|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കല ഫാഷിസ്റ്റുകളെ ഭയപ്പെടുത്തുന്നു: നന്ദിതാദാസ്

Published : 13th November 2018 | Posted By: kasim kzm

മരകൊല്‍ക്കത്ത: കല ഫാഷിസ്റ്റുകളെ ഭയപ്പെടുത്തുന്നുണ്ട്. അല്ലെങ്കില്‍ ഒരിക്കലും അവര്‍ തിരിച്ച് ആക്രമിക്കുകയില്ലെന്ന് അഭിനേത്രിയും സംവിധായികയുമായ നന്ദിതാദാസ്. ”കല നിരന്തരമായി ആക്രമിക്കപ്പെടുന്നു എന്നതും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി നാം പോരാടിക്കൊണ്ടേയിരിക്കുന്നു എന്നതും അര്‍ഥമാക്കുന്നത് കലയ്ക്കു സമൂഹത്തില്‍ ഒരു വലിയ പങ്കുണ്ട് എന്നതു തന്നെയാണ്.
കലാകാരന്‍മാര്‍ നിരന്തരമായി ജാതി, മതവിശ്വാസം, മതം, നിറം എന്നിവയുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ആര്‍ട്ടിസ്റ്റുകള്‍ പോലും സ്വയം സെന്‍സറിങ് ചെയ്യുന്നുണ്ട്. ഇതൊരു അപകടകരമായ സമയമാണ്. കലാകാരന്മാര്‍ വേണ്ടത്ര ഒന്നിച്ചു നില്‍ക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. സഫ്ദര്‍ ഹശ്മി കൊല്ലപ്പെട്ടപ്പോള്‍ അതിനെ തുടര്‍ന്ന് കലാകാരന്മാര്‍ ഒന്നിച്ചു തെരുവിലിറങ്ങി. അങ്ങനെയൊരു അവസ്ഥ നമ്മളില്‍ ആര്‍ക്കും വരാവുന്ന ഒരു കാലത്താണ് ജീവിക്കുന്നതെന്നു മനസ്സിലാക്കാന്‍, സഫ്ദര്‍ ഹശ്മിയും ഗൗരി ലങ്കേഷുമൊക്കെ അവരുടെ ജീവന്‍ കളയുന്നത്രയും സമയം നമ്മള്‍ കാത്തിരിക്കേണ്ടതില്ല. തീര്‍ച്ചയായും നമ്മള്‍ കരുത്തരാവേണ്ടതുണ്ട്. പക്ഷേ നമുക്ക് രക്തസാക്ഷികള്‍ വേണ്ട”- നന്ദിത കൂട്ടിച്ചേര്‍ക്കുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രം ‘മന്റോ’യുമായി കൊല്‍ക്കത്ത ചലച്ചിത്രമേളയില്‍ എത്തിയ നന്ദിതാദാസ് ഇക്കാലത്ത് കലാകാരന്മാര്‍ക്കു നേരെയുണ്ടാവുന്ന അതിക്രമത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
”എന്തിനാണ് രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയെ അവര്‍ നിരോധിക്കുന്നത്? എന്തിനാണ് ഒരു പുസ്തകം അവര്‍ നിരോധിക്കുന്നത്? എന്തിനാണ് അവര്‍ ഒരാളുടെ ചിത്രരചനയില്‍ വിലക്കേര്‍പ്പെടുത്തുന്നത്”- നന്ദിതാദാസ് ചോദിച്ചു.
തന്റെ പുതിയ ചിത്രം ‘മന്റോ’യെക്കുറിച്ചു സംസാരിച്ചതിനൊപ്പം തന്നെ ‘മീ ടൂ’ മൂവ്‌മെന്റിനെ കുറിച്ചുള്ള നിലപാടും നന്ദിത വ്യക്തമാക്കി. നന്ദിതയുടെ ചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss