|    Jul 22 Sat, 2017 4:20 pm
FLASH NEWS

കളമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഭൂമി വാങ്ങാനുള്ള നീക്കം വിവാദമാകുന്നു

Published : 15th July 2017 | Posted By: fsq

 

കളമശ്ശേരി: സര്‍വീസ് സഹകരണ ബാങ്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഭൂമി വാങ്ങിക്കാനുള്ള നീക്കം വിവാദമാകുന്നു. 13 അംഗ ഭരണസമിതിയില്‍ എട്ടോളം പേര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ബാങ്ക് അധികൃതര്‍ക്കു നല്‍കി. ഭൂമി വാങ്ങാനുള്ള നീക്കം വിവാദമായതോടെ കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വങ്ങള്‍ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയം കാണാതെവന്നതോടെ വിവാദം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് എത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഡയറക്ടര്‍ ബോര്‍ഡിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗം ഇന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ വിളിച്ചതായാണ് അറിയുന്നത്. പ്രമുഖ ദിനപത്രത്തില്‍ പരസ്യം നല്‍കിയായിരുന്നു സര്‍വീസ് സഹകരണ ഭൂമി വാങ്ങല്‍ സംബന്ധിച്ച് പരസ്യം ചെയ്തത്. ഇതിനെത്തുടര്‍ന്ന് കൂനംതൈ ഭാഗത്ത് ഭൂമി നല്‍കാമെന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ആദ്യം രംഗത്തെത്തി. തുടര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞാണ് മറ്റൊരു ഭൂമിയിടപാടുമായി സഹകരണബാങ്ക് രംഗത്തെത്തിയത്. ഈ ഭൂമി ഇടപാടില്‍ ഇടനിലക്കാരായി നില്‍ക്കുന്നത് ബാങ്ക് ഭരണസമിതിയിലെ രണ്ടംഗങ്ങളുടെ ബന്ധുക്കളാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഭൂമി വാങ്ങുന്നതിന് മൂന്നംഗസമിതിയെ ആണ് ചുമതലപ്പെടുത്തിയതെങ്കിലും ഘടകകക്ഷി അംഗത്തെ ഒഴിവാക്കി സമിതിയിലില്ലാത്ത മറ്റൊരു അംഗം കൂടിയാണ് ഇപ്പോള്‍ വാങ്ങിക്കാന്‍ പോവുന്ന സ്ഥലം നോക്കാന്‍ പോയതെന്നും ആരോപണം ഉണ്ട്. ഒന്‍പതുകോടി 25ലക്ഷംരൂപ മുടക്കി ഇപ്പോള്‍ ഭൂമി വാങ്ങുന്നത് ബാങ്കിന്റെ നിലനില്‍പിന് തന്നെ ഗുരുതരമായി ബാധിക്കുമെന്ന് വിയോജനക്കുറിപ്പില്‍ ഒപ്പിട്ട അംഗങ്ങള്‍ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ ഈ ആഴ്ച നടക്കേണ്ട ഡയറക്ടര്‍ ബോര്‍ഡ് യോഗവും കൂടാന്‍ കഴിഞ്ഞിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക