|    Dec 11 Tue, 2018 4:31 pm
FLASH NEWS

കളംനിറഞ്ഞ് ജയില്‍ അന്തേവാസികള്‍; ഒടുവില്‍ കീഴടങ്ങി

Published : 26th April 2018 | Posted By: kasim kzm

കണ്ണൂര്‍: കണ്ണഞ്ചിപ്പിക്കുന്ന സ്മാഷിനൊപ്പം ആരാധകരുടെ ആവേശവും ആരവവുമായി കണ്ണൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാന ജേണലിസ്റ്റ് വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് കോര്‍പറേഷന്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികളും കണ്ണൂര്‍ പ്രസ്‌ക്ലബ് ടീമും തമ്മിലായിരുന്നു ആദ്യത്തെ സൗഹൃദ മല്‍സരം. കരുത്തുറ്റ സര്‍വുകളും സ്മാഷുകളും ബ്ലോക്കുകളും കണ്ട വീറും വാശിയും നിറഞ്ഞ മല്‍സരത്തില്‍ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് പ്രസ്‌ക്ലബ് ടീം തടവുകാരുടെ ടീമിനെ കീഴ്‌പ്പെടുത്തി.
സ്‌കോര്‍: (25-19), (23-25), (26-25), (25-14). കരിങ്കുന്നം സിക്‌സസ് എന്ന സിനിമ പോലെ ആയിരുന്നു ജവഹര്‍ ഫഌഡ്‌ലിറ്റ് സ്‌റ്റേഡിയം ഇന്നലെ. ജയിലില്‍ മാത്രം കളിച്ച് ശീലിച്ച തടവുകാരുടെ ടീം ചുവന്ന ജഴ്‌സുമായി പുറത്തിറങ്ങി. ശിക്ഷാ തടവുകാരും റിമാന്‍ഡ് തടവുകാരും ഉള്‍പ്പെടെ 12 പേര്‍ ടീമില്‍ ഉണ്ടായിരുന്നു.
കതിരൂര്‍ സ്വദേശി വിക്രമന്‍ ആയിരുന്നു ക്യാപ്റ്റന്‍. ബിജു പരവത്ത് പ്രസ്‌ക്ലബ് ടീമിനെ നയിച്ചു. തോറ്റെങ്കിലും കളം നിറഞ്ഞു കളിച്ച് പ്രഫഷനലിസമുള്ള ടീമായി മാറി ജയില്‍ ടീം. കോര്‍ട്ടില്‍ മിന്നലാക്രമണങ്ങളും ഉറച്ച പ്രതിരോധവും തീര്‍ക്കുന്ന മുന്‍ ഇന്റര്‍നാഷനല്‍ താരം കിഷോര്‍കുമാറിന്റെ ശിക്ഷണത്തിലാണ് ജയില്‍ ടീം പന്തുമായി പുറത്തിറങ്ങിയത്. മികച്ച പരിശീലനത്തിന്റെ ഫലം കളത്തില്‍ ദൃശ്യമായി. പിഴക്കാത്ത നീക്കങ്ങള്‍ നടത്തിയ ജയില്‍ അന്തേവാസികള്‍ മിന്നും സെര്‍വുകള്‍ ചെയ്തും പന്ത് അണ്ടര്‍ ഹാന്റിലൂടെ ലിഫ്റ്റ് ചെയ്തും അസൈന്‍ ചെയ്തും കൈയടി നേടി. ശക്തമായ സ്മാഷിലൂടെ പോയിന്റുകള്‍ വാരിക്കൂട്ടി. ഒടുവില്‍ പൊരുതി കളിച്ചാണു അവര്‍ കളംവിട്ടത്.
വിക്രമന്‍, സുധീര്‍, മനോജ്, സനല്‍, അമീര്‍, സനല്‍, ഷാഹുല്‍ ഹമീദ്, ശ്രീലങ്കന്‍ സ്വദേശി പത്മനാഭന്‍, ഷാനവാസ്, അനീഷ്, റിജു, ഷിബിന്‍, ബിജേഷ് എന്നിവര്‍ ജയില്‍ ടീമിനായി കളത്തിലിറങ്ങി. ബിജു പരവത്ത്, ഷമീര്‍ ഊര്‍പള്ളി, രാജേഷ് കുമാര്‍, ഒ പി ഷാനവാസ്, റെനീഷ് മാത്യു, കമല്‍ കുമാര്‍, ബാലകൃഷ്ണന്‍, കെ വിജേഷ്, നിതിന്‍ കുമാര്‍, സ്വാലിഹ് എന്നിവര്‍ പ്രസ്‌ക്ലബ്ബിനും വേണ്ടി ജഴ്‌സിയണിഞ്ഞു. ഇന്റര്‍നാഷനല്‍ റഫറി അരുണാചലം, റഫറിമാരായ രാജീവന്‍, വിനോദ് കുമാര്‍, രത്‌നാകരന്‍ എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു. ചാംപ്യന്‍ഷിപ് പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയര്‍മാനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒ കെ വിനീഷ് അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ഖജാഞ്ചി സിജി ഉലഹന്നാന്‍, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സിപിഐ നേതാവ് സി പി മുരളി, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി കെ സനോജ്, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ചാക്കോ ജോസഫ്, കിഷോര്‍കുമാര്‍, പി ഷാഹിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നേരത്തെ എക്‌സൈസ് വകുപ്പും കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍ ടീമും തമ്മില്‍ പ്രദര്‍ശന മല്‍സരം അരങ്ങേറി.
ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് ടൗണ്‍ സ്‌ക്വയര്‍ ടീം വിജയിച്ചു. ഇന്നു വൈകീട്ട് വനിതാ വോളിബോളില്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനും ഏറ്റുമുട്ടും. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ പ്രസ്‌ക്ലബ് ടീമുകളുടെ മല്‍സരം അരങ്ങേറും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss