|    Nov 21 Wed, 2018 5:06 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കളനാശിനി ഉപയോഗത്തെത്തുടര്‍ന്ന് കാന്‍സര്‍; മോണ്‍സാന്റോയ്ക്ക് 29 കോടി ഡോളര്‍ പിഴ

Published : 12th August 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: കളനാശിനി കാന്‍സറിനു കാരണമായെന്ന കേസില്‍ കാര്‍ഷിക വ്യവസായ ഭീമനായ മോണ്‍സാന്റോയ്ക്ക് യുഎസ് കോടതി 29 കോടി ഡോളര്‍ (2000 കോടി രൂപ) പിഴ ചുമത്തി. കളനാശിനി ഉപയോഗത്തെത്തുടര്‍ന്ന് കാന്‍സര്‍ ബാധിച്ചെന്ന കാലഫോര്‍ണിയ സ്വദേശി ഡെവൈന്‍ ജോണ്‍സന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മോണ്‍സാന്റോയുടെ കളനാശിനികളായ റൗണ്ട് അപ്, റേഞ്ചര്‍ പ്രോ എന്നിവയിലെ ഗ്ലൈഫോസേറ്റ് എന്ന രാസവസ്തു കാന്‍സറിനു കാരണമായെന്ന ജോണ്‍സന്റെ വാദം കാലഫോര്‍ണിയ കോടതി അംഗീകരിക്കുകയായിരുന്നു. മോണ്‍സാന്റോ ഉല്‍പന്നങ്ങളില്‍ അവയുടെ അപകടസാധ്യത സംബന്ധിച്ച മുന്നറിയിപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
നോണ്‍ ഹോഡ്ഗ്കിന്‍സ് ലിംഫോമ വിഭാഗത്തില്‍പ്പെടുന്ന രക്താര്‍ബുധമാണ് 45കാരനായ ഡെവൈന്‍ ജോണ്‍സനെ ബാധിച്ചിട്ടുള്ളത്. 2014ലാണ് രോഗബാധ തിരിച്ചറിഞ്ഞത്. കാലഫോര്‍ണിയയിലെ ബെനിസിയയിലെ സ്‌കൂളില്‍ തോട്ടം പരിപാലകനായ ജോണ്‍സണ്‍ പതിവായി റേജര്‍ പ്രോയെന്ന കളനാശിനി ഉപയോഗിക്കാറുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഉല്‍പന്നത്തിന്റെ പാക്കേജിങ്ങിലെ പിഴവിനും ദോഷഫലം സംബന്ധിച്ച മുന്നറിയിപ്പു നല്‍കുന്നതിലുണ്ടായ വീഴ്ചയ്ക്കും മോണ്‍സാന്റോ ഉത്തരവാദിയാണെന്നു കണ്ടാണ് പിഴ ഈടാക്കാന്‍ കോടതി ഉത്തരവിട്ടതെന്നു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പിഴ തുകയില്‍ 3.9 കോടി ഡോളര്‍ ജോണ്‍സണിന് നഷ്ടപരിഹാരമായി നല്‍കും. 25 കോടി ഡോളര്‍ കമ്പനിക്കെതിരായ ശിക്ഷാ നടപടിയെന്ന നിലയിലാണ് ഈടാക്കുക.
തന്റെ അഭിഭാഷകര്‍ക്കും ഭാര്യ അറാസെലിക്കും രണ്ടു മക്കള്‍ക്കും നന്ദി പറയുന്നതായി വിധിക്കു ശേഷം ജോണ്‍സണ്‍ പ്രതികരിച്ചു. തന്റെ അനുഭവം മറ്റുള്ളവര്‍ക്കുള്ള പാഠമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചികില്‍സയുടെ ഭാഗമായി ജോണ്‍സണ്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
കുറ്റം നിഷേധിച്ച മോണ്‍സാന്റോ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു. വിധികര്‍ത്താവിനു തെറ്റുപറ്റിയെന്നാണ് മോണ്‍സാന്റോ വൈസ് പ്രസിഡന്റ് സ്‌കോട്ട് പാര്‍ട്രിജ് പറയുന്നത്. ജോണ്‍സന്റെ കാന്‍സറിനു കാരണം ഗ്ലൈഫോസേറ്റ് അല്ലെന്നാണ് കമ്പനിയുടെ വാദം. ഗ്ലൈഫോസേറ്റ് കാന്‍സര്‍ ഉണ്ടാക്കില്ലെന്നതിന് തെളിവുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. എട്ടാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസില്‍ കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. ഗ്ലൈഫോസേറ്റ് കാന്‍സറിനു കാരണമാവുമെന്നു കാണിച്ചുള്ള ആദ്യ കേസാണിത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss