|    Oct 15 Mon, 2018 6:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കളങ്കിതന്‍ തലപ്പത്ത് : പാറ്റൂര്‍, തച്ചങ്കരി കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ അവധിയില്‍ ; വിജിലന്‍സിലെ അതൃപ്തി മറനീക്കി പുറത്തേക്ക്

Published : 20th June 2017 | Posted By: fsq

 

തിരുവനന്തപുരം: അച്ചടക്കനടപടി നേരിട്ട ഉദ്യോഗസ്ഥനെ വീണ്ടും വിജിലന്‍സ് പ്രത്യേക സംഘത്തിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നതിലുള്ള ഉദ്യോഗസ്ഥരുടെ അതൃപ്തി മറനീക്കി പുറത്തേക്ക്. വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട്ടുകള്‍ തിരുത്തിയതുള്‍പ്പെടെ അഞ്ചുതവണ അച്ചടക്ക നടപടി നേരിട്ട ബി അശോകന്റെ നിയമനമാണ് വിവാദമായത്. നിയമനത്തില്‍ പ്രതിഷേധിച്ച് പാറ്റൂര്‍, തച്ചങ്കരി കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ ഡിവൈഎസ്പി നന്ദനന്‍പിള്ള അവധിയില്‍ പോയി. പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയായിരിക്കെ രണ്ടാഴ്ച മുമ്പാണ് തിരുവനന്തപുരം പൂജപ്പുരയിലുള്ള വിജിലന്‍സ് ആ ന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ്-1ല്‍ എസ്പിയായി അശോകനെ നിയമിച്ച് ഉത്തരവിറങ്ങിയത്. ആര്‍ സുകേശന്‍ വിരമിച്ച ഒഴിവിലായിരുന്നു നിയമനം. ഏറ്റവുമധികം കേസുകള്‍ അന്വേഷിക്കുന്ന വിജിലന്‍സിലെ വലിയ അന്വേഷണ വിഭാഗമാണിത്. ബാര്‍കോഴ കേസിന് പുറമേ പ്രമാദമായ പാറ്റൂര്‍, ടൈറ്റാനിയം, തച്ചങ്കരിക്കെതിരായ അഴിമതി കേസ് തുടങ്ങിയവയും ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി കേസുകളും ഈ യൂനിറ്റാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ബി അശോകന്‍ വിജിലന്‍സ് പ്രത്യേക സംഘം ഒന്നിന്റെ തലവനായി ചുമതലയേറ്റു. ഇതിനുപിന്നാലെ ഡിവൈഎസ്പി നന്ദനന്‍പിള്ള അവധിയിലും പ്രവേശിച്ചു. മുമ്പ് ഇദ്ദേഹം അന്വേഷിച്ച നല്‍കിയ റിപോര്‍ട്ടിലും അശോകന്‍ തിരുത്തലുകള്‍ വരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അശോകന് കീഴില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് നന്ദനന്‍പിള്ള സര്‍ക്കാരിന് കത്തും നല്‍കി. ഇതേ യൂനിറ്റില്‍ മുമ്പ് എസ്പിയായിരിക്കെ ഡിവൈഎസ്പിമാരുടെ അന്വേഷണ റിപോര്‍ട്ടുകള്‍ തിരുത്തിയതിന് അച്ചടക്കനടപടി നേരിട്ടയാളാണ് ബി അശോകന്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ക്രമക്കേടുകളിലും വെള്ളയമ്പലം എസ്‌സി-എസ്ടി ഹോസ്റ്റല്‍ ക്രമക്കേടുകളിലും അന്വേഷണം നടത്തി ഡിവൈഎസ്പി നന്ദനന്‍പിള്ള നല്‍കിയ റിപോര്‍ട്ട് തിരുത്തിയെന്നതായിരുന്നു പരാതി. ഇതുകൂടാതെ മുന്‍മന്ത്രി എം എ കുട്ടപ്പനെതിരായ പരാതി അന്വേഷിച്ച ഡിവൈഎസ്പി രവിയുടെ റിപോര്‍ട്ടും അശോകന്‍ തിരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ പരാതികളില്‍ അന്വേഷണം നടത്തിയ ഇന്റലിജന്‍സ് എസ്പി അശോകനെതിരേ കേസെടുക്കാനും ശുപാര്‍ശ ചെയ്തു. അന്വേഷണ റിപോര്‍ട്ടുകളില്‍ സ്ഥിരമായി തിരുത്തലുകള്‍ നടത്താറുള്ള ഉദ്യോഗസ്ഥനെന്ന് അന്നത്തെ വിജിലന്‍സ് എഡിജിപി ശങ്കര്‍ റെഡ്ഡിയും ആഭ്യന്തരവകുപ്പിന് റിപോര്‍ട്ടു നല്‍കി. ഇതേത്തുടര്‍ന്ന്, അശോകന്റെ രണ്ട് ഇന്‍ക്രിമെന്റുകളും റദ്ദാക്കി. അച്ചടക്ക നടപടികളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ അശോകനെ ഐപിഎസിനും ശുപാര്‍ശ ചെയ്തില്ല. എന്നാല്‍, എല്‍ഡിഎഫുമായി അടുത്ത ബന്ധമുള്ള അശോകന് ഈ സര്‍ക്കാരിന്റെ കാലത്താണ് ഐപിഎസ് ലഭിക്കാനായി മികച്ച പ്രവര്‍ത്തനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അച്ചടക്ക നടപടി നേരിടേണ്ടിവന്ന അശോകനെ വിജിലന്‍സ് കേസുകളുടെ മേല്‍നോട്ട ചുമതല നല്‍കിയതിനോട് യോജിക്കാനാവില്ലെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. ഇക്കാര്യത്തിലുള്ള അതൃപ്തി ബന്ധപ്പെട്ടവരെ അറിയിച്ചു. വിവാദമായ കേസുകള്‍ പരിഗണിക്കുന്ന യൂനിറ്റിലേക്ക് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ നിയമിച്ചതിലൂടെ കേസുകള്‍ അട്ടിമറിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss