ഇറ്റലിയുടെ കാവല്‍ക്കാരന്‍ ദിനോ സോഫ് എന്നീ രണ്ടു കളിക്കാരെ ഓര്‍ത്തെടുക്കുകയാണിവിടെ.

ഗോള്‍ വലക്ക് മുന്നിലെ ഇതിഹാസം
1956, ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലന്റെ പ്രധാന പരിശീലകര്‍ ചേര്‍ന്ന് പുതു തലമുറ താരങ്ങളെ റിക്രൂട്ട് ചെയ്യുന്ന ഒരു ദിവസം. കീപ്പിങ് ഗ്ലൗ നെഞ്ചോടടക്കിപ്പിടിച്ചു നില്‍ക്കുന്നു ഒരു പയ്യന്‍. ഇറ്റലിയുടെ ദേശീയ ടീമിന്റെ ഗോള്‍ വല കാക്കാന്‍ ഒരിക്കല്‍ തനിക്കു കഴിയും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പയ്യന്‍. എന്നാല്‍ അവന് സെലക്ഷന്‍ കിട്ടിയില്ല. പിന്നീട് അവന്‍ യുവന്റസ് എന്ന മറ്റൊരു ക്ലബ്ബിന്റെ റിക്രൂട്ടിലും പങ്കെടുത്തു. യുവന്റെസും അവനെ പറഞ്ഞു വിട്ടു. രണ്ടിടത്തും പേരു വെട്ടാന്‍ ഒരേ കാരണം, ആവശ്യത്തിന് പൊക്കമില്ല. വെറും 1.49 മീറ്റര്‍ മാത്രം. ദിനോ എന്ന ആ പയ്യന്‍ തിരിച്ചു വീട്ടില്‍ പോയി. കര്‍ഷകരാണ് അച്ഛനും അമ്മയും. ഇനിയെന്ത് ? അച്ഛനും അമ്മയ്ക്കുമൊപ്പം കൃഷിയിടത്തിലേക്കു പോകാം. ഒരുപക്ഷേ, അതു തന്നെ അവന്റെ ജീവിതമാര്‍ഗമാകാനും മതി. എന്നാല്‍ മുത്തശ്ശി ആശ്വസിപ്പിച്ചു. നീ ശ്രമിക്ക്. നിന്റെ സ്വപ്‌നങ്ങള്‍ ഫലിക്കും. നല്ല പോഷകാഹാരം നല്‍കി കൊച്ചുമകന് ഉയരം വയ്പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് ഈ മുത്തശ്ശി. അഞ്ച് വര്‍ഷത്തിനു ശേഷം 1.82 മീറ്റര്‍ ഉയരക്കാരനായി അവന്‍. മോട്ടോര്‍ മെക്കാനിക്കിന്റെ ജോലിക്കൊപ്പം പ്രാദേശിക ക്ലബിനു വേണ്ടി വലകാക്കുന്ന താരത്തില്‍ ഇറ്റലിയിലെ മറ്റൊരു വന്‍ ക്ലബായ ഉഡിനെസ് നോട്ടമിട്ടു. ഇറ്റാലിയന്‍ ലീഗില്‍ അവന്‍ അരങ്ങേറി. ദിനോ സോഫെന്ന അതികായന്റെ, പ്രയാണം അവിടെ തുടങ്ങുന്നു. ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം, ചരിത്രത്തിലെ ഏറ്റവും മികച്ച കീപ്പര്‍മാരുടെ പട്ടികയില്‍ ലെവ് യാഷിനും ഗോര്‍ഡന്‍ ബാങ്ക്‌സിനും പിന്നില്‍ മൂന്നാമന്‍, ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ ആറ് ലീഗ് കിരീടങ്ങള്‍ക്കും ഒരു യുവേഫാ കപ്പിന്റെയും അവകാശി. ഇങ്ങനെ നേട്ടങ്ങള്‍ കൊയ്ത ദിനോ സോഫ്. തിരിച്ചടികളെ പ്രചോദനങ്ങളാക്കി മാറ്റിയുള്ള കഠിനാധ്വാനം അതായിരുന്നു ദിനോയുടെ മുഖമുദ്ര. 1968 ല്‍ ഇറ്റലിക്കു വേണ്ടി അരങ്ങേറ്റം. എന്നാല്‍ 1970 ലെ ലോകകപ്പ് ഇലവനില്‍ ഇടംകണ്ടെത്താന്‍ ദിനോയ്ക്കായില്ല. നിരാശനാകാതെ പരിശ്രമം തുടര്‍ന്ന ദിനോ പിന്നീട് ഇറ്റലിയുടെ തന്നെ തലവര മാറ്റിയെഴുതി. 74,78 വര്‍ഷങ്ങളില്‍ ലോകകപ്പില്‍ ടീമിന്റെ വലകാത്ത ദിനോ ഒരവസരത്തിനായി കാത്തിരുന്നു. അങ്ങനെ 1982 ലെ ലോകകപ്പില്‍ നാല്‍പ്പതാം വയസില്‍ ലോക കിരീടം ദിനോ ഉയര്‍ത്തിപ്പിടിച്ചു. ഏറ്റവും കൂടുതല്‍ സമയം ഗോള്‍ വഴങ്ങാതെ നിന്ന കീപ്പറെന്ന റെക്കോഡ് ഇന്നും സോഫിന്റെ കൈയില്‍ ഭദ്രം. 1972 മുതല്‍ 1974 കാലം വരെ വിവിധ മല്‍സരങ്ങളിലായി 1142 മിനിറ്റാണ് സോഫിന്റെ കൈകള്‍ ചോരാതെ നിന്നത്.

വേഗതകൊണ്ട് ചരിത്രം രചിച്ചവന്‍
വേഗത കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു ലോതര്‍ മത്തേവൂസ്. ജര്‍മന്‍  ടീമിന്റെ മധ്യനിരയില്‍  കാറ്റു പോലെ വീശിയടിച്ചു കൊണ്ടിരുന്ന കളിക്കാരന്‍. വേഗതയായിരുന്നു മത്തേവൂസിന്റെ ആയുധം. വിങ്ങില്‍ ഓവര്‍ലാപ്പു ചെയ്തു കുതിക്കുന്ന മത്തേവൂസ് രണ്ടു പതിറ്റാണ്ടു കാലം ജര്‍മന്‍ ഫുട്‌ബോളിന്റെ മുഖചിത്രമായിരുന്നു. സ്വീപ്പര്‍ ബാക്ക്, മിഡ്ഫീല്‍ഡ് പൊസിഷനുകളില്‍ മിന്നിത്തിളങ്ങിയ മത്തേവൂസിന്റെ പേരില്‍ ഒരു റെക്കോര്‍ഡുമുണ്ട്. ഏറ്റവും കൂടുതല്‍ ലോകകപ്പ് മല്‍സരങ്ങളില്‍ ബൂട്ടുകെട്ടിയവനെന്ന പെരുമ. 1982, 86, 1990, 94, 98 ലോകകപ്പുകളിലായി മത്തേവൂസ് കളിച്ചത് 25 മല്‍സരങ്ങള്‍. 90ല്‍ ടീമിന് കിരീടം നേടിക്കൊടുക്കാനും ഈ ബെര്‍ലിന്‍കാരന് കഴിഞ്ഞു.1982ല്‍ ചിലിക്കെതിരായ കളിയിലൂടെയായിരുന്നു മത്തേവൂസ് ലോകകപ്പ് കളത്തില്‍ കാലെടുത്തുവച്ചത്. ജര്‍മ്മനി 4-1ന് ജയിച്ച കളിയില്‍ പകരക്കാരന്റെ റോളില്‍ താരമിറങ്ങി. സ്‌പെയിന്‍ അരങ്ങൊരുക്കിയ ആ ലോകകപ്പിലെ ഒരു മല്‍സരത്തില്‍ക്കൂടി പകരക്കാരന്റെ വേഷത്തില്‍ മത്തേവൂസ് കളിച്ചു. 84ല്‍ സൂപ്പര്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയ മത്തേവൂസ് അവിടെ രണ്ടു വര്‍ഷം കൊണ്ട്  നായകനും നിര്‍ണായക താരവുമായി മാറിക്കഴിഞ്ഞിരുന്നു. 86ലെ മെക്‌സിക്കോ ലോകകപ്പില്‍ മത്തേവൂസ് ഇല്ലാത്ത ടീമിനെക്കുറിച്ച് ചിന്തിക്കാന്‍ ജര്‍മ്മനിക്ക് കഴിയുമായിരുന്നില്ല. ആദ്യ റൗണ്ടുകള്‍ ആധികാരികമാക്കാന്‍ ജര്‍മനിക്കായില്ല. എങ്കിലും അവര്‍ പ്രയാണം തുടര്‍ന്നു. പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയുടെ വലയില്‍ പന്തെത്തിച്ച മത്തേവൂസായിരുന്നു ജര്‍മനിയുടെ വിജയശില്‍പ്പി. മെക്‌സിക്കോയെയും ഫ്രാന്‍സിനോയും വീഴ്ത്തി ടീം  ഫൈനലില്‍ ഇടംഉറപ്പിക്കുകയും ചെയ്തു. അര്‍ജന്റീനയുമായുള്ള കലാശക്കളിയില്‍ സാക്ഷാല്‍ ഡീഗോ മറഡോണയെ പൂട്ടാന്‍ മത്തേവൂസ് നിയോഗിക്കപ്പെട്ടു. പക്ഷേ, ചെറു ചലനങ്ങളിലൂടെപ്പോലും പ്രതിരോധനിരയെ ഛിന്നഭിന്നമാക്കിയ ഡീഗോ മത്തേവൂസിനെയും ജര്‍മനിയെയും തോല്‍പ്പിച്ച് കിരീടം അര്‍ജന്റീനക്ക് സമ്മാനിച്ചു. 90ല്‍ മത്തേവൂസ് ഏല്ലാത്തിനും കണക്കുതീര്‍ക്കുക തന്നെചെയ്തു. നാലു ഗോളുകള്‍ കുറിച്ച അദ്ദേഹം ജര്‍മനിയെ കലാശക്കളത്തില്‍ എത്തിച്ചു. വീണ്ടും മുന്നില്‍ മറഡോണയുടെ അര്‍ജന്റീന. ഇത്തവണ ജര്‍മനിയെ തടയാന്‍ ഡീഗോ ട്രിക്കുകള്‍ക്കായില്ല. ആന്ദ്രിയാസ് ബ്രെമെയുടെ ഗോളില്‍ ജര്‍മനി മധുരപ്രതികാരംവീട്ടി. 98ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ മത്തേവൂസ് കളിക്കാനുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍ മത്യാസ് സാമറിന്റെ പരിക്ക് ലോതറിന് ടീമില്‍ ഇടം നേടിക്കൊടുത്തു. ഒടുവില്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയ്ക്ക് മുന്നില്‍ ജര്‍മനി മുട്ടുകുത്തുമ്പോഴേക്കും 25 ലോകകപ്പ് മല്‍സരങ്ങളെന്ന അതുല്യ സംഖ്യയില്‍ മത്തേവൂസ് എത്തിച്ചേര്‍ന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss